Connect with us

Ongoing News

അബൂദബി-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം വൈകി; ദുരിതത്തിലായി യാത്രക്കാര്‍

ഇന്നലെ രാത്രി 11.40 ന് അബൂദബിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വിമാനമാണ് വൈകിയത്.

Published

|

Last Updated

അബൂദബി | യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇന്നലെ രാത്രി 11.40 ന് അബൂദബിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വിമാനമാണ് വൈകിയത്. 150 ലധികം യാത്രക്കാരാണ് നാട്ടിലേക്ക് മടങ്ങാനായി അബൂദബി വിമാനത്താവളത്തില്‍ എത്തിയിരുന്നത്. ഇതില്‍ റസിഡന്‍സ് വിസക്കാരെ വിമാനത്താവളത്തിന് പുറത്തേക്കയച്ചും അറുപതോളം സന്ദര്‍ശക വിസക്കാരെ വിമാനത്താവളത്തിന് അകത്ത് ഇരുത്തിയുമാണ് അധികൃതര്‍ തിരക്ക് കുറച്ചത്.

ഇന്നലെ രാത്രി ഒമ്പതോടെ പുറപ്പെടേണ്ട വിമാനത്തിന്റെ സമയം 11.40 ലേക്ക് മാറ്റിയതായി ഒരു ദിവസം മുമ്പ് അറിയിപ്പ് നല്‍കിയിരുന്നു. ഇതനുസരിച്ച് എട്ടുമണിക്ക് യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. അപ്പോഴാണ് സമയം മൂന്ന് മണിയിലേക്ക് മാറ്റിയെന്ന് അറിയിച്ചത്. തുടര്‍ന്ന്, യാത്രക്കാര്‍ മണിക്കൂറുകളോളം കാത്തുനിന്നു. മൂന്ന് മണിക്ക് ശേഷവും കാത്തിരിപ്പ് തുടരേണ്ടി വന്നപ്പോള്‍ യാത്രക്കാര്‍ കാരണം അന്വേഷിച്ചു. എയര്‍ ഇന്ത്യ അധികൃതരുടെ ഭാഗത്തു നിന്ന് വ്യക്തമായ മറുപടി ലഭിക്കാതിരുന്നതിനാല്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു.

പിന്നീട് ഇന്ന് രാത്രി 7.45 ന് വിമാനം പുറപ്പെടുമെന്നാണ് എയര്‍ ഇന്ത്യ അവസാനം അറിയിച്ചിരിക്കുന്നത്. ചികിത്സ ആവശ്യമുള്ളവരും മരണ വിവരമറിഞ്ഞ് പോകുന്നവരും ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരുമെല്ലാം യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. നിലവില്‍ നേരിട്ട സാങ്കേതിക പ്രശ്നമോ, തടസമോ എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. സമയക്രമം പാലിക്കാതെ യാത്രക്കാരെ വലയ്ക്കുന്നത് തുടരുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്.

Latest