Connect with us

Kerala

സിറിയക്കെതിരെ പടയൊരുക്കം അപലപനീയം: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: സിറിയക്കെതിരെ യുദ്ധസന്നാഹമൊരുക്കുന്നത് അപലപനീയമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു. വിമത പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതിന് ബശര്‍ ഭരണ കൂടം രാസായുധം പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ ന്യായീകരിക്കാനാവില്ല. നിഷ്‌കളങ്കരായ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് സിവിലിയന്‍മാരെ നശിപ്പിക്കാനേ രാസായുധ പ്രയോഗം കൊണ്ട് കഴിഞ്ഞുള്ളൂ.
എന്നാല്‍ രാസായുധം പ്രയോഗിച്ച ബശര്‍ ഭരണ കൂടത്തെ ശിക്ഷിക്കാന്‍ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന പടയൊരുക്കം അന്യായമാണ്. നേരത്തെ ഇറാഖിലും അഫ്ഗാനിലും അവിടുത്തെ ഭരണകൂടം നടത്തിയ അക്രമ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനെന്നപേരില്‍ അമേരിക്കയും സഖ്യകക്ഷികളും നടത്തിയ യുദ്ധങ്ങള്‍ കൊണ്ട് ആരാജ്യങ്ങളിലെ മനുഷ്യവിഭവങ്ങളും സമ്പദ്ഘടനയും തകരുകയാണ് ചെയ്തത്. ഭരണ കര്‍ത്താക്കള്‍ ചെയ്യുന്ന അവിവേകത്തോട് ഒരു രാജ്യത്തെ സര്‍വ്വവും നശിപ്പിച്ച് പ്രതികരിക്കുക എന്നത് ബുദ്ധിയല്ല. സിറിയയിലെ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ബാധ്യത ഐക്യരാഷ്ട്ര സഭക്കുണ്ട്. ചേരിചേരാ രാഷ്ട്രങ്ങളുടെ നേതൃസ്ഥാനത്തിരിക്കുന്ന ഇന്ത്യയും മറ്റ് രാജ്യങ്ങളും അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന യുദ്ധ നീക്കത്തിനെതിരെ പ്രതികരിക്കണമെന്നും ലോകത്ത് മനുഷ്യന്‍ ആഗ്രഹിക്കുന്നത് സമാധാനമാണെന്നും കാന്തപുരം പറഞ്ഞു.