National
കാശ്മീര്‍ വിഷയത്തില്‍ നെഹ്‌റു കാണിച്ചത് ചരിത്രപരമായ അബദ്ധം: അമിത് ഷാ

ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു കാണിച്ചത് ചരിത്രപരമായ അബദ്ധമായിരുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഇന്ത്യാ വിഭജനത്തിന് കാരണക്കാര്‍ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വമായിരുന്നുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഭാരതീയ ജനസംഘം സ്ഥാപകനായ ശ്യമാ പ്രസാദ് മുഖര്‍ജിയുടെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക് പിന്തുണയോടെ ഗോത്രവര്‍ഗക്കാര്‍ 1948ല്‍ കാശ്മീര്‍ ആക്രമിച്ചപ്പോള്‍ താല്‍ക്കാലിക യുദ്ധവിരാമം നടത്താനായിരുന്നു നെഹ്‌റുവിന്റെ തീരുമാനം. അന്ന് അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നില്ലായിരുന്നെങ്കില്‍ കാശ്മീര്‍ പ്രശ്‌നം ഇന്നുണ്ടാകില്ലായിരുന്നു. ഒരു കാരണവുമില്ലാതെ പെട്ടെന്നാണ് യുദ്ധത്തിന് താല്‍ക്കാലികമായ അവസാനമാകാമെന്ന തീരുമാനമെടുത്തത്. ഇപ്പോഴും അതിന്റെ കാരണമറിയില്ല.
ഒരു രാജ്യത്തിന്റെ നേതാവും അത്തരമൊരു ചരിത്രപരമായ മണ്ടത്തരം കാണിക്കില്ല. ആ സമയത്ത് വെടിനിര്‍ത്തല്‍ നെഹ്‌റു പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ ജമ്മു കാശ്മീര്‍ വിഷയം ഇന്നുണ്ടാകില്ലായിരുന്നു. നെഹ്‌റുവിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ആ തീരുമാനം എടുത്തത്. നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലെബ്രറിയില്‍ നടന്ന ചടങ്ങില്‍ ഷാ പറഞ്ഞു.