Connect with us

Articles

കാവിവത്കരിക്കപ്പെടുന്ന പാഠ്യപദ്ധതി

Published

|

Last Updated

1999 മുതല്‍ 2004 വരെ അധികാരത്തിലിരുന്ന എ ബി വാജ്്പയിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാറില്‍ മുരളി മനോഹര്‍ ജോഷി മാനവവിഭവശേഷി വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണ് എന്‍ സി ഇ ആര്‍ ടിയുടെ സാമൂഹിക ശാസ്ത്ര പാഠപുസ്തകങ്ങളാകെ കാവിവത്കരിക്കപ്പെട്ടത്. വലിയ വിമര്‍ശത്തിന് വിധേയമായ ഈ പുസ്തകങ്ങള്‍, പില്‍ക്കാലത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ യു പി എ അധികാരത്തിലെത്തിയ ശേഷമാണ് കാവിമുക്തമാക്കിയത്. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ പ്രതിനിധാനം ചെയ്യുകയും ചരിത്രത്തെ സംക്ഷിപ്തവും സമഗ്രവുമായി പ്രതിപാദിക്കുകയും ചെയ്യുന്ന ഇവയെ കാവിവത്കരിക്കാനുള്ള ശ്രമം വീണ്ടും സജീവമാകുകയാണ്. വിദ്യാര്‍ഥികളെ ഹിന്ദുത്വ അജന്‍ഡയിലേക്ക് ആകര്‍ഷിക്കാനുതകും വിധത്തില്‍, ഏകപക്ഷീയമായ പരിഷ്‌കാരത്തിനാണ് ശ്രമം. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍ എസ് എസ്) നിയന്ത്രണത്തിലുള്ള വിദ്യാഭാരതി സ്‌കൂളുകളിലെ പാഠ്യപദ്ധതിക്ക് തുല്യമായി എന്‍ സി ഇ ആര്‍ ടി സിലബസ്സിനെ മാറ്റുക എന്നതാണ് ലക്ഷ്യം. വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് സാമൂഹികശാസ്ത്ര പുസ്തകങ്ങളാണ് മുഖ്യമായും കാവിവത്കരിക്കപ്പെട്ടതെങ്കില്‍ ഇക്കുറി മൊത്തം പാഠ്യപദ്ധതിയെ കാവിയില്‍ മുക്കുക എന്നതാണ് ഉദ്ദേശ്യം.
സര്‍വകലാശാലകളിലെ പുസ്തകങ്ങളെ ഈ വിധത്തില്‍ മാറ്റുന്നതിനുള്ള ശ്രമം യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ (യു ജി സി) കാര്‍മികത്വത്തില്‍ നേരത്തേ തന്നെ ആരംഭിച്ചിട്ടുണ്ട്. കോളജുകളിലെ ചരിത്ര പാഠം ഏതാണ്ട് പരിഷ്‌കരിച്ച് കഴിഞ്ഞു. പില്‍ക്കാലത്ത് ഇന്ത്യന്‍ യൂനിയനായി മാറിയ പ്രദേശങ്ങളില്‍ വലിയൊരളവ് രണ്ട് നൂറ്റാണ്ടിലേറെക്കാലം ഭരിച്ച മുഗള്‍ വംശത്തിന്റെ പ്രസക്തിയെ ഏതാണ്ട് അപ്രസക്തമാക്കുകയോ ആ ഭരണകാലം ഹിന്ദു ബിംബങ്ങളിലേല്‍പ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്ന പ്രഹരങ്ങളെ വലുതാക്കിക്കാണിക്കുകയോ ചെയ്യുന്നതാണ് മാറ്റങ്ങളില്‍ പ്രധാനം. മുഗള്‍ വംശത്തിന്റെ വരവിനെ അധിനിവേശമെന്ന് വിശേഷിപ്പിക്കുന്ന യു ജി സി പാഠം, ഈസ്റ്റ് ഇന്ത്യാ കമ്പനിയിലൂടെ ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയെ കീഴടക്കിയതിനെ അതിര്‍ത്തി വിപുലീകരണം മാത്രമായാണ് കാണുന്നത്. രാജ്യത്തെ മുഖ്യധാരാ വിദ്യാഭ്യാസ രീതി ബ്രിട്ടീഷ് ആധിപത്യകാലത്ത് ആരംഭിച്ചതും അതിന്റെ സ്വാധീനത്തില്‍ തുടരുന്നതുമാണെന്ന വിമര്‍ശം ആര്‍ എസ് എസ് നിലനിര്‍ത്തുമ്പോള്‍ തന്നെയാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി നടത്തിയ അധിനിവേശത്തെ, ബ്രിട്ടീഷ് രാജാധികാരത്തിന്റെ അതിര്‍ത്തി വ്യാപിപ്പിക്കല്‍ മാത്രമായി “കാവിപ്പുസ്തകം” വ്യവഹരിക്കുന്നത്.

