Connect with us

Editors Pick

കിഡ്‌നി രോഗമുള്ളവര്‍ ആന്‍ജിയോഗ്രാം ചെയ്യാമോ?

Published

|

Last Updated

പ്രമേഹരോഗത്തിന് ലോകത്തിന്റെ തന്നെ തലസ്ഥാനമായിക്കൊണ്ടിരിക്കുകയാണ് കേരളം. പ്രമേഹരോഗികളുടെ എണ്ണം എത്രത്തോളം കൂടുന്നുണ്ടോ അത്രതന്നെ പ്രമേഹംകൊണ്ട് കിഡ്‌നി രോഗം ബാധിച്ചവരുടെ എണ്ണവും കൂടുതലാണ്. വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ഇതിന് തെളിവാണ്.

പ്രമേഹം കൊണ്ടോ, രക്തസമ്മര്‍ദ്ദത്താലോ കിഡ്‌നി രോഗം ബാധിച്ചവര്‍ക്ക് മരണമോ അപകടമോ സംഭവിക്കുക മേജര്‍ അറ്റാക്ക് മൂലമാണ്. ഇത്തരം രോഗികളില്‍ ഹാര്‍ട്ട് അറ്റാക്കുണ്ടാകുമ്പോള്‍ സങ്കീര്‍ണ്ണമാകാനുള്ള സാധ്യതകളും വളരെ കൂടുതലാണ്. ഹൃദയത്തിന്റെ മസിലുകള്‍ വീക്കായി പമ്പിംഗ് കുറഞ്ഞ അവസ്ഥയെത്തുക, മിടിപ്പ് കുറയുക, മിടിപ്പുകള്‍ താളം തെറ്റുക, കാര്‍ഡിയാക് അറസ്റ്റ് ഇവയെല്ലാം കിഡ്‌നി രോഗികളില്‍ കണ്ടുവരുന്നു. അതുകൊണ്ട് ഒരു മേജര്‍ ഹാര്‍ട്ട് അറ്റാക്ക് വരുന്നതിനുമുന്‍പ് തന്നെ ബ്ലോക്കുകള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് മുഖ്യം.

പലപ്പോഴും കിഡ്‌നി രോഗികള്‍ക്ക് മേജര്‍ അറ്റാക്ക് വന്നാല്‍ അല്ലെങ്കില്‍ ബ്ലോക്കിന്റെ ഗൗരവമേറിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആന്‍ജിയോഗ്രാം നിര്‍ദ്ദേശിക്കുമ്പോള്‍, ആന്‍ജിയോഗ്രാം ചെയ്യുന്നതുകൊണ്ട് ക്രിയാറ്റിന്‍ കൂടുമെന്ന് കരുതി ചെയ്യാന്‍ മടിച്ചു നില്‍ക്കുന്ന പ്രവണതയുമുണ്ട്. ഇതിന്റെ പരിണിത ഫലമായി അറ്റാക്ക് വന്ന് പ്രയാസപ്പെടുകയും പിന്നീട് ഒരു ചികിത്സയും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയുമാണ് കണ്ടുവരുന്നത്.

ആന്‍ജിയോഗ്രാം ചെയ്യുമ്പോള്‍ കിഡ്‌നി രോഗികളുടെ ക്രിയാറ്റിന്‍ ലെവലില്‍ ചെറിയ മാറ്റം വരുമെന്നുള്ളത് സത്യമാണ്. പക്ഷേ, ചിട്ടയോടുകൂടി ഓരോ രോഗികളില്‍ അവരുടെ കിഡ്‌നി രോഗത്തിന്റെ തീവ്രത നെഫ്രോളജിസ്റ്റിന്റെ അഭിപ്രായവും നിര്‍ദ്ദേശവുമനുസരിച്ച് കൃത്യമായി ചെയ്താല്‍ കിഡ്‌നിയ്ക്ക് കേടുപാടുകള്‍ സംഭവിക്കാതെ ആന്‍ജിയോഗ്രാം ചെയ്യാന്‍ സാധിക്കും. ആന്‍ജിയോഗ്രാമിന്റെ മുന്‍പും ശേഷവും ശരിയായ ഹൈഡ്രേഷന്‍ ചെയ്യുക, കിഡ്‌നിയ്ക്ക് ലോഡ്കൂടുന്ന മരുന്നുകള്‍ ഒഴിവാക്കുക, കിഡ്‌നിയ്ക്ക് സംരക്ഷിക്കാന്‍ കഴിയുന്ന മരുന്നുകള്‍ ഉള്‍പ്പെടുത്തുക ഇവയെല്ലാം ശ്രദ്ധിച്ചാല്‍ സുഖപ്രദമായി ആന്‍ജിയോഗ്രാം ചെയ്യാവുന്നതാണ്.

കിഡ്‌നിയ്ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ ഡയാലിസിസ് എന്നൊരു കൃത്രിമ മാര്‍ഗത്തിലൂടെ സംരക്ഷിക്കാമെന്ന മാര്‍ഗമുണ്ട്. എന്നാല്‍ ഹൃദയത്തിന് തകരാറ് ബാധിച്ചാല്‍ ഇതുപോലൊരു മാര്‍ഗമില്ല. ഹാര്‍ട്ട് വീക്കായാല്‍, പമ്പിംഗ് കുറഞ്ഞാല്‍ ഹാര്‍ട്ടിനെ മാത്രമല്ല ബാധിക്കുക. ശരീരത്തിന്റെ എല്ലാ അവയവങ്ങളെയും ബാധിക്കും. എന്നാല്‍ അതില്‍ ഏറ്റവും കൂടുതല്‍ ക്ഷീണം ചെയ്യുക കിഡ്‌നിയ്ക്കാണ്. ഹാര്‍ട്ടിന്റെ പമ്പിംഗ് കുറഞ്ഞാല്‍ വൃക്കയിലേക്കുള്ള രക്തയോട്ടം കുറയുകയും അത് കിഡ്‌നിയ്ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിനും കാരണമാകുന്നു.

പമ്പിംഗ് കുറഞ്ഞ ആളുകള്‍ക്ക് പലപ്പോഴും ഡയാലിസിസ് പോലും സാധ്യമാകാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. കിഡ്‌നിരോഗമുള്ളവര്‍ക്ക് ഹൃദയത്തില്‍ മേജര്‍ ബ്ലോക്കുണ്ടെന്ന് കണ്ടെത്തിയാല്‍ അതുമല്ലെങ്കില്‍ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ എത്രയും പെട്ടെന്ന് നെഫ്രോളജിസ്റ്റുമായി ചര്‍ച്ചചെയ്ത് ഹൃദയത്തെ സംരക്ഷിക്കുവാന്‍ ആവശ്യമായ ടെസ്റ്റുകളും ചികിത്സയും സ്വീകരിക്കേണ്ടതാണ്. ഒപ്പം തന്നെ കിഡ്‌നിയുടെ ആരോഗ്യവും നിലനിര്‍ത്തുക.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. സുഹൈല്‍ മുഹമ്മദ്
സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ്
ആസ്റ്റര്‍ മിംസ്, കോട്ടക്കല്‍

Latest