Connect with us

Ongoing News

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുന്നു; സൗഹൃദ മത്സരങ്ങളില്‍ മാറ്റുരച്ച് ടീമുകള്‍

Published

|

Last Updated

ലണ്ടന്‍ | കൊവിഡ്- 19 വ്യാപനം കാരണം നിര്‍ത്തിവെച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഈ മാസം 17ന് പുനരാരംഭിക്കാനിരിക്കെ, ടീമുകളുടെ സൗഹൃദ മത്സരങ്ങള്‍ ആരംഭിച്ചു. എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ആഴ്‌സനല്‍ ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്ക് ഷാള്‍ട്ടന്‍ അത്‌ലറ്റിക്കിനെ കീഴടക്കി. കാണികളില്ലാത്ത സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.

അലക്‌സ് ലകാസിറ്റും പിര്‍ എമെരിക് ഓബമേയാംഗും ആദ്യ പകുതിക്ക് മുമ്പായി ആഴ്‌സനലിന് വേണ്ടി ഗോള്‍ നേടി. എഡ്ഡി ങ്കെറ്റിയ രണ്ടാം പകുതിയില്‍ ഹാട്രിക് നേടിയത് ശ്രദ്ധേയമായി. ജോ വില്ലോക് ആണ് അവസാന ഗോള്‍ നേടിയത്.

നിലവില്‍ പ്രീമിയര്‍ ലീഗില്‍ ഒമ്പതാം സ്ഥാനത്തുള്ള ആഴ്‌സനല്‍ ജൂണ്‍ 17ന് മാഞ്ചസ്റ്റര്‍ സിറ്റിയുമായി കൊമ്പുകോര്‍ക്കും. സിറ്റിയുടെ തട്ടകത്തിലാണ് മത്സരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് പുറമെ പ്രധാന ഫുട്‌ബോള്‍ മത്സരങ്ങള്‍ പുനരാരംഭിക്കുകയാണ്. സ്പാനിഷ് ലാ ലിഗ ജൂണ്‍ 11നും സീരി എ ജൂണ്‍ 20നും ആരംഭിക്കും. ബുണ്ടസ് ലിഗ മെയ് 16ന് ആരംഭിച്ചിരുന്നു. ബ്രിട്ടീഷ് സര്‍ക്കാറിന്റെ അനുമതി ലഭിച്ചാല്‍ ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പര ലണ്ടനില്‍ ആരംഭിക്കാനിരിക്കുകയാണ്.

---- facebook comment plugin here -----

Latest