രാജ്യത്ത് ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായം ആരംഭിക്കുന്നതിലും അത് വ്യാപിപ്പിക്കുന്നതിലും, ഭരണനിര്‍വഹണത്തിന്റെ സൗകര്യത്തിന് വേണ്ടിയാണെങ്കിലും, ബ്രിട്ടീഷ് അധികാരികള്‍ എടുത്ത മുന്‍കൈ പ്രധാനമാണ്. അതിനൊപ്പം ജനതയെ ഭിന്നിപ്പിച്ചും സമ്പത്ത് കൊള്ളയടിച്ചും ഇന്ത്യന്‍ ഭൂപ്രദേശത്തെ നാശത്തിലേക്ക് നയിക്കുന്നതിലും അവര്‍ മുമ്പന്തിയില്‍ നിന്നു. എല്ലാ രാജവംശങ്ങളെയും പോലെ ഏകാധിപത്യ സ്വഭാവവും ആക്രമണോത്സുകതയും അടിച്ചമര്‍ത്തൽ ത്വരയും പുലര്‍ത്തിയിരുന്നുവെങ്കിലും രാജ്യത്തെ സമ്പത്ത് കൊള്ളയടിച്ച് മറ്റെങ്ങോട്ടെങ്കിലും കൊണ്ടുപോയിട്ടില്ല മുഗളന്‍മാര്‍. ഭരണകാലത്ത് പല പരിഷ്‌കാരങ്ങള്‍ക്കും തുടക്കമിട്ടിട്ടുമുണ്ട്. ജനങ്ങളെ വേര്‍തിരിച്ചു നിര്‍ത്തിയ ചില തീരുമാനങ്ങള്‍ തിരുത്തിയ ചരിത്രവും അവരുടേതായുണ്ട്. പ്രാദേശിക ഭരണകൂടങ്ങളെന്ന സങ്കല്‍പ്പത്തിന് തുടക്കമിട്ടതും മുഗള്‍ ഭരണമാണ്. അങ്ങനെ പലത്. ഇത്തരം വസ്തുതകളെ നിരാകരിക്കുകയും തികഞ്ഞ അധിനിവിഷ്ട ശക്തികളായി അവരെ ചിത്രീകരിക്കുകയും ചെയ്യുക എന്നതാണ് യു ജി സിയുടെ പാഠ്യപദ്ധതി. അതേസമയം, രാജ്യത്തിന്റെ സമ്പത്തില്‍ മാത്രം കണ്ണുവെച്ച് കച്ചവടത്തിന്റെ മറവില്‍ അധിനിവേശം നടത്തിയ ശക്തിയെ അതിര്‍ത്തി വിപുലീകരണത്തിന് ശ്രമിച്ചവരായി ചിത്രീകരിക്കുകയും. അങ്ങനെ ചിത്രീകരിക്കുമ്പോള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നടന്ന ഇതിഹാസ സമാനമായ സമരത്തിന്റെ അടിസ്ഥാനം സ്വയം ചോദ്യംചെയ്യുന്നതിന് തുല്യമാണെന്ന തോന്നല്‍ പോലും യു ജി സി നിയോഗിച്ച വിദഗ്ധര്‍ക്കുണ്ടായില്ല!

