Connect with us

Sports

റൊണാള്‍ഡോക്ക് അഞ്ച് ഗോള്‍; ഇടിത്തീയായി റയല്‍

Published

|

Last Updated

മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക് അടക്കം അഞ്ച് ഗോളുകളുമായി തകര്‍ത്താടിയപ്പോള്‍ സ്പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡിന് മിന്നുന്ന ജയം. ഒന്നിനെതിരെ ഒമ്പത് ഗോളുകള്‍ക്ക് ഗ്രാനഡയെയാണ് റയല്‍ തറപറ്റിച്ചത്. റയലിനായി കരിം ബെന്‍സേമ രണ്ടും ഗരെത് ബെയ്ല്‍ ഒരു ഗോള്‍ നേടിയപ്പോള്‍ റയലിനായി ഗ്രനാഡയുടെ ഡിഗോ മെയ്‌സ് സെല്‍ഫ്‌ഗോളും നല്‍കി. കാസ്‌ട്രോയുടെ വകയായിരുന്നു ഗ്രാനഡയുടെ ആശ്വാസ ഗോള്‍. 30,36,38,54,89 മിനുട്ടുകളിലാണ് റൊണാള്‍ഡോ ഗോള്‍മഴ വര്‍ഷിച്ചത്. 52,56 മിനുട്ടിലാണ് ബെന്‍സേമയുടെ ഗോളുകള്‍ പിറന്നത്. ആദ്യ പകുതി പിന്നിടുമ്പോള്‍ 4-0 ആയിരുന്നു സ്‌കോര്‍. മത്സരത്തില്‍ ഗ്രാനഡയുടെ പ്രതിരോധക്കാരും ഗോളിക്കും വെറും കാഴ്ചക്കാരുടെ റോള്‍ മാത്രമായിരുന്നു.
ചരിത്രത്തില്‍ ആദ്യമായാണ് റൊണാള്‍ഡോ ഒരു മത്സരത്തില്‍ അഞ്ച് ഗോള്‍ നേടുന്നത്. ഇതില്‍ ആദ്യ മൂന്ന് ഗോളുകള്‍ പിറന്നത് വെറും എട്ട് മിനുട്ടിനുള്ളില്‍. ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ തുടക്കം മുതല്‍ക്കെ റയല്‍ ആക്രമണമഴിച്ചുവിട്ടു. 25ാം മിനുട്ടില്‍ ഗരെത് ബെയ്‌ലാണ് ഗോള്‍മഴക്ക് തുടക്കമിട്ടത്. ഗ്രനാഡയുടെ പ്രതിരോധക്കാരനെയും ഓടിയെത്തിയ ഗോളിയെയും കബളിപ്പിച്ച് പന്തുമായി മുന്നേറി ബെയ്ല്‍ ഗോള്‍ വലയിലാക്കി. ബെയ്‌ലിന്റെ സീസണിലെ പതിനേഴാം ഗോളായിരുന്നു ഇത്. പിന്നീട് റൊണാള്‍ഡോയുടെ തേരോട്ടമായിരുന്നു. 30 മിനുട്ടില്‍ ജെയിംസ് റോഡ്രിഗസില്‍ നിന്ന് പന്ത് സ്വീകരിച്ച് പോസ്റ്റിന്റെ ഇടത് വശത്ത് നിന്ന് തൊടുത്ത ഗോള്‍ നേരെ വലയിലാക്കി ആദ്യ ഗോള്‍. തൊട്ടുപിന്നാലെ സമാനമായ രീതിയില്‍ റോണോയുടെ രണ്ടാം ഗോള്‍. രണ്ട് മിനുട്ടിനുള്ളില്‍ ഗ്രാനഡയുടെ ഗോളി ഒയറിന്റെ കൈയില്‍ തട്ടിത്തെറിച്ച പന്ത് തകര്‍പ്പന്‍ ഷോട്ടിലൂടെ വലയിലെത്തിച്ച് റൊണാള്‍ഡോ ഹാട്രിക്ക് നേട്ടം തികച്ചു. ഈ സീസണിലെ അദ്ദേഹത്തിന്റെ അഞ്ചാം ഹാട്രിക് ഗോള്‍ നേട്ടമാണിത്. ലാലിഗയിലെ 24ാമത്തെതും. റയല്‍ മാഡ്രിനായി ഇത് ആദ്യമായാണ് റോണാള്‍ഡോ ഒരു മത്സരത്തില്‍ അഞ്ച് ഗോളുകള്‍ നേടിയത്. നേരത്തെ നാല് തവണ അദ്ദേഹം നാല് ഗോളുകള്‍ വീതം നേടിയിരുന്നു. അഞ്ച് ഗോള്‍ പ്രകടനത്തോടെ ഹാട്രിക്കുകളുടെ എണ്ണത്തില്‍ ലാലിഗയില്‍ ലയണല്‍ മെസിക്കൊപ്പമെത്തി റോണോ. 24 ഹാട്രിക്കുകളാണ് ഇരുവരും ഇതുവരെ നേടിയിട്ടുള്ളത്.
മറ്റുമത്സരങ്ങളില്‍ ബാഴ്‌സ സെല്‍റ്റയേയും സെവിയ്യ അത്‌ലറ്റിക് ബില്‍ബാവോയേയും തോല്‍പ്പിച്ചു. ദുര്‍ബലരായ സെല്‍റ്റാവീഗോയ്‌ക്കെതിരെ ഒരു ഗോളിന് ബാഴ്‌സ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 73ാം മിനിറ്റില്‍ മാത്യു ആണ് ഗോള്‍ നേടിയത്. മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു സവിയ്യയുടെ വിജയം. അലെക്‌സി വിദാലും ബക്കയുമാണ് സെവിയ്യക്കായി ഗോള്‍ നേടിയത്. നാല് പോയിന്റ് ലീഡോഡെ വാഴ്‌സയാണ് ലീഗില്‍ ഒന്നാമത്. 29 മത്സരങ്ങളില്‍ നിന്ന് 71 പോയിന്റാണ് ബാഴ്‌സക്ക്. 29 മത്സരങ്ങളില്‍ നിന്ന് 67 പോയിന്റ് നേടിയ റയല്‍ രണ്ടാമതാണ്. അത്‌ലറ്റിക്കോ മാഡ്രിഡ് ആണ് മൂന്നാം സ്ഥാനത്ത്.

ആദമിന്റെ അത്ഭുത ഗോള്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരെ സ്റ്റോക് സിറ്റിയുടെ ചാര്‍ലി ആദം നേടിയ മാജിക് ഗോളാണ് ഫുട്‌ബോള്‍ ആരാധകരില്‍ ഇപ്പോഴത്തെ ചര്‍ച്ച. സ്വന്തം പകുതിയില്‍ നിന്ന് തൊടുത്ത ഷോട്ട് ചെല്‍സിയുടെ വലയിലെത്തിച്ചാണ് ആദം ആരാധകരെ അത്ഭുതപ്പെടുത്തിയത്. 65 അടി അകലെ നിന്നായിരുന്നു ആദമിന്റെ ഷോട്ട്. ആദിമിന്റെ ഉജ്ജ്വല ഗോള്‍ പിറന്നെങ്കിലും സ്റ്റോക്ക് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു. 39ാം മിനുട്ടില്‍ ഹസാര്‍ഡ്, 62ാം മിനുട്ടില്‍ റിമേ എന്നിവരാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഏഴ് പോയിന്റ് ലീഡ് നേടിയ ചെല്‍സി കിരീടത്തിലേക്കുള്ള ദൂരം കുറച്ചു. 30 മത്സരങ്ങളില്‍ നിന്ന് 70 പോയിന്റുമായി ചെല്‍സി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 31 മത്സരങ്ങളില്‍ 63 പോയിന്റുമായി ആഴ്‌സണലാണ് രണ്ടാമത്.

---- facebook comment plugin here -----

Latest