Connect with us

Cover Story

സരള മനസ്സുകളുടെ തുരുത്ത്

Published

|

Last Updated

ലോകത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ലക്ഷദ്വീപ്. ഈ തുരുത്തിൽ ജീവിക്കുന്നതോ മഹാമനുഷ്യരും. പരസ്പരം സ്‌നേഹിക്കാനും സഹായിക്കാനും മാത്രമറിയുന്നവർ. അതിഥികളെ സ്വീകരിക്കാനും പരസ്പരം ബഹുമാനിക്കാനുമുള്ള ഈ നാട്ടുകാരുടെ ആവേശം ദ്വീപിന്റെ ചരിത്രംപോലെ ഏറെ മധുരമുള്ളതും.
അറബിക്കടലിൽ ചിതറിക്കിടക്കുന്ന 36 ദ്വീപുകളുടെ സമൂഹമാണ് ലക്ഷദ്വീപ്. ഇതിൽ പത്ത് ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളൂ. എഴുപതിനായിരത്തിൽ താഴെയാണ് ജനസംഖ്യ. കവരത്തി, ആന്ത്രോത്ത്, അഗത്തി, കൽപേനി, അമിനി, കിൽത്താൻ, കടമത്ത്, ചെത്ത് ലാം, ബിത്ര, മിനിക്കോയ് എന്നീ ദ്വീപുകളിലാണ് ദ്വീപ് നിവാസികൾ ജീവിക്കുന്നത്. മിനിക്കോയ് ഒഴികെയുള്ള ദ്വീപുകളിലെ ഭാഷ മലയാളത്തിന്റെ ഒരു ഭാഷാഭേദമാണ് എന്നു പറയാം. ദ്വീപ് മലയാളം എന്നും അതിനെ വിളിക്കാറുണ്ട്. മിനിക്കോയ് ദ്വീപിൽ മഹൽ ആണ് സംസാരഭാഷ. ലക്ഷദ്വീപിലെ സ്‌കൂളുകളിൽ പഠിപ്പിക്കുന്നത് നമ്മുടെ സംസ്ഥാനത്തെ കേരള പാഠാവലി മലയാളം തന്നെ. അതിനാൽതന്നെ ദ്വീപുകാർക്കൊക്കെ മലയാളം പറയാനും എഴുതാനും അറിയാം. ചരിത്രത്തിലുടനീളം മലയാളികളുമായി ഹൃദയബന്ധം സൂക്ഷിക്കുകയും ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങൾക്കും കേരളത്തെ ആശ്രയിക്കുകയും ചെയ്യുന്ന ദ്വീപുകാർ എന്നും പുറംനാട്ടുകാർക്ക് വിസ്മയമാണ്. മനുഷ്യബന്ധങ്ങളുടെ പരിപാവനതക്ക് വലിയ സ്ഥാനം കൽപ്പിക്കുന്ന ജനത. പ്രകൃതിരമണീയമായ ഈ തുരുത്തിലെത്തുന്ന ഏതൊരാൾക്കും ഈ പച്ചമനുഷ്യരെക്കുറിച്ച് പറയാൻ ആയിരം കഥകളുണ്ടാകുന്നതും അതുകൊണ്ടാണ്.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ പച്ചമനുഷ്യരെക്കുറിച്ചാണ് വാർത്തകൾ മുഴുവൻ. തീർത്തും സമാധാനത്തോടെ ജീവിതം നയിക്കുന്ന ദ്വീപ് നിവാസികളുടെ ജീവിതം കീഴ്‌മേൽ മറിക്കുന്ന ഭരണപരിഷ്‌കാരങ്ങളും അതിനെതിരെ പ്രതിഷേധിക്കുന്ന ലോകത്തുടനീളമുള്ള മലയാളികളും.


