Connect with us

Articles

ജെറിമാന്ററിംഗ് ജനാധിപത്യത്തിന് വെല്ലുവിളി

Published

|

Last Updated

അമേരിക്കന്‍ ഫെഡറല്‍ സ്റ്റേറ്റിലെ ഒരു ഗവര്‍ണറായിരുന്ന മിസ്റ്റര്‍. ജെറി തന്റെ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് പര്യാപ്തമായ നിലയില്‍ നിയോജക മണ്ഡലങ്ങള്‍ ബോധപൂര്‍വം ഉണ്ടാക്കിയെടുത്തു. തന്റെ പാര്‍ട്ടിയുടെ വിജയം മാത്രം ലക്ഷ്യമാക്കിയും രാജ്യത്തിന്റെയും ജനങ്ങളുടെയും താത്പര്യങ്ങള്‍ ആകെ വിസ്മരിച്ചുകൊണ്ടും ഉണ്ടാക്കിയെടുക്കുന്ന ഇത്തരം നിയോജക മണ്ഡല പുനഃസംഘാടനം പിന്നീട് ജെറിമാന്ററിംഗ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത്തരത്തില്‍ തങ്ങള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ലോക്‌സഭയില്‍ അടുത്ത തിരഞ്ഞെടുപ്പിലും ഉണ്ടാക്കുന്നതിനാണ് നിയോജക മണ്ഡലങ്ങളുടെ എണ്ണം ഇരട്ടിയാക്കാനും ജെറിമാന്ററിംഗ് രീതിയില്‍ പാര്‍ലിമെന്റ് നിയോജക മണ്ഡല പുനഃസംഘാടനം നടത്താനും കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഭൂമിശാസ്ത്രപരമായോ വോട്ടര്‍മാരുടെ സൗകര്യത്തിന് അനുസൃതമായോ അല്ല ജെറിമാന്ററിംഗ് അടിസ്ഥാനത്തിലെ നിയോജകമണ്ഡല പുനഃസംഘാടനം.

സ്വന്തം തിരഞ്ഞെടുപ്പ് വിജയവും പാര്‍ട്ടിയുടെ വിജയവും മാത്രം ലക്ഷ്യമാക്കി നിയോജക മണ്ഡല പുനഃക്രമീകരിക്കുന്നത് പല രാജ്യങ്ങളിലും ഇതിനോടകം നടന്നിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളവും പലപ്പോഴും പല സംസ്ഥാനങ്ങളിലും നിയമസഭാ മണ്ഡലങ്ങള്‍ പുനഃക്രമീകരിക്കുന്നത് ഭരണകക്ഷിയുടെ താത്പര്യാനുസരണമാണ് നടന്നിരിക്കുന്നത്. ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെക്കാനും സ്വന്തം പാര്‍ട്ടി താത്പര്യങ്ങള്‍ മാത്രം നോക്കാനും ഇത്തരം നേതൃത്വങ്ങള്‍ക്ക് യാതൊരു വൈമനസ്യവും ഉണ്ടായിട്ടില്ല. എന്നാല്‍ എല്ലാ ജനാധിപത്യ മര്യാദകളെയും നഗ്നമായി ലംഘിച്ചുകൊണ്ടാണ് കേന്ദ്രത്തിലെ ഭരണകക്ഷി ഇപ്പോള്‍ ലോക്‌സഭാ മണ്ഡലങ്ങള്‍ ഇരട്ടിയാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്.

ഇന്ത്യന്‍ ഭരണഘടനയില്‍ തിരഞ്ഞെടുപ്പുകളെപ്പറ്റി ഒരു പ്രത്യേക അധ്യായം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ ഭരണഘടനകളില്‍ നിന്ന് ഇന്ത്യന്‍ ഭരണഘടനക്കുള്ള ഒരു പ്രത്യേകതയാണിത്. കാരണം മിക്ക ഭരണഘടനകളും തിരഞ്ഞെടുപ്പിനെ നിയമസഭക്ക് തീരുമാനമെടുക്കാന്‍ വിടുന്ന താരതമ്യേന അപ്രധാന വിഷയമായി കരുതുന്നു. നമ്മുടെ ഭരണഘടനാ നിര്‍മാണസഭയാകട്ടെ ഭരണഘടനയുടെ ഒരവിഭാജ്യ ഘടകമെന്ന നിലയിലാണ് അതിനെ കണ്ടത്. അതുകൊണ്ട് മൗലികാവകാശങ്ങള്‍ക്കായി രൂപവത്കരിച്ചിരുന്ന കമ്മിറ്റിയെ തന്നെ ഇതു സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചുമതലപ്പെടുത്തി. മൗലിക അവകാശങ്ങളില്‍ ഒന്നായി തിരഞ്ഞെടുപ്പിനെ കരുതണമെന്നും അതിനെ സര്‍ക്കാറിന്റെ കൈകടത്തലില്‍ നിന്ന് രക്ഷിക്കണമെന്നും സ്വതന്ത്രമായ തിരഞ്ഞെടുപ്പിന് അവസരം നല്‍കണമെന്നും അതിനു വേണ്ട വ്യവസ്ഥചെയ്യണമെന്നും ഈ കമ്മിറ്റിയോട് ഭരണഘടനാ നിര്‍മാണസഭ നിര്‍ദേശിക്കുകയും ചെയ്തു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324 അനുസരിച്ചാണ് കേന്ദ്ര ഭരണകക്ഷി സ്വന്തം താത്പര്യാനുസരണം ലോക്‌സഭാ നിയോജക മണ്ഡല പുനഃസംഘടന നടത്തുന്നതിന് മുന്നോട്ട് വന്നിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 324 മുതല്‍ 329 വരെയുള്ള വകുപ്പുകളില്‍ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങളുണ്ട്. 1950ലെ റെപ്രസെന്റേഷന്‍ ഓഫ് ദി പ്യൂപ്പിള്‍ ആക്ടും 1951ലെ റെപ്രസെന്റേഷന്‍ ഓഫ് ദി പ്യൂപ്പിള്‍ ആക്ടും തിരഞ്ഞെടുപ്പുകളെ സംബന്ധിച്ച് വളരെ വ്യക്തമായ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.

