Connect with us

Articles

വ്യാധിയും അകാരണ ഭീതിയും

Published

|

Last Updated

കൊവിഡ് 19 ഓരോ ഭൂഖണ്ഡത്തില്‍ നിന്നും മറ്റു ഭൂഖണ്ഡങ്ങളിലേക്ക് അതിവേഗം പടര്‍ന്നുകഴിഞ്ഞു. അതോടൊപ്പം കൊവിഡ് 19 മാരകമായ ഒരു രോഗമാണെന്ന് പത്ര മാധ്യമങ്ങളില്‍ കൂടി നാം അറിയുന്നു. അതിന് പ്രത്യേകമായ ചികിത്സയില്ല, തടയാന്‍ വാക്‌സിന്‍ സൗകര്യം ലഭ്യമല്ല എന്ന ചിന്തകളും മനുഷ്യരെ വേട്ടയാടുന്നു. ആളൊഴിഞ്ഞ നഗരങ്ങളും സാമ്പത്തികക്രമം കുത്തഴിഞ്ഞ അവസ്ഥയും കൂടി കാണുമ്പോള്‍ പൊതുജനങ്ങള്‍ക്ക് അകാരണമായ ഭീതി ഉണ്ടാകുന്നു. കൊറോണ വൈറസിനെ സംബന്ധിച്ച ഇത്തരം അകാരണമായ ഭയത്തെയാണ് കൊറോണ ഫോബിയ എന്ന് വിളിക്കുന്നത്. അതായത് അസുഖത്തെ കുറിച്ച് അതിരുകവിഞ്ഞ അകാരണമായുള്ള ഭീതി വരുമ്പോഴാണ് ഇതിനെ ഫോബിയ എന്ന് വിളിക്കുന്നത്. തികച്ചും രോഗാതുരമായ അവസ്ഥ തന്നെയാണിത്.
ഒട്ടുമിക്ക ആളുകളിലും കൊറോണ വൈറസ് ബാധിച്ച് കഴിഞ്ഞാല്‍ അത് ചെറിയൊരു ജലദോഷപ്പനിപോലെ വന്ന് മാറാവുന്ന അസുഖമേയുള്ളൂ. അതിലെ മരണ നിരക്ക് ഏകദേശം മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ട് ചെറിയ രീതിയില്‍ ഈ വൈറസ് ബാധ വന്നാല്‍ ചികിത്സ ഇല്ലാതെ തന്നെ മാറിപ്പോകുന്നതാണ്. ഒട്ടുമിക്കവര്‍ക്കും അസുഖം വന്നതായി പോലും അറിയാന്‍ കഴിയില്ല. എന്നാല്‍ പലപ്പോഴും കൊറോണ വൈറസിനെ കുറിച്ചുള്ള അകാരണമായ ഭീതി വലിയ പ്രതിസന്ധി ഉണ്ടാക്കുന്നു. ആളുകള്‍ ഇതിനെ കുറിച്ചോര്‍ത്ത് ഉത്കണ്ഠാകുലരാകുന്നു, പരിഭ്രാന്തിയുള്ളവരായി മാറുന്നു. മനഃശാസ്ത്രപരമായി, ഇത്തരത്തിലുള്ള അകാരണമായ കൊറോണ ഭീതി വരാനുള്ള ചില പ്രത്യേക കാരണങ്ങള്‍ എന്താണെന്ന് നോക്കാം.
വൈറസിനെ സംബന്ധിച്ച് സമീപകാലത്ത് കിട്ടുന്ന വിവരങ്ങള്‍ മാത്രമാണ് ആളുകളുടെ മനസ്സില്‍ കൂടുതലായി തങ്ങിനില്‍ക്കുക. അപ്പപ്പോള്‍ ലഭ്യമായിട്ടുള്ള എല്ലാ വിവരങ്ങളും ഭീതിജനകമാണെങ്കില്‍ അതെല്ലാം നാം കൂട്ടിവായിക്കും. ഇത് തീര്‍ച്ചയായും അസുഖത്തെ കുറിച്ചുള്ള അകാരണമായ ഭീതി ഉണ്ടാക്കിയെടുക്കും. നോണ്‍ സ്‌റ്റോപ്പ് മീഡിയ സൈക്കിള്‍ അകാരണമായ ഭീതിയുണ്ടാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. അതായത് പത്രങ്ങളായാലും ചാനലുകളായാലും കൊറോണ വൈറസിനെ കുറിച്ചും അതിന്റെ ഭീതിജനകമായ അവസ്ഥയെ കുറിച്ചും നമുക്ക് 24 മണിക്കൂറും വിവരങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും ഇത്തരത്തിലുള്ള ദൃശ്യ, പത്ര മാധ്യമങ്ങളില്‍ കൂടി ലഭിക്കുന്ന വാര്‍ത്തകളില്‍ പലതും ഭീതിയുണ്ടാക്കുന്നവയാണ്. ദിവസത്തിന്റെ ഭൂരിഭാഗവും ദൃശ്യ, ശ്രവ്യ മാധ്യമങ്ങളില്‍ കൂടി വൈറസ് ബാധയെ കുറിച്ച് കേട്ടുകൊണ്ടിരിക്കുന്ന ആള്‍ സ്വാഭാവികമായും പരിഭ്രാന്തിയില്‍ അകപ്പെടും.

