Connect with us

Gulf

അറബ് റീഡിംഗ് ചലഞ്ച്: മഅ്ദിന്‍ വിദ്യാര്‍ഥിക്ക് ഉന്നത സ്ഥാനം

Published

|

Last Updated

ദുബൈ: അറബ് റീഡിംഗ് ചലഞ്ചില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മലപ്പുറം മഅ്ദിന്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സ് വിദ്യാര്‍ഥി മുഹമ്മദ് ഇസ്ഹാഖ് പെരുമ്പാവൂരിനു ഉന്നത സ്ഥാനം. 25 രാജ്യങ്ങളില്‍ നിന്നായി 74 ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ ആദ്യ 20 സ്ഥാനത്ത് എത്തിയാണു മഅ്ദിന്‍ വിദ്യാര്‍ഥി ഇന്ത്യക്ക് അഭിമാനമായത്. 41,000 വിദ്യാലയങ്ങളില്‍ നിന്നാണ് ഇത്രയുംപേര്‍ മത്സരങ്ങളില്‍ പങ്കെടുത്തത്.

വായനാലോകത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട അറബ് റീഡിംഗ് ചലഞ്ചിന്റെ ഉപജ്ഞാതാവ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആണു. ദുബൈ ഓപ്പറ ഹൗസ് തിയറ്ററില്‍ നടന്ന സമാപന, സമ്മാനദാന ചടങ്ങില്‍ ശൈഖ് മുഹമ്മദ് വിദ്യാര്‍ഥികളെയും മികച്ച പ്രകടനം കാഴ്ച വെച്ച സ്ഥാപനങ്ങളെയും അനുമോദിച്ചു. മന്ത്രിമാര്‍, ശൈഖുമാര്‍ ഭരണതലത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങി വലിയ ജനാവലി സമാപന പരിപാടിക്ക് എത്തിയിരുന്നു.
ഫലസ്തീനില്‍ നിന്നുള്ള അഫാഫ് ശരീഫ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഈജിപ്തില്‍ നിന്നുള്ള ശെരീഫ് സെയ്ദ് മുസ്തഫ രണ്ടാം സ്ഥാനത്തും യുഎഇയിലെ ഹഫ്‌സ അല്‍ ദന്‍ഹാനി മൂന്നാം സ്ഥാനത്തുമെത്തി.

ഒന്നാം സ്ഥാനത്തെത്തിയ വിദ്യാര്‍ഥിക്ക് ഒന്നര ലക്ഷം അമേരിക്കന്‍ ഡോളറാണ് (ഏകദേശം ഒരു കോടി ഇന്ത്യന്‍ രൂപ) സമ്മാനമായി നല്‍കിയത്. ഒന്നാം സ്ഥാനത്തെത്തുന്ന വിദ്യാലയത്തിന് 10 ലക്ഷം ഡോളറും ലഭിച്ചു. ഇതില്‍ ഒരോ ലക്ഷം വീതം സ്‌കൂള്‍ മാനേജര്‍, സ്‌കൂള്‍ സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ളതായിരുക്കും. ബഹ്‌റൈനില്‍ നിന്നുള്ള അല്‍ ഐമാന്‍ സ്‌കൂള്‍ ആണു ഈ സമ്മാനത്തിനു അര്‍ഹമായത്.

തങ്ങളുടെ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെ വായനക്ക് പ്രേരിപ്പിച്ചതിനാണ് ഇവര്‍ക്ക് ഇത്രയും തുക സമ്മാനമായി നല്‍കുന്നത്.

 

Latest