ഏതാണ്ട് സമാനമായ പദ്ധതിയാണ് എന്‍ സി ഇ ആര്‍ ടിയിലും നടക്കാന്‍ പോകുന്നത്. വിദ്യാഭാരതി സ്‌കൂളുകളിലേതിന് സമാനമായ ഹിന്ദുത്വ രാഷ്ട്രീയ ചിഹ്നങ്ങളാല്‍ സമ്പന്നവും രാമായണ – മഹാഭാരത കഥകളെ അധികരിക്കുന്നതുമൊക്കെയായ പാഠ്യപദ്ധതിയിലേക്ക് കൊണ്ടുവരിക എന്നതാകും ലക്ഷ്യം. ഇതിലേക്കായി കേരളത്തിലെയും ഗുജറാത്തിലെയും ചരിത്ര പാഠപുസ്തകങ്ങള്‍ തമ്മിലുള്ള താരതമ്യ പഠനം ഇതിനകം നടത്തിക്കഴിഞ്ഞിട്ടുണ്ട്. “ആര്‍ഷ ഭാരത” സംസ്‌കാരത്തെ വേണ്ടുംവിധം പ്രതിനിധാനം ചെയ്യാത്ത, മുഗളന്മാരടക്കം മുസ്‌ലിം ഭരണകര്‍ത്താക്കളുടെ ചരിത്രം ഭേദപ്പെട്ട നിലക്ക് പരാമര്‍ശിക്കുന്ന, നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന, ജാതിവ്യവസ്ഥക്കെതിരായ പോരാട്ടത്തിന്റെ പ്രസക്തി വിളിച്ചോതുന്ന കേരളത്തിന്റെ പുസ്തകത്തേക്കാള്‍ അവര്‍ക്ക് യോഗ്യമായി തോന്നുന്നത് ഗുജറാത്തിന്റെ പാഠമാണ്. വര്‍ണാശ്രമധര്‍മത്തിന്റെ പ്രസക്തി വിളിച്ചോതുന്ന, തൊഴിലിനെ ആധാരമാക്കി ജാതി നിര്‍ണയിച്ചതിലെ യുക്തി വിശദീകരിക്കുന്ന, മഹാത്മാ ഗാന്ധിക്കും ജവഹര്‍ലാല്‍ നെഹ്‌റുവിനും മുകളില്‍ ബാലഗംഗാധര തിലകിനും മദന്‍മോഹന്‍ മാളവ്യക്കും സര്‍ദാര്‍ പട്ടേലിനും സ്ഥാനം നല്‍കുന്ന ഗുജറാത്ത് മാതൃക ഹിന്ദുത്വയുടെ വക്താക്കള്‍ ഇഷ്ടപ്പെടുക സ്വാഭാവികം. കേരളത്തിന്റെ പാഠം, കപട മതേതര വാദത്തെ ഉത്പാദിപ്പിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആണെന്ന പരോക്ഷമായ കുറ്റപ്പെടുത്തലാണ് താരതമ്യ പഠനം നടത്തുന്നത്. ഏത് വിധത്തിലാണ് എന്‍ സി ഇ ആര്‍ ടിയുടെ പുതിയ സാമൂഹികശാസ്ത്ര പുസ്തകം രൂപമെടുക്കുക എന്നത് ഇതില്‍ നിന്ന് വ്യക്തം.

ഇന്ത്യയിലെ ആര്യന്‍മാരായിരുന്നു ഇറാനിലുണ്ടായിരുന്നത്, രാമായണത്തില്‍ നിന്ന് കടമെടുത്താണ് ഹോമര്‍ ഇലിയഡെഴുതിയത്, ഹിമാലയത്തില്‍ അവധൂതനായി, ഹിന്ദുമതത്തില്‍ നിന്ന് ആശയങ്ങള്‍ സ്വാംശീകരിച്ചയാളാണ് യേശു ക്രിസ്തു, സമുദ്രഗുപ്തന്‍ നിര്‍മിച്ച വിഷ്ണു സ്തംഭമാണ് പിന്നീട് കുത്തബ് മിനാറായത് എന്നിങ്ങനെ വസ്തുതകളുടെ പിന്‍ബലമില്ലാത്ത കെട്ടിപ്പൊക്കലുകള്‍ക്ക് ഇടം കൊടുക്കാനാകും അവര്‍ക്ക് താത്പര്യം. ശാസ്ത്രലോകം പില്‍ക്കാലത്ത് നടത്തിയ കണ്ടെത്തലുകളൊക്കെ വേദകാലത്ത് ഭാരതത്തിലുണ്ടായിരുന്നവയാണെന്ന പ്രചാരണവും പാഠ്യവിഷയമായി കുട്ടികളുടെ മുന്നിലെത്തും. അക്കാലത്ത് ഭാവനയില്‍ കണ്ട പലതും പില്‍ക്കാലത്ത് പ്രാബല്യത്തിലായിട്ടുണ്ടെന്നത് തള്ളിക്കളയാവതല്ല. ജെയിംസ് ബോണ്ട് സിനിമകളില്‍ അവതരിപ്പിച്ച ആയുധങ്ങള്‍ പലതും പില്‍ക്കാലത്ത് നിര്‍മിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് അവയൊക്കെ നിര്‍മിച്ചത് ജെയിംസ് ബോണ്ട് സിനിമകളുടെ സംവിധായകരാണെന്ന് പഠിപ്പിച്ചാല്‍ എന്താകും സ്ഥിതി! ഏതാണ്ട് ആ അവസ്ഥയിലേക്ക് നമ്മുടെ പാഠങ്ങള്‍ മാറുമെന്ന് ഭയക്കണം.

