Connect with us

Articles

സൗഹൃദത്തിന്റെ മുഖം, സൗമ്യതയുടെയും

Published

|

Last Updated

സൗഹൃദത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും കൊതി തീരാതെയാണ് ഉമര്‍ സാഹിബ് വിടപറയുന്നത്. ബന്ധങ്ങളെ അത്രമേല്‍ കരുതലോടെ കാത്തു പോന്ന മനുഷ്യനായിരുന്നു അദ്ദേഹം. സംഘടനയായാലും ഔദ്യോഗിക ജീവിതമായാലും എല്ലാ തുറകളിലും സ്‌നേഹത്തിന്റെയും സൗമ്യതയുടെയും കരുതല്‍ അദ്ദേഹം അനുവര്‍ത്തിച്ചു. അത് കൊണ്ട് തന്നെ ആര്‍ക്കും അസൂയ ഉണ്ടാക്കുന്ന ബന്ധങ്ങളുടെ വിശാലത അദ്ദേഹം കൈവരിച്ചു. സംഘടനയില്‍ ഏത് ഉന്നത സ്ഥാനത്തിരിക്കുമ്പോഴും അദ്ദേഹം സാധാരണ പ്രവര്‍ത്തകന്റെ വരെ ധര്‍മങ്ങള്‍ നിര്‍വഹിച്ചു. സരസനായ ഉമര്‍ സാഹിബിന് തന്റെ കീഴ് ജീവനക്കാരോ സഹപ്രവര്‍ത്തകരോ ഭയം നിറഞ്ഞ ബഹുമാനമല്ല നല്‍കിയത്. പലപ്പോഴും അവര്‍ അത്ര മുതിര്‍ന്ന ഒരു നേതാവിനോട് പെരുമാറുന്നത് പോലെയല്ല ഇടപഴകിയത്. സുഹൃത്തുക്കളെപ്പോലെയായിരുന്നു. എന്നിട്ടും യഥാര്‍ഥ ആദരവിന്റെ തലങ്ങള്‍ അദ്ദേഹം ആര്‍ജിച്ചു. ഇനി ഉമര്‍ സാഹിബില്ലെന്ന സത്യത്തിന് മുന്നില്‍ ഞങ്ങള്‍ സിറാജിലെ സഹപ്രവര്‍ത്തകര്‍ ഇത്രക്ക് അന്തിച്ചു നില്‍ക്കുന്നത് അത്‌കൊണ്ടാണ്.

ഊര്‍ജസ്വലതയാണ് ഉമര്‍ സാഹിബിനെ അടയാളപ്പെടുത്തുന്ന ഏറ്റവും പ്രധാന ഘടകം. ഒഴിവു വേളകള്‍ എന്നൊന്നുണ്ടായിരുന്നില്ല അദ്ദേഹത്തിന്. പത്രമാപ്പീസില്‍ നിന്ന് ഇറങ്ങിയാല്‍ സ്റ്റേഡിയം പള്ളിയുടെ പണി നോക്കും. നാട്ടിലെ മഹല്ലിന്റെ പ്രവര്‍ത്തനങ്ങളുണ്ടാകും. അതിനിടക്ക് രോഗികളെ സന്ദര്‍ശിക്കാനുണ്ടാകും. വിവാഹമടക്കമുള്ള എല്ലാ ചടങ്ങുകളിലും പരമാവധി പങ്കെടുക്കും. നിരവധി മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം വഹിക്കാനുണ്ടാകും. സംഘടനയുടെ വിവിധ തലങ്ങളിലുള്ള സമിതികളില്‍ അംഗവും നേതാവുമായ ഉമര്‍ സാഹിബ് യോഗങ്ങളില്‍ കൃത്യമായി പങ്കുടുക്കുമായിരുന്നു. അടിസ്ഥാനപരമായി യാത്രാ പ്രിയനായിരുന്നു അദ്ദേഹം. പത്രത്തിന് വേണ്ടി അദ്ദേഹം നിരന്തരം യാത്രകള്‍ നടത്തി. ആര് പോകുമെന്ന് ചോദ്യത്തിന് മുന്നില്‍ സദാ സന്നദ്ധനായി അദ്ദേഹമുണ്ടാകുമായിരുന്നു.