ആദിമ മനുഷ്യർ

ലക്ഷദ്വീപിലെ മുസ്‌ലിംകൾ ഇവിടുത്തെ ആദിമമനുഷ്യരാണ്. ഇന്ത്യയിൽ മറ്റൊരിടത്തും അങ്ങനെയല്ല എന്നാണ് ചരിത്രകാരന്മാർ വിശദീകരിക്കുന്നത്. ഹിജ്‌റ 41 ലാണ് ഒന്നാം ഖലീഫ സിദ്ദീഖ്(റ)വിന്റെ പേരമകനായ ഹസ്‌റത്ത് ഉബൈദുല്ല ബിൻ മുഹമ്മദ് ബിൻ അബീബക്കർ (റ) മദീനയിൽ നിന്ന് പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ കൽപ്പനപ്രകാരം കപ്പലിൽ ദ്വീപിലെത്തിയതെന്നാണ് ചരിത്രം. യാത്രാ മധ്യേ, കൊടുങ്കാറ്റിൽ കപ്പൽ തകരുകയും ഒരു മരപ്പലകയിൽ ഹസ്‌റത്ത് ഉബൈദുല്ല(റ) അമേനി ദ്വീപിലെത്തുകയും പിന്നീട് ആന്ത്രോത്ത് ദ്വീപിലേക്ക് നീങ്ങുകയും ചെയ്തു. ഇസ്‌ലാമിക പ്രബോധനപ്രവർത്തനങ്ങളിൽ സജീവമായ ഈ സൂഫിവര്യൻ സമീപദ്വീപുകളിലെയും ആളുകളെ ഇസ്‌ലാമിലേക്ക് കൊണ്ടുവന്നു. അന്നുണ്ടായിരുന്ന എട്ട് ദ്വീപുകളിലും പൂർണമായും മുസ്‌ലിംകളാണുണ്ടായിരുന്നത്. ഹസ്‌റത്ത് ഉബൈദുല്ല(റ) ആന്ത്രോത്ത് ദ്വീപിൽ നിർമിച്ച ജുമാ മസ്ജിദിന്റെ ചാരത്ത് തന്നെയാണ് മഹാൻ അന്തിയുറങ്ങുന്നത്. ഈ മഹാനുഭാവന്റെ ആത്മീയ പാരമ്പര്യമാണ് ഇന്നും ലക്ഷദ്വീപിലെ ജനങ്ങൾ പിന്തുടരുന്നത്. അവിടുത്തെ ഖാളിയായിരുന്ന അഹ്്മദുൽ മദാർ, അവിടുത്തെ പേരക്കുട്ടികൾ ഉൾപ്പെടെയുള്ള സൂഫി പരമ്പരയാണ് ലക്ഷദ്വീപിൽ ആത്മീയ വെളിച്ചം പകർന്നത്. നാന്നൂറ് വർഷങ്ങൾക്ക് മുമ്പ് ദ്വീപിലെത്തിയ സയ്യിദ് മുഹമ്മദ് ഖാസിം വലിയുല്ലാഹി, അവരുടെ മക്കളായ സയ്യിദ് അബൂസ്വാലിഹ് തങ്ങൾ, സയ്യിദ് യൂസുഫ് വലിയുല്ലാഹി തങ്ങൾ എന്നിവരിലൂടെയാണ് ദ്വീപിലെ സൂഫിപാരമ്പര്യം കൂടുതൽ ജനകീയമായത്. ഈ മഹാന്മാരായ സൂഫികൾ പകർന്നു നൽകിയ അധ്യാത്മികതയാണ് ഇന്നും ദ്വീപുകാരുടെ സ്വാഭാവ മഹിമയുടെ അടിസ്ഥാനം.