കാവിവത്കരിക്കപ്പെടുന്ന പാഠങ്ങളിലൂടെ കടന്നുവരുന്ന പുതിയ തലമുറയുടെ ചിന്ത ഏതളവില്‍ വര്‍ഗീയവത്കരിക്കപ്പെട്ടതാകുമെന്ന വലിയ ആപത്ത് ഭാവിയിലുണ്ട്. കാവിവത്കരിക്കപ്പെടാത്ത പുസ്തകങ്ങളിലൂടെ കടന്നുവന്ന തലമുറയെ തന്നെ നുണകളുടെയും അര്‍ധ സത്യങ്ങളുടെയും സംഘടിതമായ പ്രചാരണത്തിലൂടെ ഭൂരിപക്ഷ വര്‍ഗീയതയുടെ പക്ഷത്തേക്ക് നീക്കിനിര്‍ത്താന്‍ സംഘ്പരിവാരത്തിന് വലിയൊരളവില്‍ കഴിഞ്ഞിട്ടുണ്ട്. അപ്പോഴും ഭൂരിപക്ഷ സമുദായത്തിലെ ഭൂരിപക്ഷവും മതനിരപേക്ഷ ജനാധിപത്യത്തിന്റെ ഭാഗത്താണ് നില്‍ക്കുന്നത്. 2019ല്‍ രാജ്യാധികാരത്തില്‍ തിരിച്ചെത്തുമ്പോഴും 40 ശതമാനത്തില്‍ താഴെ വോട്ട് സമാഹരിക്കാനേ ബി ജെ പിക്ക് കഴിഞ്ഞുള്ളൂവെന്നതാണ് അതിന് തെളിവ്. ആ അവസ്ഥയില്‍ മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാഠപുസ്തകങ്ങളെ സമ്പൂര്‍ണമായി കാവിയില്‍ മുക്കാന്‍ സംഘ്പരിവാരം തുനിഞ്ഞിറങ്ങുന്നത്.
എന്‍ സി ഇ ആര്‍ ടി ആവിഷ്‌കരിക്കുന്ന പാഠ്യപദ്ധതി പിന്തുടരാത്ത സംസ്ഥാനങ്ങള്‍ക്ക് ഭാവിയില്‍ വിദ്യാഭ്യാസ മേഖലക്കുള്ള വിഹിതം അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെ വന്നാല്‍ ബി ജെ പിയെ ചെറുക്കുന്ന പാര്‍ട്ടികള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍പ്പോലും ക്ലാസ്സ് മുറികള്‍ കാവിയാകും. ഭരണഘടനാ സ്ഥാപനങ്ങളെ കാവിയില്‍ മുക്കാനോ, ഹിന്ദുത്വ അജന്‍ഡകള്‍ നടപ്പാക്കുന്നതിനുള്ള ഏജന്‍സികളാക്കാനോ മടിക്കാത്തവര്‍, ഫെഡറല്‍ ഭരണക്രമത്തെ പല മേഖലകളിലും അട്ടിമറിച്ചുകൊണ്ടിരിക്കുന്നവര്‍, കൊവിഡ് കാലത്ത് അനുവദിച്ച പരിമിതമായ സഹായത്തിന് പോലും ഉപാധിവെച്ചവര്‍, അവര്‍ എന്തിനും മടിക്കാത്തവരാണല്ലോ!

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest