Connect with us

Articles

'സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍' പോലീസ് സ്റ്റേഷന്‍ പാട്ടത്തിനെടുത്ത കഥ

Published

|

Last Updated

ഫാസിസ്റ്റ് രീതിയില്‍ കൂട്ടക്കൊലകള്‍ ആവിഷ്‌കരിക്കുമ്പോള്‍ പുറമേ നിന്നുള്ള ക്രിമിനലുകളെ ഇറക്കുന്ന പതിവിന് മാറ്റം വന്നതു ഗുജറാത്ത് കലാപത്തോെടയാകണം. ഗുജറാത്തില്‍ മുസ്‌ലിംകളെ കൂട്ടക്കശാപ്പ് ചെയ്യാന്‍ ഇറക്കിയത് തലേ ദിവസവും തോളില്‍ കൈയിട്ട് നടന്നവരെയും ചായ പങ്കിട്ടു കഴിച്ചവരെയുമായിരുന്നു. മുഖത്തോട് മുഖം നോക്കി ബന്ധത്തിന്റെയും സൗഹൃദത്തിന്റെയും കഴുത്തറുക്കാനുള്ള കരളുറപ്പുണ്ടാക്കുകയാണ് ഫാസിസം. കല്ലാംകുഴിയിലും ഇത് തന്നെയാണ് സംഭവിച്ചത്. വര്‍ഷങ്ങളായി പരസ്പരം ആശ്രയിച്ചും സ്‌നേഹിച്ചും കഴിഞ്ഞുവന്നവരെ കശാപ്പുകാരാക്കുക! കൂട്ടക്കശാപ്പിന് വേണ്ടി നിര്‍മിച്ചെടുത്ത വെറുമൊരു കാരണമായിരുന്നു ഗോധ്ര തീവെപ്പ്. കല്ലാംകുഴി സംഭവത്തിനും ഇത്തരം ഒരു ന്യായീകരണത്തിന്റെ പഴുത് ആസൂത്രകര്‍ കണ്ടുവെച്ചിരുന്നു. 17 വര്‍ഷം മുമ്പ് കുഴിബോംബ് സ്‌ഫോടനത്തോടനുബന്ധിച്ച സംഘര്‍ഷത്തില്‍ പരുക്കേറ്റ ഒരാള്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചിരുന്നു. ഇയാളുടെ മക്കളെ കൊലയാളി സംഘത്തില്‍ ഉള്‍പ്പെടുത്തിയത് ഒരു പ്രതികാരത്തിന്റെ തിരക്കഥ രൂപപ്പെടുത്താനായിരുന്നു. കൊലയാളി സംഘത്തില്‍ ഏറെയും ദരിദ്രരായ കൂലിത്തൊഴിലാളികളാണ്. ഇതും ഗുജറാത്ത് മോഡലാണ്. മുസ്‌ലിംകളെ കൂട്ടക്കശാപ്പ് ചെയ്യാന്‍ ഫാസിസ്റ്റുകള്‍ ഇറക്കിയത് പാവപ്പെട്ട ദളിതരെയാണ്- ഈ പാവങ്ങളുടെ ജീവിതം പിന്നീട് നരകതുല്യമായത് ചരിത്രം.
കൊലപാതകം നടന്നത് കോങ്ങാട് മണ്ഡലത്തിലാണെന്നും താന്‍ മണ്ണാര്‍ക്കാടിന്റെ ജനപ്രതിനിധിയാണെന്നുമാണ് എന്‍ ശംസുദ്ദീന്‍ എം എല്‍ എയുടെ വിശദീകരണം. കല്ലാംകുഴി സംഭവത്തില്‍ പ്രതികളെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നും ഇയാള്‍ പറയുന്നു. നിയോജക മണ്ഡലം അടിസ്ഥാനത്തിലോ അതല്ല പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയുടെ അടിസ്ഥാനത്തിലോ പോലീസ് കേസുകള്‍ കൈകാര്യം ചെയ്യുക എന്നു നിയമം പഠിച്ച ഈ വക്കീല്‍ പറയണം, കല്ലാംകുഴി ഏത് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണെന്നും ആ സ്റ്റേഷന്‍ പരിധിയിലെ എം എല്‍ എ ആരാണെന്നും ഇയാള്‍ തന്നെ പറയണം. കേസന്വേഷണത്തിന്റെ നാള്‍വഴികളിലൂടെ ഒന്നു സഞ്ചരിച്ചാല്‍ അഡ്വ. ശംസുദ്ദീന്‍ പറയുന്നതിലെ ശരിയും ശരികേടും ആര്‍ക്കും ബോധ്യപ്പെടും.
എം എല്‍ എയുടെ ഭാഷയില്‍ പാര്‍ട്ടിക്കോ തനിക്കോ സംഭവത്തില്‍ യാതൊരു പങ്കുമില്ല, പഴയ കൊലപാതകത്തിനു മക്കള്‍ പ്രതികാരം തീര്‍ത്തതാണ്. കേസില്‍ ഇപ്പോള്‍ പ്രതിയായിരിക്കുന്ന ഇരുപത്തി ഏഴ് പേരും ലീഗുകാരാണ്. ഇതെല്ലാം 98ല്‍ കൊല്ലപ്പെട്ട ഒരാളുടെ മക്കളാണോ? ഈ മക്കളെല്ലാം എങ്ങനെ ഒന്നിച്ചു ലീഗുകാരായി? അല്ലെങ്കില്‍ മക്കളില്‍ നിന്ന് പാര്‍ട്ടി ക്വട്ടേഷന്‍ എടുത്തതാണോ?
മണ്ണാര്‍ക്കാട് എം എല്‍ എയുടെ സ്റ്റേഷന്‍ പരിധിയില്‍ അതിഭീകരമായ ഒരു കൂട്ടക്കൊല നടന്നു. എന്നിട്ട് ഈ എം എല്‍ എ എന്ത് ചെയ്തു? പാര്‍ട്ടിക്കും തനിക്കും പങ്കില്ലെങ്കില്‍ സ്വാഭാവികമായും അന്ന് തന്നെ എം എല്‍ എ സംഭവസ്ഥലം സന്ദര്‍ശിക്കേണ്ടതായിരുന്നു. കൊല്ലപ്പെട്ടവരുടെ വീടുകളിലും പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന ആശുപത്രിയിലും അദ്ദേഹത്തെ കാണേണ്ടതായിരുന്നു. കൊലക്ക് കൊല തന്നെ ആയിരുന്നാലും നാട്ടിലെ നിയമമനുസരിച്ച് അത് കുറ്റകൃത്യമാണ്. ഇങ്ങനെ ഒരു കുറ്റകൃത്യം നടന്നിട്ട് ആഴ്ചകളോളം പ്രതികള്‍ പിടിക്കപ്പെട്ടില്ല. പ്രദേശത്തെ ഉത്തരവാദപ്പെട്ട നിയമസഭാ സാമാജികന്‍ എന്ന നിലക്ക് ഇയാള്‍ക്ക് ഒരു പ്രസ്താവന ഇറക്കാമായിരുന്നില്ലേ? പൈശാചികമായ ഈ ക്രൂരകൃത്യത്തെ ഒന്ന് അപലപിക്കാമായിരുന്നില്ലേ? എന്തേ ഒന്നുമുണ്ടായില്ല?
രണ്ട് ചെറുപ്പക്കാരെ വെട്ടിനുറുക്കി ഏഴ് കുഞ്ഞുങ്ങളെ അനാഥരാക്കി, രണ്ട് യുവതികളെ വിധവകളാക്കി, തൊണ്ണൂറ് കഴിഞ്ഞ ഒരു വൃദ്ധയെ കണ്ണീര്‍ക്കടലിലാക്കി, സംഭവം വിവരിക്കുമ്പോള്‍ നാട്ടുകാര്‍ക്ക് ഇപ്പോഴും കണ്ണീരടക്കാനാകുന്നില്ല. ഒരു നാടിനെ തീരാസങ്കടത്തിലാക്കി. ജാതിമതഭേദമില്ലാതെ പാര്‍ട്ടി വ്യത്യാസമില്ലാതെ നേതാക്കളും ജനങ്ങളും കല്ലാംകുഴിയിലും പള്ളത്ത് വീട്ടിലും വന്നു. രണ്ടേ രണ്ട് സംഘടനയുടെ ആളുകളെ മാത്രം കണ്ടില്ല- മുസ്‌ലിം ലീഗിന്റെയും ചേളാരി സമസ്‌യുടെയും! ഇവരെ കാണുമ്പോള്‍ കിണ്ണംകട്ടവരെപ്പോലെ ആര്‍ക്കെങ്കിലും തോന്നും എന്ന ഭയമായിരുന്നോ? കണ്‍വെട്ടത്ത് ഇങ്ങനെ ഒരു അരുംകൊല നടന്നിട്ട് ഇളക്കം തട്ടാത്ത മണ്ണാര്‍ക്കാട് എം എല്‍ എ എന്താ കാനായി കുഞ്ഞിരാമന്റെ സൃഷ്ടിയായിരുന്നോ?