കഥകളുടെ ദ്വീപ്

കഥകളുടെ നാടാണ് ലക്ഷദ്വീപ്. കാൽപ്പനികതയും ഐതിഹ്യവും ഇഴചേർന്ന വിശ്വാസമാണ് ഈ മണ്ണിലെ ഓരോ കഥയും. പുറംനാട്ടുകാർക്ക് വിശ്വസിക്കാൻ പ്രയാസമുള്ള അത്തരം കഥകൾ പക്ഷേ, ദ്വീപ് നിവാസികളുടെ സാധാരണ ജീവിതത്തിന്റെ ഭാഗമാണ്. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ പൈശാചിക ശല്യമുണ്ടാകുമെന്നും അതുകൊണ്ടാണ് പണ്ട് കാലങ്ങളിൽ വിജനമായിക്കിടന്നിരുന്ന ദ്വീപിലെ പല സ്ഥലങ്ങളും പിശാചിന്റെ സ്വാധീന മേഖലയാണെന്നുമുള്ള കഥ മുതിർന്നവർ പോലും പറഞ്ഞു നടക്കുന്നത്. പിശാച് ഓടിച്ച കഥകളും ജിന്നിനെ കണ്ട കഥകളും എത്രയെത്ര പറയാനുണ്ട് ഈ മനുഷ്യർക്ക്. ദ്വീപിലെ ചില സ്ഥലങ്ങളിലൂടെ നടക്കാൻ പാടില്ല. രാത്രി മാത്രം മുളക്കുന്ന എരതപ്പുല്ലിൽ ചവിട്ടിയാൽ പിന്നെ എങ്ങോട്ടാണ് പോകുന്നതെന്ന് ചവിട്ടിയ ആൾക്ക് പോലും അറിയാത്ത അവസ്ഥ വരും. മിക്കപ്പോഴും ആ നടത്തം കടലിൽ ചെന്നവസാനിക്കും. ശരീരത്തിൽ നിന്ന് കുടിയിറക്കിയ പിശാചുക്കൾ പുറംനാടുകളിൽ നിന്നെത്തി ദ്വീപിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ തമ്പടിക്കും. ഇത്തരം കഥകളൊക്കെയും ദ്വീപ് നിവാസികൾക്കിടയിൽ രൂഢമൂലമായ വിശ്വാസങ്ങളാണ്.

അതുപോലെ തന്നെയാണ് വിചിത്രമെന്ന് തോന്നിക്കുന്ന ചില ജീവിതശൈലികളും. ദ്വീപിന് തനതായ ഒരു വൈവാഹിക രീതിയുണ്ട്. മാറ്റക്കല്യാണം എന്ന ഈ രീതിയനുസരിച്ച് ഒരു വരൻ വധുവിനെ വിവാഹം ചെയ്യുമ്പോൾ ആ വധുവിന്റെ സഹോദരനും വരന്റെ സഹോദരിയും തമ്മിലും നിക്കാഹ് നടക്കണം. വളരെ അടുത്ത കുടുംബങ്ങളിൽ നിന്നാണ് വിവാഹം കഴിക്കുക. സ്ത്രീകൾക്ക് വരനെ ലഭിക്കുക എന്നത് ഹിമാലയൻ ടാസ്‌കും. കേരളത്തിലേത് പോലെ പെണ്ണുകാണൽ ചടങ്ങില്ല. ദ്വീപുകാരല്ലാത്തവർക്ക് പൊതുവേ പെൺമക്കളെ കെട്ടിച്ചുകൊടുക്കില്ല. അങ്ങനെ ചെയ്താൽ തങ്ങളുടെ പരമ്പരയിൽ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഇവർ വിശ്വസിക്കുന്നു. മരണം നടക്കുന്നതും വലിയ സംഭവമാണ്. ശാഖ് എന്ന പേരിൽ മരണപ്പെട്ട വ്യക്തിയോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് കുടുംബത്തിലെ എല്ലാ ആളുകളും ദുഃഖമാചരിക്കുന്നു. മരിച്ച ആളുടെ ഭാര്യ ഇദ്ദ ഇരിക്കുന്നതിന് സമാനമാണിത്. അഞ്ചാറ് മാസക്കാലം മരണവീട്ടിൽ കളിയോ ചിരിയോ ഇല്ല. പുതിയ വസ്ത്രം വാങ്ങില്ല. ആഘോഷങ്ങളില്ല.