മറ്റൊന്ന്, ഇമോഷണല്‍ പെര്‍സപ്ഷന്‍ എന്ന് വിളിക്കുന്ന സംഗതിയാണ്. ഒരു വസ്തുവിനെ നമ്മള്‍ യുക്തിസഹിതം സമീപിക്കാതെ വെറും വൈകാരികമായി മാത്രം അതിനെ നേരിടുന്ന ഒരു പ്രക്രിയയെയാണ് ഇമോഷണല്‍ പെര്‍സപ്ഷന്‍ എന്ന് പറയുന്നത്. കൊറോണ വൈറസിനേക്കാള്‍ അപകടകാരികളായ, കൊറോണ ബാധിച്ച് മരിച്ചവരേക്കാള്‍ കൂടുതല്‍ ആളുകള്‍ മരിച്ചുപോയിട്ടുള്ള അതിഭീകരമായ വൈറസുകളും സംഭവങ്ങളും ലോകത്ത് ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള സംഭവത്തേക്കാള്‍ കൊറോണ വൈറസ് ബാധയെ ഭീതിയോടെ നോക്കിക്കാണുന്ന സാഹചര്യമാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വ്യക്തമായ ട്രീറ്റ്‌മെന്റ് ഇല്ലെന്ന് നമുക്കറിയാം. വൈറസ് ഓരോ വ്യക്തിയിലും ഏത് രീതിയില്‍ എങ്ങനെ ബാധിക്കും എന്ന കാര്യത്തില്‍ ശാസ്ത്രീയമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. ഈ വിധത്തില്‍ അവ്യക്തമായിട്ടുള്ള ഒരു സന്ദര്‍ഭത്തെ നേരിടേണ്ടി വരുമ്പോള്‍ ആളുകള്‍ അതിനെതിരെ പ്രതികരിക്കുന്നത് ആരോഗ്യപരമായിട്ടായിരിക്കില്ല എന്നുള്ളതാണ് വസ്തുത. നമുക്ക് എന്താണ് സംഭവിക്കാന്‍ സാധ്യതയുള്ളത് എന്നറിയാത്ത സന്ദര്‍ഭത്തെ അനാരോഗ്യമായി നേരിടുന്നതാണ് ഇപ്പോള്‍ നമ്മുടെ നാടുകളില്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതായത് എനിക്ക് ഈ അസുഖം ഉണ്ടാകുമ്പോള്‍ ഞാന്‍ ഇതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടും എന്ന് നിരന്തരം ചിന്തിക്കുന്നു. അങ്ങനെ നിരന്തരം ചിന്തിക്കുന്ന ആളുകള്‍ ആവശ്യത്തിലധികം മാസ്‌കുകള്‍ വാങ്ങിക്കൂട്ടുന്നു. നിരന്തരം സംശയത്തോടെ കൈകള്‍ കഴുകിക്കൊണ്ടിരിക്കുന്നു. ജനതാ കര്‍ഫ്യൂവും ലോക്ക്ഡൗണ്‍ പ്രഖ്യാപനവും വന്നപ്പോഴുള്ള സന്ദര്‍ഭം ആലോചിച്ചു നോക്കൂ. പച്ചക്കറി കിട്ടുമോ, മറ്റു ഭക്ഷ്യ സാധനങ്ങള്‍ കിട്ടുമോ എന്ന് അകാരണമായി പേടിച്ചാണ് ആളുകള്‍ ഒന്നടങ്കം സാധനങ്ങള്‍ വാങ്ങിക്കൂട്ടിയത്. ജനതാ കര്‍ഫ്യൂവിന്റെ തലേന്ന് രാത്രി നമ്മള്‍ കണ്ടത് അതാണ്. ജനങ്ങളുടെ ഇങ്ങനെയുള്ള അനാരോഗ്യകരമായ പ്രതികരണം തീര്‍ച്ചയായും അസുഖം കൂടാനേ സഹായിക്കൂ. കാരണം എല്ലാവരും