Connect with us

National

കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് എ എ പി; എത്രത്തോളം പ്രായോഗികമാകുമെന്ന ചര്‍ച്ച സജീവം

പൊതു സേവകനായതിനാല്‍ അദ്ദേഹത്തിനെ കേന്ദ്രം പദവിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയോ നീക്കം ചെയ്യുകയോ വേണ്ടിവരുമെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍.

Published

|

Last Updated

ന്യൂഡല്‍ഹി | അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിലിരുന്ന് ഭരിക്കുമെന്നും ആം ആദ്മി പാര്‍ട്ടി. ‘കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയാണ്, അങ്ങനെത്തന്നെ തുടരുകയും ചെയ്യും. അതില്‍ യാതൊരു സംശയവുമില്ല.’-ഡല്‍ഹി സര്‍ക്കാറിലെ പ്രമുഖരില്‍ നമ്പര്‍ 2 ആയ എ എ പി വക്താവ് അതിഷി അസന്നിഗ്ധമായി വ്യക്തമാക്കി. മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്ത് മിനുട്ടുകള്‍ക്കകമായിരുന്നു അതിഷിയുടെ പ്രതികരണം. ആവശ്യമാണെങ്കില്‍ അദ്ദേഹം ജയിലിലിരുന്ന് പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് അതിഷി പറഞ്ഞു. ‘അങ്ങനെ ചെയ്യുന്നതില്‍ നിന്ന് കെജ് രിവാളിനെ തടയാന്‍ ഒരു നിയമത്തിനും കഴിയില്ല. അദ്ദേഹത്തെ കുറ്റവാളിയാക്കിയിട്ടില്ല.’- അതിഷി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് അധികാരത്തിലിരിക്കേ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്‌രിവാള്‍. ജയിലില്‍ നിന്ന് മുഖ്യമന്ത്രിയായി തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഭരണഘടനാ പ്രതിസന്ധിക്കിടയാക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കാലിത്തീറ്റ കുംഭകോണ കേസില്‍ ബിഹാറിലെ അന്നത്തെ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് അറസ്റ്റിലായപ്പോള്‍ തന്റെ ചുമതലകള്‍ അദ്ദേഹം ഭാര്യ റാബ്രി ദേവിയെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ജനുവരിയില്‍ ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ചതിനു ശേഷമായിരുന്നു ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഭൂമി അഴിമതി കേസില്‍ ഇ ഡി കസ്റ്റഡിയിലെടുത്തത്.

കെജ്‌രിവാള്‍ രാജിവെക്കാതിരുന്നാല്‍ ഉരുത്തിരിയുന്ന സാഹചര്യം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിച്ചു വരികയാണ്. പൊതു സേവകനായതിനാല്‍ അദ്ദേഹത്തിനെ കേന്ദ്രം പദവിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയോ നീക്കം ചെയ്യുകയോ വേണ്ടിവരുമെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍. സര്‍ക്കാറിന് നേതൃത്വം നല്‍കുന്നവര്‍ അറസ്റ്റ് ചെയ്യപ്പെട്ടാലുള്ള പിന്തുടരുന്ന നടപടിക്രമം ഇതാണ്. ജയിലില്‍ നിന്ന് മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കുകയെന്ന കീഴ് വഴക്കമില്ലെന്നാണ് കെജ്‌രിവാളിനെ പാര്‍പ്പിക്കാന്‍ സാധ്യതയുള്ള തിഹാര്‍ ജയിലിലെ ഉന്നത വൃത്തങ്ങള്‍ ഒരു ദേശീയ മാധ്യമത്തോട് സൂചിപ്പിച്ചത്. ജയില്‍ മാന്വലില്‍ അങ്ങനെയൊരു കാര്യം സൂചിപ്പിച്ചിട്ടില്ലെന്നും മാന്വലിന് അനുസരിച്ചാകും എല്ലാ കാര്യങ്ങളും നടത്തുകയെന്നും ജയില്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇന്നലെ രാത്രിയാണ് അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് തടയാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാന്‍ ഇ ഡി അദ്ദേഹത്തിന്റെ വീട്ടിലെത്തുകയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. 12 ഉദ്യോഗസ്ഥരടങ്ങുന്ന ഇ ഡി സംഘമാണ് കെജ്‌രിവാളിന്റെ വീട്ടിലെത്തിയത്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഒമ്പത് തവണ സമന്‍സ് അയച്ചിട്ടും കെജ്‌രിവാള്‍ ഇ ഡി ക്ക് മുന്നില്‍ ഹാജരായിരുന്നില്ല.

ഡല്‍ഹി ജല ബോര്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലും ഇ ഡി അയച്ച സമന്‍സ് കെജ്‌രിവാള്‍ തള്ളിയിരുന്നു. നേരത്തെ ബി ആര്‍ എസ് നേതാവ് കെ കവിതയെ മദ്യനയ കേസില്‍ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. കവിതയെ അറസ്റ്റ് ചെയ്ത് ഒരാഴ്ച തികയുന്നതിന് മുമ്പാണ് കെജ്‌രിവാളിന്റെ അറസ്റ്റ്.

 

Latest