റാത്തീബും മൗലിദും

കേരളത്തിൽ ഏറെ പ്രചാരത്തിലുള്ള കുത്ത് റാത്തീബ് ലക്ഷദ്വീപിൽ നിന്നെത്തിയതാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. മാലയും മൗലിദും റാത്തീബുകളും ഇവിടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. പരമ്പരാഗതമായ ഒന്നും ഉപേക്ഷിക്കാൻ ആധുനികതയുടെ അതിപ്രസരത്തിലും ലക്ഷദ്വീപ് തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. പരമ്പരാഗത ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇത്രമേൽ ജനകീയമായി കാത്തുസൂക്ഷിക്കുന്ന മറ്റൊരു ജനതയില്ല തന്നെ. കടൽ കടന്ന് ഈ മണ്ണിലെത്തുന്ന എല്ലാവരെയും ആകർഷിക്കുന്നതും ഈ സാംസ്‌കാരിക പൈതൃകമാണ്. കേരളത്തിലെ മുസ്‌ലിം സമൂഹം തുടർന്നുവരുന്ന മഹല്ല് സംവിധാനമല്ല ദ്വീപിലുള്ളത്; മറിച്ച്, ഹസ്‌റത്ത് ഉബൈദുല്ലയുടെ കാലത്തേ തുടർന്നുവരുന്ന മുതവല്ലി സിസ്റ്റമാണ്. അതുകൊണ്ട് തന്നെ വിവിധ മുസ്‌ലിം തറവാട്ടുകാർക്ക് സമൂഹത്തിൽ ആഴത്തിൽ സ്വാധീനമുണ്ടാക്കാൻ സാധിക്കുന്നു. ഓരോ തറവാടിനെയും കാക്കുന്ന ശൈഖിന്റെ പേരിൽ നേർച്ചകൾ നടക്കും. ആത്മീയ മജ്‌ലിസുകളെ വളരെ പരിപാവനതയോടെയാണ് ദ്വീപ് നിവാസികൾ സമീപിക്കുന്നത്. ജിന്നുകൾ നിർമാണം തുടങ്ങിവെച്ച മുഹ്‌യിദ്ദീൻ മസ്ജിദിൽ പതിവായി ഖാദിരിയ്യാ റാത്തീബും രിഫാഇയ്യാ റാത്തീബും നടക്കാറുണ്ട്. വിവിധ മസ്ജിദുകളിലും വ്യത്യസ്ത റാത്തീബുകൾ നടന്നുവരുന്നു. ഓരോ തറവാടിന്റെയും ആഭിമുഖ്യത്തിൽ ആഴ്ചകളിലും ഇത്തരം മജ്‌ലിസുകൾ നടക്കുന്നുണ്ട്. ഉറുദു, അറബി, പാർസി ഭാഷകളിലെ ബൈത്തുകളും മാലകളും ആബാലവൃദ്ധത്തിനും ഹൃദിസ്ഥമാണ്. ദിക്കർ എന്ന് വിളിക്കുന്ന കുത്ത് റാത്തീബ് അതിന്റെ ശുദ്ധമായ രീതിയിൽ വളരെ ജനകീയമായി തന്നെ നടക്കുന്നു.

കേരളവുമായുള്ള ഹൃദയബന്ധം

ഒപ്പം പഠിക്കുന്ന ദ്വീപിലെ സഹപാഠികൾ എന്നും മലയാളികൾക്ക് ഒരു വിസ്മയമായിരുന്നു. ഒപ്പം ജോലി ചെയ്യുന്ന ദ്വീപുകാർ മലയാളികൾക്ക് സമ്മാനിച്ചതും നിഷ്‌കളങ്കമായ കുറേ അനുഭവങ്ങൾ. ദ്വീപുകാർക്ക് കോഴിക്കോടും കൊച്ചിയും ബേപ്പൂരുമെല്ലാം ദ്വീപിലെ കൂടി സ്ഥലങ്ങളാണ്. അത്രമേൽ അടുത്ത ബന്ധമാണ് മലയാളികളുമായി ഇവർ പുലർത്തിപ്പോരുന്നത്. വിദ്യാഭ്യാസ അവസരങ്ങൾ പരിമിതമായ ദ്വീപിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർഥികളാണ് കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് പഠനം നടത്തുന്നത്. ദ്വീപുകാരുടെ വിദ്യാഭ്യാസവും ചികിത്സയും വ്യാപാരവുമെല്ലാം കേരളത്തിൽ തന്നെ.


എന്താണ് ദ്വീപിൽ സംഭവിക്കുന്നത്?