സിറാജിന്റെ എല്ലാ പടവുകളിലും ഉമര്‍ സാഹിബിന്റെ കാലടിപ്പാടുകളുണ്ട്. സംഘടനാ യോഗങ്ങളിലെ വലിയ വലിയ അജന്‍ഡകളില്‍ ചിലപ്പോള്‍ പത്രം മുങ്ങിപ്പോകുമ്പോള്‍ അദ്ദേഹം “നമ്മുടെ പത്ര”ത്തിന്റെ കാര്യം ഉണര്‍ത്തിക്കൊണ്ടിരുന്നു. പത്രത്തിന്റെ കുറവുകളെ നിശിതമായി വിമര്‍ശിക്കാനും മറ്റു പത്രങ്ങളുമായി താരതമ്യപ്പെടുത്താനും അദ്ദേഹം മുതിര്‍ന്നത് ഈ ആത്മാര്‍ഥമായ സ്‌നേഹം കൊണ്ടായിരുന്നു. ആ വിമര്‍ശങ്ങളെ പരിമിതികള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് മുന്നില്‍ പ്രതിരോധിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുമ്പോഴും ആ വാക്കുകള്‍ തിരുത്തലുകള്‍ക്കുള്ള പ്രചോദനമായിരുന്നുവെന്നതാണ് സത്യം.
പത്രത്തിന്റെ പബ്ലിക് റിലേഷന്‍ ഓഫീസറായിരിക്കാന്‍ അദ്ദേഹം സര്‍വഥാ യോഗ്യനാകുന്നത് അദ്ദേഹത്തിന്റെ വാര്‍ത്താ ബോധം കൊണ്ടാണ്. പത്രങ്ങള്‍ അദ്ദേഹം അരിച്ച് പെറുക്കും. വാര്‍ത്തകളും വിശകലനങ്ങളും അവധാനപൂര്‍വം പിന്തുടരും. പരമ്പരാഗത മുസ്‌ലിം കാഴ്ചപ്പാടിലൂടെ കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ വല്ലാത്ത പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. ട്രംപ് അധികാരത്തില്‍ വരുന്നതാകട്ടെ, യു പിയില്‍ യോഗി ആദിത്യ നാഥിനെ മുഖ്യമന്ത്രിയാക്കുന്നതാകട്ടെ എല്ലാത്തിലും അദ്ദേഹത്തിന് കൃത്യമായ കാഴ്ചപ്പാടുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ ഭാവിയെക്കുറിച്ച് തന്റെ ആശങ്കകള്‍ പങ്കുവെക്കുമ്പോള്‍ താന്‍ കടന്നു പോകുന്ന കാലം ഒരു മനുഷ്യനെ എങ്ങനെയാണ് ഉലച്ച് കളയുന്നത് എന്ന് കാണാനാകും. അപാരമായ ചരിത്ര ബോധവും ഭാവിയേക്കുറിച്ച് കാഴ്ചപ്പാടുകളും ഉള്ളയാള്‍ മാത്രമേ സമൂഹത്തിന് വേണ്ടി ഇങ്ങനെ തപിക്കുകയുള്ളൂ. ചരിത്രത്തില്‍ ചില സംഭവങ്ങളും തീയതികളും ഒത്തുവരുന്നതും ഓര്‍ത്തുവെക്കാന്‍ കാലം ചിലസമാനതകള്‍ സമ്മാനിക്കുന്നതും യാദൃച്ഛികം. എന്നാല്‍, തൗഫീഖ് പബ്ലിക്കേഷന്‍സിന് കീഴില്‍ 1984ല്‍ സിറാജ് പത്രം പിറവി കൊണ്ട ഏപ്രില്‍ 30ന് തന്നെ പത്രത്തിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ പ്രധാനിയും അന്ത്യശ്വാസം വരെ പത്രത്തിന്റെ പ്രചാരകനുമായിരുന്ന ഉമര്‍ സാഹിബിന്റെ വിയോഗം സംഭവിച്ചത് വെറും യാദൃച്ഛികതയായി വിശേഷിപ്പിക്കാനാവില്ല.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി വരെയെത്തിയ ഔദ്യോഗിക ജീവതത്തിലുടനീളം മതത്തിന്റെ സൂക്ഷ്മത പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ശരിക്ക് വേണ്ടി കണിശത പാലിച്ചു. സത്യസന്ധമായ നിലപാടെടുക്കുന്നത് കൊണ്ട് സംഭവിക്കുന്ന നഷ്ടങ്ങളെ അദ്ദേഹം ഗൗനിച്ചില്ല. അത്‌കൊണ്ട് ക്രൂരമായ സ്ഥലം മാറ്റങ്ങള്‍ക്കും പക പോക്കലുകള്‍ക്കും അദ്ദേഹം വിധേയനായി. അവയെയെല്ലാം സൗമ്യമായി മറികടക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തോടൊപ്പമുള്ള യാത്രകള്‍ക്കിടെ പലപ്പോഴും എന്നോട് ആ സര്‍വീസ് സ്റ്റോറിയുടെ ചുരുളുകള്‍ നിവര്‍ത്തുമായിരുന്നു. അപ്പോഴൊക്കെ എത്രമാത്രം സംഭവബഹുലമായിരുന്നു ആ സുന്നി ഉദ്യോഗസ്ഥന്റെ സര്‍വീസ് കാലമെന്ന് ഞാന്‍ അത്ഭുതം കൊണ്ടിരുന്നു. എഴുതപ്പെടേണ്ട ഒരു കാലത്തിന്റെ ചരിത്രം തന്നെയാണ് അതെന്നും തോന്നിയിട്ടുണ്ട്. പക്ഷേ, ഉമര്‍സാഹിബിനെ കാണുമ്പോള്‍ നമുക്ക് തോന്നുക അദ്ദേഹം ഇനിയും ഒരു പാട് കാലം നമുക്കൊപ്പമുണ്ടാകുമല്ലോ പിന്നീടാകാം ആ കഥയെഴുത്ത് എന്നാണ്. അത്രമേല്‍ “യുവാവാ”യിരുന്നു അദ്ദേഹം.