ലോക്‌സഭാ സീറ്റുകള്‍ നിലവിലുള്ള അഞ്ഞൂറില്‍ നിന്ന് ആയിരമായി വര്‍ധിപ്പിക്കാനാണ് നീക്കം. അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ലോക്‌സഭാ സീറ്റുകള്‍ ആയിരത്തില്‍ കൂടുതലായി വര്‍ധിപ്പിക്കാന്‍ ബി ജെ പിയും സര്‍ക്കാറും ശക്തമായി നീക്കംനടത്തുകയാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് മനീഷ് തിവാരി എം പി കഴിഞ്ഞ ദിവസം പ്രസ്താവിക്കുകയുണ്ടായി. പുതിയ പാര്‍ലിമെന്റ് മന്ദിരത്തില്‍ ലോക്‌സഭാ ഹാള്‍ നിര്‍മിക്കുന്നത് ആയിരത്തില്‍പരം സീറ്റുകളോടെയാണ്. നിലവില്‍ ലോക്‌സഭയുടെ അംഗബലം 543ആണ്. ഭരണഘടനാ പ്രകാരം ഇത് 552 വരെയാകാം.

ലോക്‌സഭാ സീറ്റ് 1,200 ആക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് നിര്‍ദേശമുയര്‍ന്നു. വോട്ടര്‍മാരുടെ എണ്ണം കൂടിയെന്നാണ് ഇക്കൂട്ടരുടെ വാദം. ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഉയര്‍ന്ന പ്രാതിനിധ്യം ലഭിക്കും വിധമാണ് പരിഷ്‌കാര നിര്‍ദേശം. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രാതിനിധ്യം താരതമ്യേന കുറയും.
കേരളത്തില്‍ നിന്നുള്ള എം പിമാരുടെ എണ്ണം 20ല്‍ നിന്ന് 35 ആകുമെങ്കിലും ദേശീയാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യ നിരക്ക് 3.7 ശതമാനത്തില്‍ നിന്ന് 2.9 ശതമാനമായി കുറയും. അതേസമയം യു പിയില്‍ നിന്നുള്ള എം പിമാര്‍ 80ല്‍ നിന്ന് 193 ആയും പ്രാതിനിധ്യ നിരക്ക് 147ല്‍ നിന്ന് 16 ശതമാനവുമായും വര്‍ധിക്കും.

ഇന്ത്യന്‍ ജനാധിപത്യം വലിയ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പൗരത്വ ബില്‍ പാസ്സായതോടു കൂടി ന്യൂനപക്ഷങ്ങളെ രാജ്യത്ത് നിന്ന് തന്നെ ആട്ടിപ്പുറത്താക്കുന്നതിനുള്ള നീക്കങ്ങളാരംഭിച്ചിട്ടുണ്ട്. ഭരണഘടനയിലെ മതേതരത്വം ഇവിടെ ഒരു പഴങ്കഥയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന് എത്രകാലം നിലനില്‍പ്പുണ്ടെന്നുള്ള കാര്യത്തില്‍ പോലും രാജ്യത്തെ ജനങ്ങള്‍ക്ക് സംശയം ജനിപ്പിക്കുന്ന സാഹചര്യങ്ങളാണ് വളര്‍ന്നു വന്നിരിക്കുന്നത്.
പാര്‍ലിമെന്റിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇന്ത്യയില്‍ കാര്യങ്ങള്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ ലോക്‌സഭാ സീറ്റ് ഇരട്ടിയാക്കുകയെന്നത് ഭരണകക്ഷിക്ക് എളുപ്പം നടത്താന്‍ സാധിച്ചേക്കും. എന്നാല്‍ വെറും സംഖ്യാടിസ്ഥാനത്തിലുള്ള ഒരു ഭൂരിപക്ഷത്തിന്റെ ബലത്തിന്‍ മേലാണ് എപ്പോഴും തീരുമാനങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍ വ്യവസ്ഥാപിത സര്‍ക്കാറിനും ജനാധിപത്യത്തിനും അര്‍ഥമുണ്ടാകില്ലെന്നുള്ളതാണ് വസ്തുത. ന്യൂനപക്ഷങ്ങളുടെ സത്യസന്ധമായ വികാരങ്ങളെ അവഗണിച്ചാലും ഇതു തന്നെയാണ് ഫലം.

എന്തായാലും രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിച്ചേ മതിയാകൂ. കേന്ദ്ര ഭരണാധികാരികള്‍ ഇതിനു നേരേയാണ് കൊലക്കത്തി ഉയര്‍ത്തിയിരിക്കുന്നത്. രാജ്യത്തിന്റെയും ജനങ്ങളുടെയും താത്പര്യമല്ല മറിച്ച്, സ്വന്തം പാര്‍ട്ടി താത്പര്യം മാത്രമാണ് ലോക്‌സഭാ സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കുന്നതിന്റെ പിന്നിലുള്ള ഹീനമായ ലക്ഷ്യം. അതുകൊണ്ട് തന്നെ ജനാധിപത്യവാദികള്‍ ഈ നീക്കത്തിനെതിരെ ശക്തമായി തന്നെ രംഗത്തു വരേണ്ടതാണ്.

Latest