Connect with us

Kerala

'പരാതിയില്‍ കഴമ്പുണ്ട്, ഓഫീസിന് പറ്റിയ പിഴവാണത്'; ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പരാതിയില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍

സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക, സാമൂഹിക പരിഗണന ലഭിക്കുന്നില്ലെന്ന് ചുള്ളിക്കാട് പറഞ്ഞതായി മന്ത്രി അറിയിച്ചു

Published

|

Last Updated

തിരുവനന്തപുരം |  കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ അപമാനിച്ചു എന്ന കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. സംഭവത്തില്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് ഖേദം അറിയിച്ചു. സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക, സാമൂഹിക പരിഗണന ലഭിക്കുന്നില്ലെന്ന് ചുള്ളിക്കാട് പറഞ്ഞതായി മന്ത്രി അറിയിച്ചു. ‘പൈസയുടെ വിഷയമല്ല അദ്ദേഹം ഉന്നയിച്ചത്. ഓഫീസിനു പറ്റിയ പിഴവാണത്. അദ്ദേഹം പറഞ്ഞതില്‍ കാര്യമുണ്ട്. ഉന്നയിച്ച കാര്യം ഉള്‍ക്കൊള്ളുന്നു. ഒരു ഉത്സവങ്ങള്‍ക്കും സാമ്പത്തിക പരിമിതിയില്ല. ആവശ്യമുള്ള പണം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എല്ലാ സാംസ്‌കാരിക സ്ഥാപനങ്ങളും വരുമാനം കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

സാഹിത്യ അക്കാദമി സംഘടിപ്പിച്ച ‘അന്താരാഷ്ട്ര സാഹിത്യോത്സവ’ത്തില്‍ കുറഞ്ഞ പ്രതിഫലം നല്‍കിയതിനെ വിമര്‍ശിച്ചാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് സാമൂഹിക മാധ്യമത്തില്‍ കുറിപ്പിട്ടത്. 3500 രൂപ ടാക്സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമാണെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് കുറിച്ചു. അക്കാദമി ക്ഷണിച്ചത് അനുസരിച്ച് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാനാണ് ചുള്ളിക്കാട് എത്തിയത്. എന്റെ വില എന്ന തലക്കെട്ടില്‍ പങ്കുവച്ച കുറിപ്പിലാണ് ചുള്ളിക്കാട് ഇക്കാര്യം വെളിപ്പെടുത്തുന്നത്.