Connect with us

Editors Pick

ഉത്തരവ് ലഭിച്ചിട്ട് ഏഴ് മാസം; 1,200 അധ്യാപകർക്ക് നിയമനമായില്ല

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്തെ എൽ പി തലം മുതൽ കോളജ് തലം വരെ നിയമന ഉത്തരവ് ലഭിച്ച അധ്യാപകർക്ക് നിയമനമായില്ല. പി എസ് സി വഴി നിയമന ഉത്തരവ് ലഭിച്ച 1,200ഓളം അധ്യാപകരുടെ കാര്യത്തിലാണ് ഏഴ് മാസമായിട്ടും നടപടിയുണ്ടാകാത്തത്. നിയമന ശിപാർശ കൈപ്പറ്റി മൂന്ന് മാസത്തിനകം ജോലിയിൽ പ്രവേശിക്കണമെന്ന പി എസ് സി ചട്ടം നിലനിൽക്കെയാണിത്.

2012ൽ അപേക്ഷ ക്ഷണിച്ച് 2015ൽ പരീക്ഷ നടത്തി 2016 ഡിസംബർ മുതൽ റാങ്ക് ലിസ്റ്റിൽപെട്ടവരുൾപ്പെടെ നിയമനം ലഭിക്കാത്തവരിലുണ്ട്. എൽ പി സ്‌കൂൾ അസിസ്റ്റന്റ്, യു പി സ്‌കൂൾ അസിസ്റ്റന്റ്, ഹൈസ്‌കൂൾ ടീച്ചർ, ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ, അസിസ്റ്റന്റ്പ്രൊഫസർ തുടങ്ങിയ റാങ്ക്‌ ലിസ്റ്റുകളിൽ നിന്ന് നിയമന ശിപാർശ കൈപ്പറ്റിയവരുടെ നിയമനമാണ് അനന്തമായി നീണ്ടുപോകുന്നത്.

നിയമനം നടത്താതെ അധ്യാപക തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതിനാൽ സർക്കാർ സ്‌കൂളുകളിൽ ഓൺലൈൻ പഠനം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ അധ്യയന വർഷം വരെ താത്കാലിക അധ്യാപകരെങ്കിലും സർക്കാർ സ്‌കൂളുകളിൽ ജോലി ചെയ്തിരുന്നെങ്കിലും ഈ അധ്യയന വർഷം താത്കാലിക നിയമനവും നടത്തിയിട്ടില്ല. സാധാരണ ഗതിയിൽ അധ്യയന വർഷാവസാനം നിയമന ശിപാർശ ലഭിച്ചവർക്ക് മധ്യവേനലവധി കഴിഞ്ഞ് സ്‌കൂൾ തുറന്നതിന് ശേഷമാണ് നിയമനം നൽകാറുള്ളത്. എന്നാൽ, ഇപ്രാവശ്യം കൊവിഡ് കാരണം സ്‌കൂൾ തുറക്കാനായിട്ടില്ല. തസ്തിക നിർണയവും നടത്തിയിട്ടില്ല. സ്‌കൂൾ തുറക്കുന്ന മുറക്ക് നിയമനം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിയമന ശിപാർശ ലഭിച്ച അധ്യാപകർ കടുത്ത പ്രതിഷേധത്തിലാണ്.

സാമ്പത്തിക മാന്ദ്യവും അധ്യാപക നിയമനത്തിന് തടസ്സമായി സർക്കാറിന് മുന്നിൽ നിൽക്കുന്നുണ്ട്. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയുള്ള സമയത്തും ഓൺലൈൻ പഠനത്തിൽ കാര്യമായ റോളില്ലാത്ത 2,685 സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചത് നിയമനം കാത്തു കഴിയുന്ന അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. മറ്റ് പല മേഖലകളിലും കൃത്യമായി നിയമനം നടത്തുന്ന സംസ്ഥാന സർക്കാർ അധ്യാപക നിയമനം മാത്രം തടഞ്ഞുവെക്കുന്നുവെന്നാണ് ആക്ഷേപം. കഴിഞ്ഞ അധ്യയന വർഷം വരെ ഈ ഉദ്യോഗാർഥികളിൽ ഭൂരിഭാഗം പേരും താത്കാലിക അധ്യാപകരായി ജോലി ചെയ്തിരുന്നവരാണ്. സ്‌കൂൾ തുറക്കാത്തതിനാൽ ഈ അധ്യയന വർഷം ആ ജോലിയും ലഭിച്ചില്ല. അൺഎയ്ഡഡ് സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന പലർക്കും നിയമന ശിപാർശ ലഭിച്ചതോടെ ആ സ്ഥാപനത്തിലെ ജോലിയിൽ നിന്ന് ഒഴിവാക്കപ്പെട്ടു.
ജനുവരി മുതൽ നിയമന ശിപാർശ ലഭിച്ച തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ യു പി എസ് എ ഉദ്യോഗാർഥികൾക്കും കണ്ണൂർ ജില്ലയിലെ എൽ പി എസ് എ ഉദ്യാഗാർഥികൾക്കും ഫെബ്രുവരിയിൽ നിയമനം നൽകിയിട്ടുണ്ട്. എന്നാൽ ജനുവരി മുതൽ നിയമന ശിപാർശ നൽകിയ മറ്റ് ജില്ലക്കാർക്കും മറ്റ് ലിസ്റ്റിലുള്ളവർക്കും നിയമനം ലഭിച്ചില്ലെന്നാണ് ആക്ഷേപം.

