Editors Pick
ആകർഷകമായ മാറ്റങ്ങളോടെ Mahindra Thar OG വിപണിയിൽ; വിലയും ഫീച്ചറുകളും അറിയാം
10.32 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം ആരംഭ വില
ന്യൂഡൽഹി | പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര തങ്ങളുടെ ഐക്കണിക് ഓഫ റോഡർ വാഹനമായ ഥാറിന്റെ പുതിയ പതിപ്പായ മഹീന്ദ്ര ഥാർ ഒ ജി (Mahindra Thar OG) വിപണിയിൽ പുറത്തിറക്കി. 10.32 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം ആരംഭ വില. ആകർഷകമായ ഡിസൈൻ മാറ്റങ്ങൾ, കൂടുതൽ ഫീച്ചറുകൾ, മെച്ചപ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങൾ, ഉയർന്ന പെർഫോമൻസ് എന്നിവയോടെയാണ് പുതിയ പതിപ്പ് എത്തുന്നത്. പുതിയ മോഡലിലും തുടക്ക വിലയിൽ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഡിസൈനിൽ വരുത്തിയ പ്രധാന മാറ്റങ്ങൾ
തങ്ങളുടെ ഐക്കണിക് സ്റ്റൈലിംഗ് നിലനിർത്തിക്കൊണ്ട് തന്നെ പുത്തൻ ലുക്കിലാണ് ഥാർ ഒ ജി എത്തുന്നത്. വലിയ ഥാർ റോക്സിൽ (Thar Roxx) നൽകിയിട്ടുള്ള എൽ ഇ ഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ ഇതിലും ഉൾപ്പെടുത്തിയിട്ടുണ്ട്. വലതുവശത്ത് ‘Thar’ ബ്രാൻഡിംഗോട് കൂടിയ പുതിയ ഗ്രില്ലാണ് നൽകിയിരിക്കുന്നത്. ഫോഗ് ലാമ്പുകൾ ഫെൻഡറിലേക്ക് മാറ്റുകയും അവയിൽ എൽ ഇ ഡി സാങ്കേതികവിദ്യ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

മുൻവശത്തെ ബമ്പർ പുനർരൂപകൽപ്പന ചെയ്ത് സിൽവർ, ബ്ലാക്ക് എലമെന്റുകൾ അടങ്ങിയ ലെയർഡ് ലുക്ക് നൽകി. വശങ്ങളിൽ 19 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ നൽകിയിട്ടുണ്ട്. പിൻഭാഗത്ത് മെലിഞ്ഞ എൽ ഇ ഡി ടെയിൽ ലാമ്പുകളും പുതിയ ബമ്പറും ക്രമീകരിച്ചിരിക്കുന്നു. ടെയിൽഗേറ്റിൽ ഘടിപ്പിച്ച സ്പെയർ വീലിനും പുതിയ ഡിസൈൻ നൽകിയിട്ടുണ്ട്. എവറസ്റ്റ് വൈറ്റ്, ടാംഗോ റെഡ്, സ്റ്റെൽത്ത് ബ്ലാക്ക്, ബാറ്റിൽഷിപ്പ് ഗ്രേ, ഗാലക്സി ഗ്രേ, ഡീപ്പ് ഫോറസ്റ്റ് എന്നിവയ്ക്ക് പുറമേ ആർടെമിസ് സിൽവർ, ജീൻസ് ബ്ലൂ എന്നീ രണ്ട് പുതിയ കളർ ഓപ്ഷനുകളും ലഭ്യമാണ്.
ഉൾവശത്തെ ഫീച്ചറുകൾ
ബ്രൗൺ ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി നൽകി ക്യാബിൻ കൂടുതൽ പ്രീമിയമാക്കിയിട്ടുണ്ട്. അപ്‌റൈറ്റ് ഡാഷ്‌ബോർഡ്, ത്രീ സ്‌പോക്ക് സ്‌റ്റിയറിംഗ് വീൽ, സർക്കുലർ എ സി വെന്റുകൾ, സെന്റർ കൺസോളിലെ ടോഗിൾ സ്വിച്ചുകൾ എന്നിവ തുടർന്നും നൽകിയിട്ടുണ്ട്. പിൻസീറ്റ് യാത്രക്കാർക്കായി ഇരുവശത്തും കപ്പ് ഹോൾഡറുകളോട് കൂടിയ ആംറെസ്റ്റുകൾ ഉൾപ്പെടുത്തി.