ഇനി ഈ കേസിന്റെ നാള്‍വഴികള്‍ നോക്കുക. പ്രതികളെ പിടികൂടിയ രീതി, കേസ് ഫ്രൈം ചെയ്ത വിധം, രായ്ക്കുരാമാനം പ്രതികള്‍ക്ക് ജാമ്യം കിട്ടിയത്, ജാമ്യവ്യവസ്ഥയും നാട്ടിലെ സകല നിയമങ്ങളും പുല്ലാക്കി പ്രതികള്‍ നടത്തിയ ഗുണ്ടാ വിളയാട്ടത്തിന്റെ കഥ, സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന്റെയും കൊല്ലപ്പെട്ടവരുടെ വീടിനു നേരെ കല്ലെറിഞ്ഞതിന്റെയും കഥ, ഒരു ദിവസം ജോലിക്ക് പോയില്ലെങ്കില്‍ അന്ന് പട്ടിണിയാകുന്ന പ്രതികളുടെ വീടുകളില്‍ സമ്പത്‌സമൃദ്ധി പൂത്തിറങ്ങുന്നതിന്റെ കഥ! മി. ശംസുദ്ദീന്‍, താങ്കള്‍ക്ക് പറയാനാകുമോ ഇതൊക്കെ സ്വയംഭൂവാണെന്ന്; പാര്‍ട്ടിക്കും താങ്കള്‍ക്കും ഇതിലൊന്നും ഒരു പങ്കുമില്ലെന്ന്? കെ എന്‍ എ ഖാദറിനെയും സി മോയിന്‍കുട്ടിയെയും പോലെ ഇരുത്തം വന്ന പ്രമുഖരെ മാറ്റിനിര്‍ത്തിയിട്ടും മണ്ണാര്‍ക്കാട്ട് താങ്കളെ തന്നെ വീണ്ടും മത്സരിപ്പിച്ചത് ഈ സമുദായത്തോടുള്ള വെല്ലുവിളിയാണ്, പാര്‍ട്ടി നല്‍കുന്ന സന്ദേശം വ്യക്തമാണ്- കളിക്കേണ്ട. കളിച്ചാല്‍ വെട്ടിനിരത്തും, ഉന്മൂലനം ചെയ്യും!
സംഭവത്തിനുടനെ രണ്ടേ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്, അതും കൂട്ട ആക്രമണത്തിനിടയില്‍ ഉന്നം തെറ്റി പരുക്കേറ്റ് ആശുപത്രിയിലെത്തിയ രണ്ട് പേര്‍. അടുത്ത ദിവസം വാര്‍ഡ് അംഗം കൂടിയായ ലീഗ് നേതാവിനെ പോലീസ് പിടികൂടി. ബ്രേക്കിംഗ് ന്യൂസ് മിന്നേണ്ട താമസം, പിടിച്ച അതേ വേഗത്തില്‍ നേതാവ് പുറത്തിറങ്ങി. പിന്നെ എല്ലാം ശാന്തമായിരുന്നു, കുറേ നാളത്തേക്ക് ഒരനക്കവുമില്ല. സുന്നീ സംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയപ്പോള്‍ ഗത്യന്തരമില്ലാതെ അടുത്ത നാടകം അരങ്ങേറി- രണ്ടും മൂന്നും പേരെന്ന കണക്കില്‍ പാര്‍ട്ടി ഓഫീസില്‍ നിന്നും കൊടുക്കുന്ന ലിസ്റ്റിനനുസരിച്ച് പ്രതികളെ പിടിച്ചുതുടങ്ങി. മൂന്നാളെ പാലത്തിന്റെ ചുവട്ടില്‍ നിന്ന്, രണ്ടാളെ കടമുറിയുടെ പിന്നില്‍ നിന്ന്, നാലാളെ അവിടെ നിന്ന്, പിന്നെ ഇവിടെ നിന്ന്… ഈ പിടുത്തങ്ങളെല്ലാം പോലീസ് നടത്തിയത് അതീവ “സാഹസിക”മായായിരുന്നത്രേ.