അതിനിടെ ദ്വീപിൽ പുതിയ സാഹചര്യങ്ങളുണ്ടായി. പുതിയ അഡ്മിനിസ്ട്രേറ്റർ വന്നു, പുതിയ ഉത്തരവുകളും നിബന്ധനകളും ബുദ്ധിമുട്ടുകളും വന്നു. പലരുടെയും ജോലി നഷ്ടമായി. പ്രഫുൽ കെ പട്ടേലിന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ അധിക ചുമതല കേന്ദ്ര സർക്കാർ നൽകി. അതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. അന്നുവരെ ദ്വീപ് നിവാസികൾ കേട്ടിട്ടില്ലാത്ത നിയമങ്ങൾ വന്നുതുടങ്ങി. ഈ തുരുത്തിന്റെ സംസ്‌കാരവും തൊഴിലും വിദ്യാഭ്യാസവും ആരോഗ്യവും വ്യാപാരവും ചരിത്രവും കീഴ്‌മേൽ മറിക്കുന്ന നീക്കങ്ങളാണ് അഞ്ചാറ് മാസങ്ങൾ കൊണ്ട് പുതിയ അഡ്മിനിസ്‌ട്രേറ്റർ നടപ്പിൽ വരുത്തിയത്. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് ദ്വീപിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഉൾപ്പെടെ ഒന്നിലും മത്സരിക്കാൻ പാടില്ല എന്ന നിയമം കൊണ്ടുവന്നു. ആരുടെയും ഭൂസ്വത്ത് വികസനത്തിന്റെ പേരിൽ പിടിച്ചെടുക്കാവുന്ന, ദ്വീപ് വാസികളായ ആരെയും ഏതുസമയത്തും കുടിയൊഴിപ്പിക്കാൻ ആവശ്യമായ “ലക്ഷദ്വീപ് ഡവലപ്മെന്റ് അതോറിറ്റി റെഗുലേഷൻ 2021 ആക്ട്” ആണ് ഏറ്റവും അപകടകരം. നൂറ്റാണ്ടുകളായി ദ്വീപ് ജനതക്ക് ഭൂസ്വത്തിലുള്ള അവകാശങ്ങളെ കവർന്നെടുക്കാനുള്ള നിയമ നിർമാണമാണ്. വികസനം എന്ന മറവിൽ കോർപ്പറേറ്റ് കുത്തകകൾക്ക് ദ്വീപിനെ ഘട്ടം ഘട്ടമായി മറിച്ചു വിൽക്കാനും ദ്വീപ് അവകാശികളായ അവിടുത്തെ ജനതയെ അരികുവത്കരിക്കാനും പര്യാപ്തമാണ് ഈ നിയമം.

പൊതുവേ കുറ്റകൃത്യങ്ങളില്ലാത്ത ദ്വീപിൽ ഗുണ്ടാ ആക്ട് കൊണ്ടുവന്നു. ലക്ഷദ്വീപ് വെറ്ററിനറി വകുപ്പ് മികച്ച നിലയിൽ നടത്തിവരുന്ന ഡയറി ഫാമുകൾ അടച്ചുപൂട്ടാനും ഗുജറാത്ത് ആസ്ഥാനമായ തിരുഭുവൻദാസ് “പട്ടേൽ” കുടുംബം സ്ഥാപിച്ച “അമുൽ” പ്രൊഡക്റ്റ് ലക്ഷദ്വീപിൽ സുലഭമാക്കാനുമുള്ള നീക്കങ്ങളും ഇതിനകം നടപ്പിലാക്കിക്കഴിഞ്ഞു. ബീഫ് നിരോധിക്കാനുള്ള കരട് നിയമങ്ങളും പുറത്തിറക്കി. ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങളായിരുന്ന ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മത്സ്യബന്ധനം, മൃഗ സംരക്ഷണം തുടങ്ങിയ വകുപ്പുകൾ വെട്ടിക്കളഞ്ഞു. വിവിധ തസ്തികകളിലെ താത്്കാലിക സർക്കാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു.

