Connect with us

Kerala

തങ്കച്ചന്റെ കടയും തിരഞ്ഞെടുപ്പ് തിരക്കിലാണ്

Published

|

Last Updated

കോഴിക്കോട് | പത്തില്‍പ്പരം പാര്‍ട്ടിക്കാരുടെ ഇടയിലിരിക്കുന്ന കുന്നംകുളത്തുകാരനൊരു തങ്കച്ചനുണ്ട് ഇവിടെ നമ്മുടെ പാളയത്ത്. കൊവിഡിനൊപ്പം തദ്ദേശ തിരഞ്ഞെടുപ്പിന് നാടൊരുങ്ങിയതോടെ പാളയം മൊയ്തീന്‍ പള്ളിക്കു സമീപം മസ്ജിദ് ബസാറിലെ തങ്കച്ചന്റെ പാര്‍ട്ടിക്കടയിലും തിരക്ക് കൂടി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളുള്ള കൊടികളും തോരണങ്ങളും പേപ്പര്‍ തൊപ്പിയും ഷാളുകളും നോട്ടീസുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് തങ്കച്ചന്റെ കട.

തൃശൂര്‍ കുന്ദംകുളം സ്വദേശിയായ സി എസ് തങ്കച്ചന്‍ ഏഴ് വര്‍ഷമായി തന്റെ ബുക്ക്സ്റ്റാള്‍ പൂര്‍ണമായും പാര്‍ട്ടി സാമഗ്രികള്‍ക്കായി മാറ്റിയിട്ട്. അതിനാല്‍ പാര്‍ട്ടി സമരങ്ങള്‍, സമ്മേളനങ്ങള്‍ എന്നിവക്കായി കടയില്‍ എന്നും തിരക്കായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ കച്ചവടം അല്‍പ്പം കുറഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ കച്ചവടം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണിദ്ദേഹം.
ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും പ്രചാരണത്തിനുപയോഗിക്കാവുന്ന അമ്പതോളം പ്രചാരണ സാമഗ്രികളാണ് ഈ കൊച്ചു കടയിലുളളത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളുള്ള മാസ്‌ക്കുകള്‍ക്ക് 12 രൂപയാണ് വില. ഷാളിന് 15 രൂപയും തുണിയിലുള്ള തൊപ്പിക്ക് 20 രൂപയും കടലാസ് തൊപ്പികള്‍ക്ക് 10 രൂപയുമാണ്. ചെറിയ

പോസ്റ്ററുകള്‍ക്കൊന്നിന് 50 പൈസ നിരക്കിലാണ് വില്‍പ്പന. 100 എണ്ണം അടങ്ങിയ കെട്ടുകളായാണ് വില്‍പ്പന. ബാഡ്ജിന്റെ 100 എണ്ണത്തിന് 80 രൂപയും കൊടികള്‍ക്ക് 50 രൂപയുമാണ് വിലവരുന്നത്. ശിവകാശിയില്‍ നിന്നാണ് പോസ്റ്ററുകളും നോട്ടീസുകളും പേപ്പര്‍ തൊപ്പികളും കൊണ്ടുവരുന്നത്. കുന്ദംകുളത്തു നിന്നാണ് കൊടികളും ഷാളുകളും എത്തിക്കുന്നത്. രാവിലെ ആറരക്ക് കുന്ദംകുളത്ത് നിന്ന് കോഴിക്കോട്ടെത്തിയാണ് കട തുറക്കുന്നത്. അതിനാല്‍ സാധനങ്ങള്‍ ആവശ്യത്തിനനുസരിച്ച് കൊണ്ടുവരും.

ഇത്തവണ തിരഞ്ഞെടുപ്പ് ആഘോഷങ്ങള്‍ കൊവിഡ് കവര്‍ന്നെങ്കിലും സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങളാലും പോസ്റ്ററുകളാലും തോരണങ്ങളാലും ആവേശം ജനമനസ്സുകളിലേക്ക് എത്തിക്കാനുള്ള തിരക്കിലാണ് തങ്കച്ചന്‍.

കോഴിക്കോട്