പിടികൂടിയ പ്രതികളൊന്നും പത്ത് നാള്‍ തുടര്‍ച്ചയായി ജയിലില്‍ കിടന്നില്ല. സര്‍ക്കാര്‍ വക്കീലന്‍മാരും പോലീസും ഒരുവക പൊട്ടന്‍ കളിച്ചു. അകത്താകുന്നവരൊക്കെ അതിലും വേഗം പുറത്തിറങ്ങി. പുറത്തിറങ്ങിയവര്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി, ആക്രമിച്ചു, ഇത് ജാമ്യവ്യവസ്ഥയുടെ പച്ചയായ ലംഘനമായിരുന്നു. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാകും. പരാതിയുമായി ചെന്നാല്‍, പോലീസ് മനുഷ്യന് മനസ്സിലാകാത്ത ഭാഷയില്‍ സംസാരിക്കും, കോടതിയില്‍ ചെന്നാല്‍ സര്‍ക്കാര്‍ വക്കീലും പോലീസും പൊട്ടന്‍കളി ആവര്‍ത്തിക്കും. മേല്‍കോടതിയില്‍ വിധി സമ്പാദിച്ചാല്‍ വിധിപ്പകര്‍പ്പ് എസ് പി ഓഫീസില്‍ എത്തുകയില്ല. അവിടുന്ന് പുറപ്പെടും. ഇവിടെ എത്തുകയുമില്ല! ചുറ്റിക്കുകയായിരുന്നു, കളിപ്പിക്കുകയായിരുന്നു, പാര്‍ട്ടിക്ക് വേണ്ടി നിയമവും പോലീസും ചാഞ്ഞും ചരിഞ്ഞും കിടന്നുകൊടുത്തു. അത്ര കനത്ത സ്വാധീനമുണ്ടായിരുന്നു പോലീസിനു മേല്‍. ശരിയായ വിധം അന്വേഷണം നടക്കുന്ന ഘട്ടം വന്നപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. മൂന്നും നാലും എഫ് ഐ ആര്‍ ഉള്ളവര്‍, രണ്ടും മൂന്നും പെറ്റീഷനുള്ളവര്‍ നാട്ടില്‍ ഭീഷണി മുഴക്കി വിലസി നടക്കുന്നു, ഗള്‍ഫിലേക്ക് കടക്കുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ആക്രമിച്ചു സാക്ഷികള്‍ ആശുപത്രിയിലായി. ആശുപത്രിയിലെത്തിയ പോലീസ് നാട്ടില്‍ കുഴപ്പമുണ്ടാക്കിയെന്ന പേരില്‍ സാക്ഷികളുടെ പേരില്‍ തന്നെ കേസെടുത്തു. കല്ലാംകുഴിക്കാര്‍ക്ക് ഇത് സംബന്ധിച്ച് ഒരു പരാതിയും കൊണ്ട് സ്റ്റേഷനില്‍ കയറാന്‍ പറ്റാതായി. ചെന്നാല്‍ ഒരു ചാര്‍ജ് ഉറപ്പ്. പോലീസ് സ്റ്റേഷന്‍ “സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍” പാട്ടത്തിനെടുക്കുകയായിരുന്നു. പാവം പാവം പാര്‍ട്ടിയും എം എല്‍ എയും ഇതൊന്നും അറിയുന്നില്ല, കേള്‍ക്കുന്നില്ല, ഇടപെടുന്നില്ല! ജനങ്ങളേ…നിങ്ങളിതൊക്കെ തൊണ്ടതൊടാതെ തുള്ളിവെള്ളം ചേര്‍ക്കാതെ വിഴുങ്ങിക്കൊള്ളണം.!