കൂട്ടംകൂട്ടമായി സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും പച്ചക്കറിക്കടകളിലേക്കും പോകുന്നു, തെരുവുകളില്‍ കൂട്ടം കൂടി നില്‍ക്കുന്നു. ഇതുമൂലം സാമൂഹിക അകലം പാലിക്കാന്‍ കഴിയാതെ വരികയും അത് വൈറസിന്റെ അതിശക്തമായ വ്യാപനത്തിന് സാധ്യത തെളിയിക്കുകയും ചെയ്യുന്നു. കുറച്ച് ദിവസം മുമ്പ് വൈറസ് ബാധയെ തടുക്കുന്ന ചില മരുന്നുകളെ കുറിച്ച് ചില പ്രചാരണങ്ങളുണ്ടായി. ഒരു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ മാര്‍ക്കറ്റുകളില്‍ ഈ മരുന്നുകള്‍ തീര്‍ന്നുപോയി. അനാരോഗ്യകരമായുള്ള ഈ പ്രവണത അകാരണമായ രോഗ ഭീതിയില്‍ നിന്ന് ഉടലെടുത്തതാണെന്ന് വ്യക്തം.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഡോക്ടറെ സമീപിക്കാതെ സ്വന്തമായി മെഡിസിന്‍ കണ്ടെത്തി കഴിക്കുക എന്നതും രോഗഭീതിയുടെ ലക്ഷണമാണ്. പലര്‍ക്കും വാട്‌സ്ആപ്പ് വഴിയും യൂട്യൂബ് വഴിയും തെറ്റായ ചില ധാരണകള്‍ കിട്ടിയിട്ടുണ്ട്. ചില മരുന്നുകള്‍ കഴിച്ചാല്‍ രോഗം ഉണ്ടാകില്ല എന്നതാണ് വിവരം. ഇത് തെറ്റാണ്. മാത്രമല്ല ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് കൂടുതല്‍ അപകടം വിളിച്ചുവരുത്തുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
മുന്‍ ധാരണയും മറ്റൊരു വെല്ലുവിളിയാണ്. കൊറോണ വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാനില്‍ നിന്നായിരുന്നു. ഇതിന് പിറകെ വുഹാനെയും ചൈനയെയും കുറ്റപ്പെടുത്തി പലരും രംഗത്തുവന്നു. അതായത് നമുക്ക് പേടിവരുമ്പോള്‍ നമ്മള്‍ അതിന്റെ കാരണം കണ്ടെത്താതെ പേടിക്ക് കാരണം നീയാണ്, അവനാണ് എന്നിങ്ങനെ മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന പ്രവണത. വുഹാനില്‍ നിന്ന് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പലരും അതിനെ വൈകാരികമായും മുന്‍ധാരണയോടെയും സമീപിച്ചു. ഇതും ഇതിലപ്പുറവും സംഭവിച്ചാലും അതിശയോക്തിയില്ല എന്ന രീതിയില്‍ വൈകാരികമായി പ്രതികരിക്കുന്ന സാഹചര്യം ഉണ്ടായി. ഇങ്ങനെയുള്ള വൈകാരികമായ പ്രതികരണത്തിന്റെ ഫലമായി യുക്തിസഹമായുള്ള തീരുമാനം എടുക്കാന്‍ കഴിയാതെ വരും.

