Connect with us

Articles

ശ്രദ്ധേയനായ പണ്ഡിതന്‍

Published

|

Last Updated

കേരളത്തിലെ മുസ്‌ലിം പണ്ഡിതരില്‍ പ്രഗത്ഭനായ ബാപ്പു മുസ്‌ലിയാര്‍ വിട പറഞ്ഞു. വൈജ്ഞാനിക രംഗത്ത് ശ്രദ്ദേയമായ സേവനങ്ങള്‍ ചെയ്ത അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ മുസ്‌ലിം സമുദായത്തിന്റെ അധ്യാത്മിക ലോകത്തിന് നഷ്ടമായത് പകരം വെക്കാനാവാത്ത സാന്നിധ്യമാണ്.
മത പണ്ഡിതരുടെ വിയോഗം മുസ്‌ലിം സമുദായത്തിന് വലിയ നഷ്ടങ്ങളാണ് നല്‍കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ കാലഘട്ടം മുതല്‍ മത പണ്ഡിതരുടെയും ഔലിയാക്കളുടെയും തണലില്‍ വളരുന്ന സംസ്‌കാരമാണ് മുസ്‌ലിംകള്‍ പിന്തുടര്‍ന്നു വന്നത്.
ഓരോ കാലഘട്ടത്തിലും കഴിവുറ്റ മതപണ്ഡിതരും സൂഫി വര്യന്മാരും ഈ സമുദായത്തെ വഴിനടത്തി. സുന്നി പാരമ്പര്യത്തില്‍ അടിയുറച്ച് വിശ്വസിക്കാനും നാഥന്റെ മാര്‍ഗത്തില്‍ ജീവിതം ക്രമീകരിക്കാനും സാധാരണക്കാരനെ നിരന്തരം പ്രേരിപ്പിക്കാന്‍ പണ്ഡിത നേതൃത്വം എക്കാലത്തും ശ്രദ്ധിച്ചു പോന്നു. അധ്യാത്മിക വഴിയില്‍ മുന്നേറുന്ന, ആദര്‍ശ ബോധമുള്ള വിശ്വാസികളെ വാര്‍ത്തെടുക്കുന്നതില്‍ പണ്ഡിതന്മാരുടെ ഈ നേതൃപാടവം വഹിച്ച പങ്ക് ചെറുതല്ല. ഈയര്‍ഥത്തില്‍, തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെ സേവന പ്രവര്‍ത്തനങ്ങള്‍ കേരള മുസ്‌ലിം ചരിത്രത്തിന്റെ കൂടി ഭാഗമാണ്.
തന്റെ പാണ്ഡിത്യവും സംഘാടനവും രചനകളും മനോഹരമായി സമന്വയിപ്പിച്ച് മുസ്‌ലിം സമൂഹത്തിന് ബാപ്പു മുസ്‌ലിയാര്‍ സമ്മാനിച്ച പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ്. ദീനീ വിജ്ഞാനത്തിന്റെ എല്ലാ മേഖലകളിലും പ്രാവീണ്യം നേടിയ അദ്ദേഹം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നീണ്ട കാലം ദര്‍സ് നടത്തി. സമസ്തയിലെ പണ്ഡിത സാന്നിധ്യമായിരുന്ന ബാപ്പു മുസ്‌ലിയാര്‍ തന്റെ ചുറ്റുമുള്ള വിശ്വാസികള്‍ക്ക് എന്നും ഒരു തണലായിരുന്നു. വൈജ്ഞാനിക, ആധ്യാത്മിക നേതൃത്വത്തിലൂടെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹം എക്കാലത്തും മുന്‍പന്തിയിലുണ്ടായിരുന്നു. മര്‍ഹൂം ഉള്ളാള്‍ തങ്ങളുടെ നേതൃത്വത്തില്‍ സമസ്ത പുനഃസംഘടിപ്പിച്ചപ്പോള്‍ സെക്രട്ടറിമാരില്‍ ഒരാളായി ബാപ്പു മുസ്‌ലിയാര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. കേരളത്തിലെ സുന്നത്ത് ജമാഅത്തിന്റെ വിശ്വാസ ധാരയുടെ ചരിത്രത്തില്‍ നിര്‍ണായകമായ ഒരു സമയമായിരുന്നു അത്.