ദുരൂഹമായ അജൻഡകൾ

മുൻ അഡ്മിനിസ്ട്രേറ്ററായ ദിനേശ്വർ ശർമയും ദ്വീപ് എം പിയും മറ്റു ജനപ്രതിനിധികളും സാമൂഹിക-ആരോഗ്യപ്രവർത്തകരും സൂക്ഷ്മമായി നടപ്പിൽ വരുത്തിയ ക്വാറന്റയിൻ നിയമങ്ങൾ പൂർണമായും നീക്കം ചെയ്തു. ആ നിമിഷംവരെ ദ്വീപിനെ ബാധിക്കാത്ത കൊവിഡ് നാശം വിതക്കാനും സാധാരണക്കാർ പുറത്തിറങ്ങാതെ, ഭയപ്പെട്ട് ജീവിക്കുന്ന അവസ്ഥയും വന്നു. ഇതിനിടയിലാണ് അതിവേഗത്തിൽ കരട് വിജ്ഞാപനങ്ങൾ ഇറക്കുന്നതും പുതിയ നിയമ പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതും. സാധാരണക്കാർക്ക് പ്രതികരിക്കാനോ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനോ ഉള്ള സാവകാശമില്ല. ഇന്റർനെറ്റ് സംവിധാനവും ദുർബലം. ഇപ്പോൾ സമൂഹ മാധ്യമങ്ങൾക്കും നിയന്ത്രണങ്ങൾ വന്നുകഴിഞ്ഞു. ദ്വീപിലെ വാർത്തകൾ കൈകാര്യം ചെയ്തിരുന്ന ഓൺലൈൻ പോർട്ടലുകളും കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം പൂട്ടിക്കഴിഞ്ഞു. ദ്വീപിലെ ജനങ്ങൾ ഇതുവരെ ഏറ്റെടുത്ത് നടത്തിപ്പോന്ന ചെറുകിട ജോലികളുടെ കോൺട്രാക്റ്റുകൾ ഒന്നിച്ചാക്കി കോടികളുടെ ക്വട്ടേഷൻ നൽകുന്ന പുതിയൊരു തീരുമാനവും കരട് രൂപത്തിലായിക്കഴിഞ്ഞു. കൽപേനിയിൽ സ്വകാര്യ വാഹനങ്ങൾക്ക് പെട്രോൾ നൽകരുതെന്നാണ് പുതിയ ഉത്തരവ്. പ്രെട്രോൾ വിതരണം ചെയ്യുന്ന കോ ഓപറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിംഗ് സൊസൈറ്റികളിൽ ഇതുസംബന്ധിച്ച നോട്ടീസ് പതിച്ചുകഴിഞ്ഞു.

ദ്വീപ് നിവാസികളുടെ ആശങ്കകൾ

നിലവിലുള്ള അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിച്ചാൽ പോലും തങ്ങളുടെ പ്രശ്‌നങ്ങൾ തീരാൻ പോകുന്നില്ല എന്ന ആശങ്കയിലാണ് ലക്ഷദ്വീപ് ജനത. ദ്വീപിനെ എല്ലാ നിലക്കും തകർക്കാനും വികസനത്തിന്റെ പേര് പറഞ്ഞ് കോർപറേറ്റ് അജൻഡകൾ നടപ്പിലാക്കാനും കേന്ദ്ര ഭരണകൂടം തീരുമാനിച്ചാൽ അത് നടക്കുമെന്ന ഭീതിയിലാണ് ഇപ്പോൾ ഈ മനുഷ്യർ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണയും പലർക്കുമില്ല. വേണ്ടത്ര വിവരങ്ങൾ കൃത്യമായി സാധാരണക്കാർക്ക് എത്തുന്നുമില്ല. നിലവിൽ ദ്വീപുകാർ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങൾ വർഗീയമായി ചിത്രീകരിക്കാനും മുസ്‌ലിംകളുടെ മാത്രം വിഷയമാക്കാനുമുള്ള ശ്രമങ്ങളും മറ്റൊരു ഭാഗത്ത് ശക്തമാണ്. ജാതി, മത, ഭേദമന്യേ ലോകത്തെ എല്ലാ മനുഷ്യരെയും ഹൃദ്യമായി സ്വീകരിച്ച ഈ മനുഷ്യർ ഇനിയെന്നാണ് സ്വസ്ഥമായി ഒന്നുറങ്ങുക? തങ്ങളുടെ ജീവിതവും മണ്ണും കൺമുന്നിൽ ഒലിച്ചുപോകുന്നത് ഇനിയെത്ര നാൾ ഇവർ സഹിക്കണം?