കൊറോണ ഫോബിയയില്‍ ഏറ്റവും കൂടുതലായി വരുന്നത് പാനിക് അറ്റാക്കാണ്. തനിക്ക് കൊറോണ ബാധിച്ചു എന്ന ചിന്തയില്‍ അതികഠിനമായ ഭീതിയും നെഞ്ചിടിപ്പും ശ്വാസംമുട്ടും അനുഭവിക്കും. ഇപ്പോള്‍ തന്നെ മരിച്ചുപോകുമെന്ന ഭീതിയില്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പോകും.
പരിഹാരമെന്ത്?

കൊറോണ ഫോബിയ ലഘൂകരിക്കാന്‍ എന്ത് ചെയ്യാമെന്ന് നോക്കാം. മാധ്യമങ്ങളുടെ അതിപ്രസരം മൂലം സംഭവിക്കുന്നതാണ് പാനിക് അറ്റാക്ക്. അതുകൊണ്ട് ശാസ്ത്രീയമായി നമുക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രം മാധ്യമങ്ങളില്‍ നിന്നായാലും സാമൂഹിക മാധ്യമങ്ങളില്‍ നിന്നായാലും തിരഞ്ഞെടുക്കുക. മറ്റെല്ലാം നമ്മള്‍ വിട്ടുകളയുക. അതിനെ പറ്റി ശ്രദ്ധിക്കാതിരിക്കുന്നതാണ് നല്ലത്. മറ്റൊന്ന് പ്രായോഗികമായി ചെയ്യാവുന്ന ചില മുന്‍കരുതലുകള്‍ സ്വീകരിക്കുക. അതായത് നമ്മള്‍ സാമൂഹിക അകലം പാലിക്കുക. ചെറിയ പനി അനുഭവപ്പെടുമ്പോഴേക്കും കൊറോണ ബാധിച്ചു എന്ന ചിന്തയില്‍ ആശുപത്രിയിലേക്ക് പരിഭ്രാന്തരായി ഓടാതിരിക്കുക. കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ കണ്ടാല്‍ അധികൃതര്‍ പറയുന്നത് പ്രകാരം ചികിത്സ തേടുക. അനാവശ്യമായുള്ള ആശുപത്രി സന്ദര്‍ശനം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ. അതുകൊണ്ട് ടെംപറേച്ചര്‍ കൂടുതലാണെങ്കില്‍ മാത്രം ആശുപത്രികളില്‍ പോയാല്‍ മതി.

കൊറോണ രോഗ ഭീതി ഏറ്റവും കൂടുതലായി ബാധിക്കാന്‍ സാധ്യതയുള്ളത് മാനസിക രോഗങ്ങളുള്ള വ്യക്തികളെയാണ്, പ്രത്യേകിച്ചും അമിത ഉത്കണ്ഠ, പാനിക് ഡിസ്ഓര്‍ഡര്‍ പോലുള്ള അസുഖങ്ങളുള്ള ആളുകളെ. അതുകൊണ്ട് ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങളില്‍ ഇവര്‍ മരുന്ന് കഴിക്കുന്നത് ഒഴിവാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആവശ്യമെങ്കില്‍ ഡോക്ടറെ കണ്ട് മരുന്നുകളില്‍ മാറ്റം വരുത്തുകയും വേണം.

മാനസികമായി സാന്ത്വനം ലഭിക്കുന്നതിന് വേണ്ടി സുഹൃത്തുക്കളുമായോ കുടുംബത്തിലെ അടുത്തവരുമായോ സംസാരിക്കാന്‍ അവസരം സൃഷ്ടിക്കുക. കൊറോണ വൈറസ് ഒരു ഭൂഖണ്ഡത്തില്‍ നിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്ക് പടര്‍ന്നു പിടിക്കുന്നതിനേക്കാള്‍ ഭയാനകമാണ് ഇതുണ്ടാക്കുന്ന അനാവശ്യമായ ഭീതി. പകര്‍ച്ച വ്യാധി പോലെ ഇപ്പോള്‍ പടര്‍ന്നുപിടിക്കുന്നത് പേടിയാണ്. ഇതൊഴിവാക്കാന്‍ ആരോഗ്യ വിദഗ്ധര്‍ പറയുന്നതെല്ലാം ചെയ്യുക, ഒപ്പം പ്രാര്‍ഥനകളില്‍ മുഴുകുക. ഇത് മനസ്സിന് വലിയ ആശ്വാസം നല്‍കുന്ന സംഗതിയാണ്.

Latest