നീണ്ട കാലം സമസ്തയില്‍ സേവനമനുഷ്ഠിച്ച ബാപ്പു മുസ്‌ലിയാര്‍ രോഗങ്ങള്‍ കാരണം ഔദ്യോഗിക സ്ഥാനത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. അതിന് ശേഷവും വൈജ്ഞാനിക സേവനങ്ങള്‍ അദ്ദേഹം തുടര്‍ന്നു കൊണ്ടിരുന്നു. താനൂര്‍ അബ്ദുര്‍റഹ്മാന്‍ ശൈഖിന്റെ പരമ്പരയില്‍ പെട്ട ബാപ്പു മുസ്‌ലിയാരുടെ വൈജ്ഞാനിക പ്രഭയില്‍ നിന്ന് ആത്മീയ സായൂജ്യമടഞ്ഞവര്‍ നിരവധിയാണ്. സമീപകാലത്ത് കേരളത്തില്‍ ജീവിച്ച പ്രഗത്ഭനായ””മാദിഹുര്‍റസൂല്‍” ആണ് ബാപ്പു മുസ്‌ലിയാര്‍. വര്‍ത്തമാന അറബി സാഹിത്യത്തിന്റെ കുലപതിയായിരുന്ന അദ്ദേഹം പ്രവാചക പ്രകീര്‍ത്തനങ്ങള്‍ മനോഹരമായി എഴുതുകയുണ്ടായി. അറബി കാവ്യ ലോകത്തിന്റെ ഗഹനത ഉള്‍കൊണ്ട് പിറവികൊണ്ട അദ്ദേഹത്തിന്റെ ഉത്കൃഷ്ട രചനകള്‍ കേരള പണ്ഡിതരില്‍ നിന്ന് അറബി സാഹിത്യത്തിനുള്ള വിലപ്പെട്ട സംഭാവനകള്‍ കൂടിയാണ്. ഇത് കണക്കിലെടുത്താണ് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ അറബി വകുപ്പില്‍ വരെ ബാപ്പു മുസ്‌ലിയാരുടെ കവിതകളെക്കുറിച്ച് ഗവേഷണപഠനങ്ങള്‍ നടന്നത്.
മര്‍ഹൂം ഉസ്താദുല്‍ ആസാതീദ് ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ ശിഷ്യന്മാരില്‍ പ്രധാനിയായിരുന്നു ബാപ്പു മുസ്‌ലിയാര്‍. ഇല്‍മുല്‍ ഹയ്അത്ത്, ഇല്‍മുല്‍ ഫലക്ക് എന്നീ വിഷയങ്ങള്‍ ഒ കെ ഉസ്താദില്‍ നിന്ന് നേരിട്ട് പഠിച്ച ശിഷ്യരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. ഖിബ്‌ല നിര്‍ണയിക്കുക, നക്ഷത്രങ്ങള്‍ നോക്കി ദിശ നിര്‍ണയിക്കുക തുടങ്ങിയവയില്‍ നിപുണനായിരുന്നു അദ്ദേഹം. നാട്ടിന്‍ പുറങ്ങളിലെയും മഹല്ലുകളിലെയും നിരവധി പ്രശ്‌നങ്ങള്‍ ബാപ്പു മുസ്‌ലിയാര്‍ തന്റെ വൈജ്ഞാനിക വൈഭവം കൊണ്ട് പരിഹരിച്ചു. അദ്ദേഹത്തിന്റെ നിരവധി ശിഷ്യന്മാരും നാടിന്റെ നാനാഭാഗങ്ങളില്‍ ദീനീ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പുരുഷായുസ്സ് കൊണ്ട് ദീനീ പ്രബോധന രംഗത്ത് നിസ്തുലമായ സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച ബാപ്പു മുസ്‌ലിയാര്‍ മുസ്‌ലിം സമൂഹത്തെ അനാഥമാക്കി വിട പറഞ്ഞിരിക്കുന്നു. അല്ലാഹു ആഖിറം വെളിച്ചമാക്കി കൊടുക്കുമാറാകട്ടെ. അദ്ദേഹത്തിന്റെ ദറജകള്‍ ഉയര്‍ത്തട്ടെ. ആമീന്‍.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി, അഖിലേന്ത്യാ സുന്നി ജംഇയ്യുൽ ഉലമ ജനറൽ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി