Connect with us

Malappuram

മാനേജർ ആള് പൊളിയാ;  ബ്ലാസ്റ്റേഴ്സിന്റെ കിരീട നേട്ടത്തിന് ചുക്കാൻ പിടിച്ചത് റാസി

Published

|

Last Updated

കിരീടവുമായി ഹിദായത്ത് റാസി

മലപ്പുറം | പിറവിയെടുത്തിട്ട് ആറ് വർഷം കാത്തിരിക്കേണ്ടി വന്നു കേരളാ ബ്ലാസ്റ്റേഴ്‌സിന് ഒരു കിരീടം നേടാൻ. കേരളാ പ്രീമിയർ ലീഗിലൂടെ ബ്ലാസ്റ്റേഴ്‌സ് ഷോ കേസിലേക്ക് ആദ്യ കിരീടം എത്തുമ്പോൾ അതിന് ചുക്കാൻ പിടിച്ചത് കേരള ഫുട്്ബോളിന്റെ ഈറ്റില്ലമായ മലപ്പുറത്തിന്റെ തന്ത്രങ്ങൾ. ടീം മാനേജർ മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഹിദായത്ത് റാസിയുടെ കീഴിലാണ് ബ്ലാസ്റ്റേഴ്സ് കന്നിക്കിരീടം നേടിയത്. വല്ലാർപ്പാടം സ്വദേശി രഞ്ജിത്ത് ആണ് ടീം പരിശീലകൻ. കഴിഞ്ഞ രണ്ട് വർഷമായി ടീമിനൊപ്പമുള്ള രഞ്ജിത്ത് നേരത്തേ ഈഗിൾസ് എഫ് സി യുടെ കോച്ചായിരുന്നു.

[irp]
പലപ്പോഴും ബ്ലാസ്റ്റേഴ്സിനെ പിന്നോട്ട് വലിച്ചത് നിർഭാഗ്യം ആയിരുന്നുവെങ്കിൽ കെ പി എല്ലിൽ നേരെ തിരിച്ചാണ്. സെമിയിലും ഫൈനലിലും ടൈം ബ്രേക്കർ കടമ്പ ഭാഗ്യത്തിന്റെ പിൻബലത്തിൽ മറികടന്നാണ് ബ്ലാസ്റ്റേഴ്സ് കിരീടത്തിൽ മുത്തമിട്ടത്.
കോഴിക്കോട്ട് നടന്ന കെ പി എൽ ഫൈനലിൽ ആതിഥേയരായ ഗോകുലം കേരള എഫ് സി യെയാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. അതും നേരത്തേ, ഗോകുലം അക്കാദമിയുടെ ചുമതലയുണ്ടായിരുന്ന ഹിദായത്ത് റാസിയിലൂടെ.
നിലവിൽ ബ്ലാസ്റ്റേഴ്സ് റിസർവ്, അണ്ടർ 18 ടീമുകളുടെ മാനേജർ ആണ് റാസി. കോച്ചിംഗിൽ ഡി ലൈസൻസുള്ള റാസി രണ്ട് വർഷമായി ടീമിനൊപ്പമുണ്ട്. സ്‌കൂൾ, കോളജ് തലങ്ങളിൽ ഗോൾ കീപ്പർ ആയിരുന്നു.

[irp]
കൂടുതലും അണ്ടർ 18 കളിക്കാർ ഉള്ള ടീം സ്‌ക്വാഡിൽ 30 പേരാണുള്ളത്. 12 പേർ മലയാളികൾ. അണ്ടർ 16 ദേശീയ ക്യാമ്പിലുള്ള രണ്ട് പേരെ ഒഴിച്ച് എല്ലാവരെയും ടീം കളിപ്പിച്ചിട്ടുണ്ട്. എല്ലാവർക്കും അവസരം കൊടുക്കുക എന്നതാണ് ടീമിന്റെ നയം. അതിനാൽ തന്നെ ലീഗിന്റെ തുടക്കത്തിൽ ചില പ്രയാസങ്ങൾ നേരിട്ടിരുന്നു.
എന്നാൽ ഇപ്പോൾ ടീം സെറ്റായി. എല്ലാ താരങ്ങളും നല്ല പ്രകടനം കാഴ്ചവെക്കുന്നുണ്ട്.
ടീമിന്റെ അടുത്ത ലക്ഷ്യം ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ ടേബിൾ ടോപ് ആകുക എന്നതാണ് – റാസി പറയുന്നു.
മക്കരപ്പറമ്പ് പൊതുകുണ്ട് സ്വദേശി കുഞ്ഞിമുഹമ്മദ് – സലീമ ദമ്പതികളുടെ മകനാണ്. ഭാര്യ അസ്മ അധ്യാപികയാണ്. ഷാഹിറ, ഷാഹിർ മക്കളും.

Latest