Connect with us

Editorial

നീതിപീഠത്തില്‍ ആരതി സാഠെയും

ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവവും തീര്‍ത്തും നീതിയിലധിഷ്ഠിതമായ നിലപാടും നിലനില്‍ക്കണമെങ്കില്‍ ഭരണകക്ഷി വിധേയത്വമുള്ളവരെ നീതിപീഠങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തേണ്ടതുണ്ട്.

Published

|

Last Updated

ഡ്വ. ആരതി സാഠെയെ ബോംബെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയത്തിന്റെ ശിപാര്‍ശ വിവാദമായിരിക്കുകയാണ്. ബി ജെ പി വക്താവും പാര്‍ട്ടിയുടെ മുംബൈ ലീഗല്‍ സെല്‍ മേധാവിയുമായിരുന്നു ആരതി സാഠെ. ഭരണകക്ഷിക്കു വേണ്ടി പരസ്യമായി പ്രവര്‍ത്തിക്കുകയും അതിന്റെ നേതൃസ്ഥാനത്തേക്ക് ഉയരുകയും ചെയ്ത ഒരു വ്യക്തിയെ ജഡ്ജിയായി നിയമിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയെ ബാധിക്കുമെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തു വരികയും ലോക്‌സഭയില്‍ ആരതിയുടെ നിയമനത്തിനെതിരെ അടിയന്തര പ്രമേയം അവതരിപ്പിക്കുകയുമുണ്ടായി.

ജനാധിപത്യത്തിനേറ്റ കനത്ത പ്രഹരമെന്നാണ് ഈ നിയമനത്തെക്കുറിച്ച് എന്‍ സി പി ശരദ് പവാര്‍ വിഭാഗം നേതാവ് രോഹിത് പവാര്‍ സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചത്. രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു വ്യക്തിയുടെ വിധിന്യായങ്ങളെ അയാള്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയം സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. പൊതുവേദിയില്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്കു വേണ്ടി പ്രസംഗിക്കുകയും വാദിക്കുകയും ചെയ്ത ഒരു വ്യക്തി ന്യായാധിപ പീഠത്തില്‍ ഇരിക്കുമ്പോള്‍ എങ്ങനെയാണ് നീതി ഉറപ്പാക്കുക? നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയും വിശ്വാസ്യതയും നിലനിര്‍ത്താന്‍ ആരതിയുടെ നിയമനം റദ്ദാക്കണമെന്ന് രോഹിത് പവാര്‍ ആവശ്യപ്പെടുന്നു. 2023-24 കാലയളവിലാണ് ആരതി സാഠെ ബി ജെ പിയുടെ ഔദ്യോഗിക പദവികള്‍ വഹിച്ചത്.

അതേസമയം പാര്‍ട്ടി വക്താവ് സ്ഥാനത്ത് നിന്ന് ആരതി രാജി വെച്ചിരിക്കെ ജഡ്ജിയായി നിയമിക്കുന്നതില്‍ അപാകതയില്ലെന്നാണ് ബി ജെ പിയുടെ വാദം. 2024 ജനുവരി ആറിന് അന്നത്തെ മഹാരാഷ്ട്ര ബി ജെ പി പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവന്‍ കുലെ, പാര്‍ട്ടി മുംബൈ പ്രസിഡന്റ് ആശിഷ് ഷെലോറി എന്നിവര്‍ക്ക് ആരതി രാജിക്കത്ത് നല്‍കിയതായി ബി ജെ പി നേതൃത്വം പറയുന്നു. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള കൊളീജിയം ജൂലൈ 28നു ചേര്‍ന്ന യോഗമാണ് ബോംബെ ഹൈക്കോടതിയിലെ മറ്റു രണ്ട് മുതിര്‍ന്ന അഭിഭാഷകര്‍ക്കൊപ്പം ആരതിയെ ജഡ്ജിയായി ഉയര്‍ത്താന്‍ ശിപാര്‍ശ ചെയ്തത്.

കേന്ദ്ര ഭരണ കക്ഷിയുടെ വക്താക്കളായി അറിയപ്പെട്ട നിയമജ്ഞരെ കൊളീജിയം ജഡ്ജിമാരായി നിയമിക്കുന്നത് ഇതാദ്യമല്ല. 2023ല്‍ ബി ജെ പി തമിഴ്‌നാട് വനിതാ നേതാവും കുപ്രസിദ്ധ വിദ്വേഷ പ്രസംഗകയുമായ ലക്ഷ്മണചന്ദ്ര വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീഷനല്‍ ജഡ്ജിയായി നിയമിച്ച കൊളീജിയം നടപടി വന്‍വിവാദമായിരുന്നു. ഈ നിയമനത്തെ ഹൈക്കോടതിയിലെ അഭിഭാഷകര്‍ തന്നെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. എന്നാല്‍ ജഡ്ജി നിയമനത്തില്‍ ഇടപെടാനാകില്ലെന്നു പറഞ്ഞ് സുപ്രീം കോടതി ഹരജി തള്ളുകയാണു ണ്ടായത്. അന്നത്തെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വിക്ടോറിയ ഗൗരിയുടെ നിയമനത്തെ ന്യായീകരിക്കുകയും ചെയ്തു.

ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ന്യായീകരണം ശരിയല്ലെന്നും ഭരണകക്ഷി വിധേയത്വം ജഡ്ജിമാരുടെ നിലപാടുകളെയും വിധിന്യായങ്ങളെയും സ്വാധീനിക്കാറുണ്ടെന്നും പ്രശാന്ത് ഭൂഷനെ പോലുള്ള പ്രമുഖ നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരു ദശകത്തിലേറെയായി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനും നിഷ്പക്ഷതക്കും ഇടിവ് സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും നീതിബോധത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനു പകരം, സര്‍ക്കാറിന്റെ താത്പര്യം സംരക്ഷിക്കുന്ന നിലപാടാണ് പല ജഡ്ജിമാരിലും കണ്ടുവരുന്നതെന്ന് ജൂലൈ 21ന് ബെംഗളൂരുവില്‍ ആള്‍ ഇന്ത്യ ലോയേഴ്‌സ് അസ്സോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് (എ ഐ എല്‍ എ) സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രശാന്ത് ഭൂഷന്‍ വ്യക്തമാക്കി.

രാജ്യദ്രോഹക്കുറ്റവും യു എ പി എയും ചുമത്തി ആക്ടിവിസ്റ്റുകളെയും സര്‍ക്കാറിന്റെ വിമര്‍ശകരെയും ഏറെ നാള്‍ ജയിലില്‍ അടക്കുന്നു, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും വിവേചനപരമായ നിലപാടുകളിലും ജുഡീഷ്യറി നിശബ്ദത പുലര്‍ത്തുന്നു എന്നതൊക്കെ ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു.
2008ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള എന്‍ ഐ എ കോടതി വിധി ജുഡീഷ്യറിയുടെ ഭരണകൂട വിധേയത്വമായി ആരോപിക്കപ്പെടുന്നുണ്ട്. “ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനുമേറ്റ പ്രഹരവും നീതിയുടെ മരണവു’മെന്നാണ് ഈ വിധി പ്രസ്താവത്തെ ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ബി ജി കോള്‍സെ പാട്ടീല്‍ വിശേഷിപ്പിച്ചത്. ഭരണകക്ഷി താത്പര്യങ്ങളോടും ഹിന്ദുത്വ നിലപാടുകളോടും കൂറ് കാണിക്കുന്ന വിധിന്യായങ്ങള്‍ ജുഡീഷ്യറിയില്‍ നിന്ന് വേറെയും ധാരാളമുണ്ടായിട്ടുണ്ട്.

സിഖ് മതസ്ഥര്‍ക്ക് എയര്‍പോര്‍ട്ടിലും മറ്റു പൊതുയിടങ്ങളിലും അവരുടെ മതാചാരമായ കൃപാണ്‍ അനുവദിച്ചു കൊണ്ടുള്ള കോടതി വിധിവന്ന അതേ ഘട്ടത്തില്‍ തന്നെയായിരുന്നു ഹിജാബ് നിരോധം ഏര്‍പ്പെടുത്തിയ കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചതെന്നത് ശ്രദ്ധേയമാണ്. ന്യായാധിപന്മാരുടെ രാഷ്ട്രീയ വിധേയത്വവും ഹിന്ദുത്വയോടുള്ള ആഭിമുഖ്യവുമാണ് ഇതില്‍ നിന്നെല്ലാം വായിച്ചെടുക്കാനാകുന്നത്. ജഡ്ജിമാരുടെ നിയമനത്തിന് കേന്ദ്രം ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപവത്കരിച്ചപ്പോള്‍, ജഡ്ജി നിയമനം സര്‍ക്കാറിനു കീഴിലുള്ള കമ്മീഷന് വിട്ടുകൊടുക്കുന്നത് ഭരണകക്ഷിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര കാഴ്ചപ്പാടുള്ളവരുടെ നിയമനത്തിന് ഇടവരുത്തുകയും ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ ബാധിക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി, കമ്മീഷന്‍ നിയമനം തള്ളിയത്. കൊളീജിയവും അതേ നിലപാടിലേക്കാണ് നീങ്ങുന്നതെങ്കില്‍ എന്താണ് രണ്ടും തമ്മില്‍ വ്യത്യാസം? ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവവും തീര്‍ത്തും നീതിയിലധിഷ്ഠിതമായ നിലപാടും നിലനില്‍ക്കണമെങ്കില്‍ ഭരണകക്ഷി വിധേയത്വമുള്ളവരെ നീതിപീഠങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തേണ്ടതുണ്ട്.

 

---- facebook comment plugin here -----

Latest