Connect with us

Kerala

പന്തളത്തു വൃദ്ധയെ ബന്ദിയാക്കി സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസ്; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

Published

|

Last Updated

അറസ്റ്റിലായ സിജു, സുനില്‍

പന്തളം | വൃദ്ധയെ ബന്ദിയാക്കി സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതി മലയാലപ്പുഴ പത്തിശ്ശേരി താഴം ചേറാടി ലക്ഷംവീട് കോളനിയില്‍ സിജി ഭവനില്‍ സിജു (സുഗുണന്‍-28), ഇയാളുടെ അനുജനും മൂന്നാം പ്രതിയുമായ സുനില്‍ (രാധാകൃഷ്ണന്‍-25) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതി പന്തളം തോന്നല്ലൂര്‍ ഉളമയില്‍ റാഷിക്ക് (19) നേരത്തെ അറസ്റ്റിലായിരുന്നു.

നൂറനാട്, അടൂര്‍, ആറന്മുള, പത്തനംതിട്ട, റാന്നി-പെരുനാട്, ചിറ്റാര്‍, കോട്ടയം എന്നീ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതിയാണ് സിജു. വിവിധ കേസുകളില്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. റാന്നിയില്‍ വാടകക്കു താമസിക്കുകയായിരുന്നു അറസ്റ്റിലായ സിജുവും സുനിലും. ഇതര സംസ്ഥാന തൊഴിലാളികളുടെ പണം മോഷ്ടിച്ച കേസില്‍ റാഷിക്ക് മുമ്പ് ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. ജയിലില്‍ വച്ചാണു റാഷിക്കും രണ്ടും മൂന്നും പ്രതികളും പരിചയപ്പെടുന്നത്.

റാഷിക്ക് അറിയിച്ചതനുസരിച്ചാണു രണ്ടും മൂന്നും പ്രതികള്‍ പന്തളത്തെത്തിയത്. മുമ്പൊരിക്കല്‍ മൂവര്‍ സംഘം വയോധികയുടെ വീട്ടില്‍ കവര്‍ച്ചക്കു ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല.

മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കോഴഞ്ചേരി തേക്കേമല, പത്തനംതിട്ട എന്നിവിടങ്ങളിലെ സ്വകാര്യ ബേങ്കുകളില്‍ പണയം വെച്ചു. ബാക്കി വന്ന സ്വര്‍ണ്ണം വാര്യായാപുരത്തെ മാര്‍വാഡിക്കു വിറ്റതായും പോലീസ് പറഞ്ഞു. കിട്ടിയ പണം മോഷ്ടാക്കള്‍ ചിലവാക്കിതായും, പണയം വെച്ച സ്വര്‍ണ്ണം കണ്ടെത്തിയതായും പോലീസ് അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് പന്തളം കടയ്ക്കാട് വടക്ക് പനാറയില്‍ പരേതനായ അനന്തന്‍ പിള്ളയുടെ ഭാര്യ എസ് ശാന്തകുമാരിയുടെ വീട്ടിലാണ് രണ്ടംഗ സംഘം കവര്‍ച്ച നടത്തിയത്. 4 പവന്‍ സ്വര്‍ണവും 8000 രൂപയുമാണ് കവര്‍ന്നത്.

 

Latest