Connect with us

From the print

"അയോധ്യാ ലഡു' വിൽപ്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്‌ഷൻ അതോറിറ്റിയാണ് പിഴചുമത്തിയത്.

Published

|

Last Updated

ന്യൂഡൽഹി | അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദം എന്ന പേരിൽ ലഡുവും പേഡയും വിൽപ്പന നടത്താൻ അനുവദിച്ചതിന് ആമസോൺ സെല്ലർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന് ഒരു ലക്ഷം രൂപ പിഴചുമത്തി. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്‌ഷൻ അതോറിറ്റിയാണ് പിഴചുമത്തിയത്. രാമക്ഷേത്ര ട്രസ്റ്റിന്റെ അനുമതിയില്ലാതെയാണ് മധുരപലഹാരങ്ങൾ പ്രസാദമെന്ന പേരിൽ വിൽപ്പന നടത്തിയതെന്ന് കണ്ടെത്തിയാണ് നടപടി.

സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്‌ഷൻ അതോറിറ്റി ചീഫ് കമ്മീഷണർ നിധി ഖരെയും കമ്മീഷണർ അനുപം മിശ്രയുമാണ് ഈ മാസം നാലിന് ഉത്തരവ് പുറപ്പെടുവിച്ചത്. പിഴ 15 ദിവസത്തിനകം അടയ്ക്കാനാണ് നിർദേശം.

2024 ജനുവരിയിൽ കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്‌സ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. “ബിഹാർ ബ്രദേഴ്‌സ്’ എന്ന ബ്രാൻഡിൽ ചന്ദു ട്രേഡിംഗ് കമ്പനി വിൽപ്പന നടത്തിയ മൂന്ന് തരം ലഡു, പശുവിൻ പാലിൽ നിന്നുള്ള പേഡ എന്നിവക്ക് എതിരെയായിരുന്നു പരാതി. ഉത്പന്നങ്ങളുടെ പരസ്യത്തിൽ മതചിഹ്നങ്ങൾ ഉപയോഗിക്കുകയും ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ അനുഗ്രഹം ലഭിച്ചവയാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. ചേരുവകളുടെ ഭാഗത്ത് ‘രാമക്ഷേത്ര പ്രസാദ്’ എന്നും രേഖപ്പെടുത്തിയിരുന്നു.

അനുമതിയില്ലാതെ ഉത്പന്നങ്ങൾക്ക് ഈ പേര് ഉപയോഗിക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം, തെറ്റിദ്ധരിപ്പിക്കുന്ന വ്യാപാര രീതിയാണെന്നും കോടിക്കണക്കിന് ഉപഭോക്താക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും അതോറിറ്റി വ്യക്തമാക്കി.

തങ്ങൾ ഇടനിലക്കാർ മാത്രമാണെന്നും മൂന്നാം കക്ഷി വിൽപ്പനക്കാരുടെ ഉത്പന്നങ്ങളുടെ ഉത്തരവാദിത്വം തങ്ങൾക്കില്ലെന്നുമായിരുന്നു ആമസോണിന്റെ വാദം. ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ 79ാം വകുപ്പ് പ്രകാരമുള്ള “സേഫ് ഹാർബർ’ പരിരക്ഷയും ആമസോൺ ഉന്നയിച്ചു. ഈ വാദങ്ങൾ കൺസ്യൂമർ പ്രൊട്ടക്‌ഷൻ അതോറിറ്റി അംഗീകരിച്ചില്ല.

Content Highlights:
The CCPA fined Amazon Seller Services 1 lakh rupees for selling sweets falsely labeled as Ayodhya Ram Temple prasad without trust approval. The action followed a CAIT complaint regarding misleading claims that hurt religious sentiments. The authority rejected Amazon’s third-party immunity plea.

Latest