പള്ളത്ത് കുടുംബത്തില്‍ ഒരു സ്വത്ത് തര്‍ക്കം ഉത്ഭവിച്ചിരുന്നു. അതിന്റെ പേരില്‍ കേസും പ്രശ്‌നങ്ങളും നിലനിന്നിരുന്നു. കുടുംബാംഗങ്ങള്‍ക്കിടയില്‍ രമ്യമായി തീരേണ്ട ഒരു പ്രശ്‌നം ലീഗുകാര്‍ ഇടപെട്ട് വഷളാക്കി, നാട്ടുകാരെ രണ്ട് പക്ഷത്താക്കി വര്‍ഷങ്ങളോളം കേസ് നടത്തിച്ചു. പള്ളത്ത് കുടുംബത്തെ ഒതുക്കുകയായിരുന്നു ലക്ഷ്യം. ഒടുവില്‍ മുഹമ്മദ് ഹാജിക്ക് അനുകൂലമായി കോടതി വിധിയുണ്ടായി. മുഴുവന്‍ സ്വത്തും തിരിച്ചുകിട്ടി. പക്ഷേ, ഹാജിയും മക്കളും അന്തസ്സ് കാണിച്ചു. ന്യായമായ വിഹിതം മാത്രം എടുത്തു ബാക്കി ഭൂമി തോറ്റ എതിര്‍കക്ഷിക്ക് തന്നെ വിട്ടുകൊടുത്തു. പഴയ വിദ്വേഷവും വൈരാഗ്യവും മറന്നു. ഒരു പതിറ്റാണ്ടിലേറെയായി ആ കുടുംബം സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയുമാണ് കഴിയുന്നത്. പാര്‍ട്ടി നടത്തിയ അരുംകൊല പഴയ കുടുംബ വഴക്കില്‍ വരവ് വെക്കാന്‍ ശ്രമിക്കേണ്ട, പാഴ്‌വേലയാണ്.
1998ല്‍ കുഴിബോംബു വെച്ച് പള്ളത്ത് കുടുംബത്തെ ഇല്ലാതാക്കാന്‍ നടത്തിയ ശ്രമം ദയനീയമായി പൊളിഞ്ഞതാണ്. തലനാരിഴക്ക് പരുക്കുകളോടെയാണ് അന്നവര്‍ രക്ഷപ്പെട്ടത്. ബോംബ് വെച്ചവര്‍ ഫലമറിയാന്‍ അടുത്ത പറമ്പില്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. പണി പാളിയെന്നു കണ്ടപ്പോള്‍ ഒളിച്ചിരുന്നവര്‍ ആയുധങ്ങളുമായി ചാടി വീണു ആക്രമിച്ചു. ബോംബിന്റെ കരിയും പുകയും നിലത്തുനിന്നുയര്‍ന്ന പൊടിപടലങ്ങള്‍ക്കുമിടയില്‍ ദിശയറിയാതെയായിരുന്നു ആക്രമണം. സംഘര്‍ഷസ്ഥലത്ത് മക്കള്‍ ഉണ്ടെന്നറിഞ്ഞ് പിന്തിരിപ്പിക്കാന്‍ ഓടിവന്ന പാലക്കാപറമ്പില്‍ മുഹമ്മദ് എന്നയാള്‍ക്ക് കൂട്ടപ്പൊരിച്ചിലിനിടയില്‍ തലക്ക് അടിയേറ്റു. പരുക്ക് പറ്റിയ മുഹമ്മദ് മൂന്ന് ദിവസം പെരിന്തല്‍മണ്ണ ആശുപത്രിയില്‍ കഴിഞ്ഞു, നാലാം ദിവസം മരിച്ചു. ജീപ്പിനകത്ത് ഏഴ് പേരായിരുന്നു ഉണ്ടായിരുന്നത്. അക്രമി സംഘത്തില്‍ മുപ്പതിലധികം പേരുണ്ടായിരുന്നു. പൊടിപടലങ്ങള്‍ക്കിടയില്‍ ആരുടെ അടിയേറ്റാണ് മുഹമ്മദിന് പരിക്കുപറ്റിയതെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. കേസന്വേഷിച്ച പോലീസിനും അതു കണ്ടെത്താനായില്ലെന്ന് എഫ് ഐ ആറില്‍ പറയുന്നുണ്ട്.