യുവാവായിരിക്കുമ്പോഴും ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിലും മുസ്‌ലിം ലീഗ് രാഷ്ട്രീയത്തില്‍ ആകൃഷ്ടനായിരുന്നു അദ്ദേഹം. യൂത്ത് ലീഗിന്റെ രൂപവത്കരണ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ഉമര്‍ സാഹിബിന് പക്ഷേ, മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പലതിനോടും രാജിയാകാന്‍ സാധിച്ചില്ല. എല്ലായ്‌പ്പോഴും അദ്ദേഹം വിമത പക്ഷത്തായിരുന്നു. അത് ശരിയുടെ പക്ഷവുമായിരുന്നു. അഖിലേന്ത്യാ ലീഗിന്റെ സഹയാത്രികനാകുന്നത് അങ്ങനെയാണ്. ജോലിയിലിരിക്കെ തന്നെ തന്റെ സുന്നീ പക്ഷപാതിത്വം ഉമര്‍ സാഹിബ് പ്രഖ്യാപിച്ചിട്ടുണ്ട്. പാരമ്പര്യ സുന്നീ പ്രവര്‍ത്തനത്തിന് തടയിടാന്‍ പരിഷ്‌കരണവാദി ഉദ്യോഗസ്ഥര്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സഹകരണം സുന്നികള്‍ക്ക് വലിയ തുണയായി. വിരമിച്ച ശേഷം തന്റെ സാമൂഹിക പ്രവര്‍ത്തന മണ്ഡലം പൂര്‍ണമായി സുന്നീ പക്ഷത്തോട് ചേര്‍ക്കുകയായിരുന്നു അദ്ദേഹം. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍, പാറന്നൂര്‍ പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവരുടെ പിന്നില്‍ സജീവമായിരുന്നു ഉമര്‍ സാഹിബ്. ഒരു വേള അവരുടെ സഹായിയായിരുന്നു. എന്നാല്‍ അവര്‍ക്കെല്ലാം ആദരണീയനും. കോഴിക്കോട്ടെ സമീപകാല മുസ്‌ലിം ചരിത്രത്തിന്റെ ഭാഗമായി എല്ലാ അര്‍ഥത്തിലും നിലകൊണ്ട ഉമര്‍ സാഹിബിന് അതിന്റെ ഉള്‍പിരിവുകളെ കുറിച്ച് പറയാനേറെയുണ്ടായിരുന്നു.

പൊതു പ്രവര്‍ത്തനത്തില്‍ ആഴ്ന്നിറങ്ങുന്നവര്‍ക്ക് കുടുംബത്തോടുള്ള ബാധ്യതകള്‍ അതേ അളവില്‍ നിറവേറ്റാന്‍ സാധിക്കുകയെന്നത് അധിക യോഗ്യത തന്നെയാണ്. ഉമര്‍ സാഹിബ് എത്രമാത്രം പൊതു കാര്യ പ്രസക്തനായിരുന്നോ അത്ര തന്നെ കുടുംബസ്ഥനുമായിരുന്നു. കുടുംബത്തിന്റെ എല്ലാ തായ്‌വഴികളിലേക്കും അദ്ദേഹം ഊഷ്മളമായ ബന്ധത്തിന്റെ ഉര്‍വരത പകര്‍ന്നു. ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ഒരു അവസരവും അദ്ദേഹം പാഴാക്കിയില്ല. ഫാത്തിമാ ആശുപത്രിയില്‍ വൃക്ക തകര്‍ന്ന് കിടക്കുന്ന ബന്ധുവിനെ കാണാന്‍ രാവിലെ ഒരു തവണ പോയതാണ് ഉമര്‍ സാഹിബ്. വൈകീട്ട് വീണ്ടും പോയി. അവിടെ വെച്ച് അപകടത്തില്‍ പെട്ടു. കൈ നീട്ടി വീശി കര്‍മ നിരതനായി നടത്തം തുടരുമ്പോള്‍ തന്നെ ആ ചലനം നിലച്ചു. ഇടവേളക്ക് ഇടം നല്‍കാതെ…
ഉമര്‍ സാഹിബ് ഒഴിച്ചിട്ട കസേരയുടെ ശൂന്യത ഞങ്ങളെ ഭയപ്പെടുത്തുന്നു. അധീരരാക്കുന്നു. ജീവിതത്തിന്റെ അനിശ്ചിത്വത്തിനും നിസ്സാരതക്കും ആകസ്മികതക്കും മുന്നില്‍ ഞങ്ങള്‍ വിനീതരാകുന്നു.
അല്ലാഹുവേ ഞങ്ങളുടെ ഉമര്‍ സാഹിബിന് നീ കരുണ ചെയ്യേണമേ.. പരലോകം സന്തോഷമാക്കണേ.

 

---- facebook comment plugin here -----

Latest