തെങ്ങു കയറ്റം മുതൽ ഡ്രൈവിംഗ് വരെ ചെയ്യുന്നു

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ തുടർന്ന് കൂടുതൽ വിദ്യാർഥികളെത്തിയതിനാലുണ്ടായ അധിക തസ്തികകളിൽ നിയമിച്ച നിരവധി അധ്യാപകർക്ക് നിയമനാംഗീകാരമായില്ല. സർക്കാർ നിർദേശിച്ച 1:1 പാലിച്ചിട്ടും 2016 മുതലുള്ള പല അധ്യാപകർക്കും നിയമനാംഗീകാരം നൽകിയിട്ടില്ല.

എന്നാൽ, 2018- 19, 2019- 20 അധ്യയന വർഷത്തിൽ നിയമിക്കപ്പെട്ട ചില അധ്യാപകർക്ക് നിയമനാംഗീകാരം നൽകിയപ്പോൾ പോലും ചട്ടങ്ങൾ പാലിച്ച 2016കാരെ തഴഞ്ഞു. 2016 ഡിസംബറിൽ കേരള വിദ്യാഭ്യാസ ചട്ടം ഭേദഗതി ചെയ്താണ് 1:1 നിയമനം നൽകണമെന്ന സർക്കാർ നിർദേശം. എന്നാൽ ഈ ഉത്തരവ് വരുന്നതിന് മുമ്പ് 2016 ജൂണിൽ നിയമനം ലഭിച്ച പലർക്കും നിയമനാംഗീകാരം നൽകിയിട്ടില്ല. അപ്പീൽ അനുവദിച്ച് കിട്ടിയതിനെ തുടർന്ന് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഉൾപ്പെടെ കഴിഞ്ഞവർ ഇക്കൂട്ടത്തിലുണ്ട്.

ഈ വർഷം ഫെബ്രുവരി മുതൽ അപ്രൂവൽ ബട്ടൻ പ്രവർത്തിക്കാത്തതിനാലാണ് ഇവരുടെ നിയമനാംഗീകാരം തടസ്സപ്പെട്ടത്. ഇത് ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ചട്ടങ്ങൾ പാലിച്ചിട്ടും ഇത്തരത്തിൽ നിയമനാംഗീകാരം കിട്ടാൻ കാത്തിരിക്കുന്നവർക്ക് പുറമെ മാനേജ്‌മെന്റുകൾ 1:1 പാലിക്കാത്തതിനെ തുടർന്ന് 2016 മുതൽ നിയമനാംഗീകാരം ലഭിക്കാത്ത നൂറ് കണക്കിന് അധ്യാപകർ വേറെയുമുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിച്ച അധ്യാപകരാണ് നീറുന്ന മനസ്സുമായി ഈ ലോക്ക്ഡൗൺ കാലത്ത് പോലും ഒരു സാമ്പത്തിക സഹായവും ലഭിക്കാതെ, ശമ്പളം ലഭിക്കുന്ന അധ്യാപകരെ പോലെ ഓൺലൈൻ പഠനവും സജീവമായി മുന്നോട്ട് കൊണ്ടുപോകുന്നത്.

നിയമനാംഗീകാരം ലഭിക്കാത്തതിനാൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഡ്രൈവിംഗ്, തെങ്ങുകയറ്റം, മറ്റ് കൂലിപ്പണികൾ ഉൾപ്പെടെ ചെയ്താണ് പല അധ്യാപകരും ദിനങ്ങൾ തള്ളിനീക്കുന്നത്. നിയമനാംഗീകാരം ലഭിക്കാൻ സർക്കാറിന്റെ കനിവിനായി കാത്തിരിക്കുകയാണിവർ.

Latest