മാധ്യമങ്ങളിലെ ദ്വീപുകൾ

രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളിൽ ലക്ഷദ്വീപ് പ്രതിസന്ധി ഇത്രയുംനാൾ അതിന്റെ തീവ്രതയിൽ ചർച്ചയായിട്ടില്ല. ദേശീയ രംഗത്തെ ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളിലും പത്രങ്ങളിലും ഇതൊരു വാർത്തയേയല്ല. റിപ്പബ്ലിക്, സീ ന്യൂസ് തുടങ്ങിയ ചാനലുകളിൽ പ്രധാനമന്ത്രി കൊണ്ടുവരാൻ പോകുന്ന സ്വപ്‌നതുല്യമായ വികസനത്തെക്കുറിച്ചാണ്. ലോക മലയാളികൾ നടത്തുന്ന പ്രതിഷേധവും ദ്വീപിലെ മനുഷ്യാവകാശ ലംഘനങ്ങളും അട്ടിമറിയുമൊന്നും മാധ്യമങ്ങൾ കാണുന്നേയില്ല. അതേസമയം, ദ്വീപ് ജീവിതത്തെ വർഗീയമായി വിഭജിക്കാൻ സഹായിക്കുന്ന കവറേജുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇംഗ്ലീഷ് ന്യൂസ്‌റൂമുകളിൽ കാണാൻ കഴിഞ്ഞത്.
എല്ലാം കൃത്യമായ ഒരു അജൻഡയുടെ ഭാഗമാവുകയും അതനുസരിച്ചുള്ള തകൃതിയായ നീക്കങ്ങൾ നടക്കുകയും ചെയ്യുമ്പോൾ കേന്ദ്രഭരണകൂട സംരക്ഷകരായ രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങൾ മാത്രം സത്യം വിളിച്ചുപറയും എന്ന് പ്രതീക്ഷിക്കേണ്ടതില്ല.

ഔലിയാക്കൾ ഞങ്ങളെ കാക്കും

നിലവിലെ പ്രതിസന്ധിക്ക് രാഷ്ട്രീയമായ പരിഹാരത്തേക്കാൾ ആത്മീയമായ പരിഹാരമുണ്ടാകുമെന്നാണ് ദീപിലെ പാരമ്പര്യ വിശ്വാസികളായ മനുഷ്യർ കരുതുന്നത്. ഇത്രയും കാലം ഞങ്ങളുടെ ദ്വീപിനെ കാത്തുപോന്ന ഔലിയാക്കൾ ഈ പ്രതിസന്ധിയിലും ഞങ്ങളെ രക്ഷിക്കും എന്നാണ് സാധാരണക്കാരായ ദ്വീപുകാരുടെ വിശ്വാസം. ഈ ഫീച്ചർ തയ്യാറാക്കാനായി സംസാരിച്ച എല്ലാ ദ്വീപുകാരുടെ പ്രതികരണങ്ങളിലും ആ ആത്മവിശ്വാസം കാണാൻ സാധിച്ചു. അല്ലാഹുവിന്റെ സഹായം തങ്ങൾക്കെത്തുമെന്നും ദ്വീപിൽ മൺമറഞ്ഞ സൂഫികൾ തങ്ങളുടെ ജീവിതപ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ഇവർ ഉറച്ചുവിശ്വസിക്കുന്നു. ജീവിതത്തിൽ പ്രയാസങ്ങൾ വരുമ്പോൾ മഹാന്മാരെ വിളിച്ച് കാവൽ തേടാറുള്ള ഈ നിഷ്‌കളങ്കരായ മനുഷ്യർ ഈ പ്രതിസന്ധി കാലത്തും അതുതന്നെ ചെയ്യുന്നു. മൗലിദും റാതീബും മാലകളും ഇവർക്ക് ഉൾക്കരുത്ത് പകരുന്നു. ഇന്നല്ലെങ്കിൽ നാളെ ഏതെങ്കിലും അദൃശ്യശക്തികൾ രക്ഷക്കെത്തുമെന്ന്, അങ്ങനെ കോർപറേറ്റ് അജൻഡകൾ പരാജയപ്പെടുമെന്ന് ഇവർ അക്ഷരാർഥത്തിൽ വിശ്വസിക്കുന്നു.
.