തങ്ങളുടെ ബാപ്പയെ ആരാണ് അടിച്ചതെന്നോ എങ്ങനെയാണ് പരുക്കേറ്റതെന്നോ അറിയില്ലെന്നും പള്ളത്ത് കുടുംബത്തിന് ഇതില്‍ യാതൊരു പങ്കുമില്ലെന്നും കേസിലെ ഒന്നാം സാക്ഷിയും, മരിച്ച മുഹമ്മദിന്റെ മൂത്ത മകനുമായ ഇസ്മാഈല്‍ വിസ്താരത്തിനിടയില്‍ കോടതിയില്‍ മൊഴി കൊടുത്തു. ഉമ്മയും മക്കളുമടങ്ങിയ മറ്റു സാക്ഷികളും ഇതേ മൊഴിയാണ് നല്‍കിയത്. ഈ കേസ് പാലക്കാട് അഡീഷനല്‍ സെഷന്‍സ് ഫാസ്റ്റ് ട്രാക്ക് കോടതി 2005 ജൂലൈ 15ന് വെറുതെ വിട്ടു. അതിനു ശേഷം മുഹമ്മദിന്റെ കുടുംബവും പള്ളത്ത് വീട്ടുകാരുമായി സൗഹൃദത്തിലാണ് കഴിഞ്ഞുവന്നത്. കൃഷിക്കാര്യത്തിലും മറ്റും തറവാട്ടുകാരെയും സഹായിക്കാന്‍ സംഭവം നടക്കും വരെ മുഹമ്മദിന്റെ മകന്‍ ജലീല്‍ കൂടെ ഉണ്ടായിരുന്നു. പ്രതികാരത്തിന്റെ കഥ മനയാന്‍ വേണ്ടിയാണ് കൊലയാളി സംഘത്തില്‍ ഇവരെ ഉള്‍പ്പെടുത്തിയത്. പാലക്കാപറമ്പില്‍ മുഹമ്മദും പള്ളത്ത് വീട്ടുകാരും തമ്മില്‍ യാതൊരു കുടുംബ ബന്ധവുമില്ല, സ്വത്ത് കേസില്‍ ഇവര്‍ കക്ഷികളുമല്ല. ഇരട്ടക്കൊലക്കേസില്‍ മുഹമ്മദിന്റെ മക്കളില്‍ ആരുമല്ല ഒന്നാം പ്രതി. ലീഗ് പ്രാദേശിക നേതാവ് സിദ്ദീഖാണ്. പ്രതികാരത്തിന് ചെന്നപ്പോള്‍ മകനുപകരം പാര്‍ട്ടി നേതാവെങ്ങനെ ഒന്നാം പ്രതിയായി?
പാര്‍ട്ടിയുടെ ആധിപത്യം ഉറപ്പിക്കുന്നതിനും കൂടെ നില്‍ക്കുന്ന ചേളാരി സമസ്തക്ക് മഹല്ല് പിടിച്ചടക്കാന്‍ സൗകര്യമൊരുക്കുന്നതിന് വേണ്ടി ലീഗ്- ചേളാരി നേതൃത്വവും മഹല്ല് കമ്മിറ്റിയും ചേര്‍ന്ന് നടപ്പാക്കിയ ഉന്മൂലന പദ്ധതിയാണ് കല്ലാംകുഴി ഇരട്ടക്കൊല. 1998ല്‍ ഉഗ്ര സ്‌ഫോടനത്തിനുപയോഗിച്ചത് നിരോധിത ജലാറ്റിന്‍ സ്റ്റിക്കാണ്. ഒന്നല്ല, മൂന്നെണ്ണം. ഇതിന്റെ ഉറവിടവും സ്‌ഫോടക വസ്തു ലൈസന്‍സുള്ള പ്രാദേശിക നേതാവിന്റെ ബന്ധവും തുടങ്ങി ഉമ്മറപ്പടികള്‍ പലതും വിളിച്ചുപറയുന്ന നാളുകളാണ് ഇനി വരാനിരിക്കുന്നത്. ആക്രമികള്‍ക്ക് ആത്യന്തിക വിജയമില്ല.
(ഒ എം തരുവണ-9400501168)