സാന്റ്, സ്നോ, മഡ് എന്നീ ഡ്രൈവ് മോഡുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട്, വയർലെസ് ചാർജർ എന്നിവയാണ് പുതിയ ഫീച്ചറുകൾ. ഇതോടൊപ്പം ക്രൂയിസ് കൺട്രോൾ, മാന്വൽ എ സി, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, പവർ അഡ്ജസ്റ്റബിൾ ഒ ആർ വി എം, 6 സ്പീക്കർ സൗണ്ട് സിസ്റ്റം, മാന്വൽ ഡേ നൈറ്റ് ഐ ആർ വി എം എന്നിവയും ഇതിലുണ്ട്.
സുരക്ഷയും എഞ്ചിൻ കരുത്തും
6 എയർബാഗുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഓൾ വീൽ ഡിസ്ക് ബ്രേക്കുകൾ എന്നിവ നൽകി സുരക്ഷ കൂടുതൽ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇ എസ് പി (ESP), റിയർ പാർക്കിംഗ് സെൻസറുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, റിയർ വ്യൂ ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഹിൽ ഡിസെന്റ് കൺട്രോൾ എന്നിവയും ഇതിലുണ്ട്.

1.5 ലീറ്റർ ഡീസൽ, 2.2 ലീറ്റർ ഡീസൽ, 2.0 ലീറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകുന്നത്. 1.5 ലീറ്റർ ഡീസൽ എഞ്ചിൻ 119 പി എസ് കരുത്തും 300 എൻ എം ടോർക്കും നൽകും (6 സ്പീഡ് മാന്വൽ, ആർ ഡബ്ല്യു ഡി). 2.2 ലീറ്റർ ഡീസൽ എഞ്ചിൻ 152 പി എസ് കരുത്തും 330 എൻ എം ടോർക്കും ഉൽപ്പാദിപ്പിക്കും (6 സ്പീഡ് മാന്വൽ / 6 സ്പീഡ് ഓട്ടോമാറ്റിക്, ഫോർ ഡബ്ല്യു ഡി / ആർ ഡബ്ല്യു ഡി). 2.0 ലീറ്റർ ടർബോ പെട്രോൾ എഞ്ചിൻ 162 പി എസ് കരുത്തും 330 എൻ എം ടോർക്കും വാഗ്ദാനം ചെയ്യുന്നു (6 സ്പീഡ് മാന്വൽ / 6 സ്പീഡ് ഓട്ടോമാറ്റിക്, ഫോർ ഡബ്ല്യു ഡി / ആർ ഡബ്ല്യു ഡി). ആദ്യമായാണ് വലിയ ഡീസൽ എഞ്ചിൻ റിയർ വീൽ ഡ്രൈവ് (RWD) ഓപ്ഷനിലും നൽകുന്നത്.
ഡാവിഞ്ചി ഫ്രീക്വൻസി ഡിപൻഡന്റ് ഡാമ്പറുകളോട് (DaVinci Frequency Dependent Dampers) കൂടിയ മെച്ചപ്പെടുത്തിയ സസ്പെൻഷൻ സജ്ജീകരണവും പുതിയ ഇലക്ട്രിക് പവർ സ്റ്റിയറിംഗും (EPS) ഡ്രൈവിംഗ് കൂടുതൽ സുഗമമാക്കുന്നു. ബ്രേക്ക് ലോക്കിംഗ് ഡിഫറൻഷ്യൽ (BLD), ഓട്ടോമാറ്റിക് ഹബ് ലോക്കുകൾ, ഇലക്ട്രോണിക് ലോക്കിംഗ് ഡിഫറൻഷ്യൽ (EDL) എന്നീ ഓഫ റോഡ് ഫീച്ചറുകളും ഇതിലുണ്ട്.
വില വിവരങ്ങൾ
എക്സ് ഷോറൂം വിലകൾ ചുവടെ നൽകുന്നു (എല്ലാ വിലകളും ഇൻട്രൊഡക്റ്ററി അടിസ്ഥാനത്തിലാണ്):
- 1.5L Diesel (RWD Manual): AXT – Rs 10.32 lakh | LXT – Rs 12.99 lakh | ZXT – Rs 13.99 lakh
- 2.0L Turbo-Petrol (4WD Manual): LXT – Rs 15.60 lakh | ZXT – Rs 16.60 lakh
- 2.0L Turbo-Petrol (RWD Auto): LXT – Rs 14.77 lakh | ZXT – Rs 16.09 lakh
- 2.0L Turbo-Petrol (4WD Auto): LXT – Rs 17.23 lakh | ZXT – Rs 17.45 lakh
- 2.2L Diesel (RWD Auto): LXT – Rs 16.49 lakh | ZXT – Rs 17.49 lakh
- 2.2L Diesel (4WD Manual): LXT – Rs 16.43 lakh | ZXT – Rs 17.49 lakh
- 2.2L Diesel (4WD Auto): LXT – Rs 18.00 lakh | ZXT – Rs 18.99 lakh
ഫോഴ്സ് ഗൂർഖ, മാരുതി സുസൂക്കി ജിംനി എന്നിവയാണ് ഈ കാറിന്റെ പ്രധാന എതിരാളികൾ.
Content Highlights
Mahindra has launched the 2026 Thar OG in India with a starting price of Rs 10.32 lakh (ex-showroom). The updated SUV gets refreshed exterior styling, LED projector headlamps, 6 airbags, EPS, and upgraded suspension. It is available in 1.5L diesel, 2.2L diesel, and 2.0L turbo-petrol engine options with RWD and 4WD choices.



