National
വ്യാപകമായി ടെലിഫോണ്‍, ഇ മെയില്‍ ചോര്‍ത്തലിന് കളമൊരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ടെലിഫോണ്‍ കോളുകളും ഇ മെയിലുകളും വ്യാപകമായി ചോര്‍ത്താന്‍ സംവിധാനം ആവിഷ്‌കരിച്ചതായി റിപ്പോര്‍ട്ട്. സുരക്ഷാ ഏജന്‍സികള്‍ക്കും ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കു പോലും കോടതിയുടെയോ പാര്‍ലിമെന്റിന്റെയോ അനുമതിയില്ലാതെ വിവരങ്ങള്‍ ചോര്‍ത്താനാകുന്നതാണ് പുതിയ സംവിധാനം. ദേശസുരക്ഷയുടെ ഭാഗമായാണ് പുതിയ സംവിധാനമെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാന്‍ ഇത് ഇടയാക്കും. അമേരിക്കയില്‍ ഫോണ്‍ സന്ദേശങ്ങളും ഇ മെയിലും സര്‍ക്കാര്‍ ഏജന്‍സികള്‍ ചോര്‍ത്തുന്നത് സംബന്ധിച്ച വിവാദം കത്തുന്നതിനിടക്കാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ സമാനമായ സംവിധാനം ആവിഷ്‌കരിച്ചിരിക്കുന്നത്.
2011 ല്‍ പ്രഖ്യാപിച്ച സെന്‍ട്രല്‍ മോണിറ്ററിംഗ് സിസ്റ്റം (സി എം എസ്) മുഖേനയാണ് ചോര്‍ത്തല്‍ നടക്കുകയെന്നാണ് വിവരം. സുരക്ഷാ കാരണങ്ങളാല്‍ സി എം എസിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് ആഭ്യന്തര വക്താവ് കെ എസ് ദത്‌വാലിയ പറഞ്ഞു. ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം വക്താവും ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.
രാജ്യത്തിന്റെ സുരക്ഷ പ്രധാനമാണെന്നും എല്ലാ രാജ്യങ്ങളും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും മുതിര്‍ന്ന ടെലികോം മന്ത്രാലയം ഉദ്യോഗസ്ഥന്‍ പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനാണ് സി എം എസ് സഹായിക്കുകയെന്നാണ് ഇതുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം.
ഭീകരപ്രവര്‍ത്തനം ചെറുക്കുന്നതിനും ക്രിമിനല്‍ കേസുകള്‍ കുറക്കുന്നതിനും ഇത്തരം സംവിധാനങ്ങള്‍ അനിവാര്യമെന്നാണ് ടെലികോം മന്ത്രാലയത്തിന്റെ നിലപാട്. പുതിയ സംവിധാനം വരുന്നതോടെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനും ഇ മെയിലുകള്‍ വായിക്കാനും എസ് എം എസുകള്‍ നിരീക്ഷിക്കാനും ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളിലെ പോസ്റ്റുകള്‍ പരിശോധിക്കാനും ഏജന്‍സികള്‍ക്ക് കഴിയും. ഇതിനായി അനുമതി തേടേണ്ടിവരില്ല. സെര്‍ച്ച് എന്‍ജിനുകളിലൂടെയുള്ള തിരച്ചിലിന്റെ വിശദാംശങ്ങളും കണ്ടെത്താനാകും. ഇതുവഴി തിരച്ചില്‍ നടത്തുന്നയാളുടെ ലക്ഷ്യം തിരിച്ചറിയാനുമാകും. ഗൂഗിളിന് നിലവില്‍ ഇത്തരം സംവിധാനങ്ങളുണ്ട്. തിരച്ചില്‍ വിവരങ്ങളും ലോഗിന്‍ വിവരങ്ങളുമെല്ലാം ഗൂഗിളും മറ്റും ശേഖരിക്കുന്നുണ്ട്. ഇവ രഹസ്യമാക്കിവെക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
2012ല്‍ 4750 പേരുടെ വിവരങ്ങളാണ് ഗൂഗിളില്‍ നിന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. യു എസ് കഴിഞ്ഞാല്‍ കൂടുതല്‍ പേരുടെ വിശദാംശങ്ങളും ലോഗിന്‍ രഹസ്യങ്ങള്‍ ആവശ്യപ്പെടുന്ന രാജ്യമാണ് ഇന്ത്യ. പലപ്പോഴും കോടതി ഉത്തരവുകളില്ലാതെയും ഏജന്‍സികള്‍ ഇത്തരം വിശദാംശങ്ങള്‍ തേടാറുണ്ട്. കോടതികളെ മറികടന്ന് ഫോണ്‍ ചോര്‍ത്തുന്നത് എളുപ്പത്തില്‍ ദുരുപയോഗം ചെയ്യാനിടയാകുമെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ മനുഷ്യാവകാശ അധ്യാപകന്‍ പവന്‍ സിന്‍ഹ പറഞ്ഞു.
ഒന്‍പത് ഏജന്‍സികള്‍ക്കാണ് ഫോണ്‍ ചോര്‍ത്താനും മറ്റും അവകാശം ലഭിക്കുക. സി ബി ഐ, ഇന്റലിജന്‍സ് ബ്യൂറോ, റോ ഉള്‍പ്പെടെയുള്ള മറ്റ് രഹസ്യാന്വേഷണ ഏജന്‍സികള്‍, ആദായ നികുതി വകുപ്പ് എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുക. നിയമം അനുസരിച്ച് മാത്രമേ വിവരങ്ങള്‍ കൈമാറാന്‍ കഴിയൂ എന്നാണ് മിക്ക ടെലികോം കമ്പനികളും സര്‍ക്കാറിനെ അറിയിച്ചത്. എയര്‍ ടെല്‍, വോഡഫോണ്‍, ഐഡിയ, ടാറ്റ കമ്യൂണിക്കേഷന്‍സ്, എം ടി എന്‍ എല്‍ എന്നീ കമ്പനികള്‍ സര്‍ക്കാറിന്റെ നിര്‍ദേശത്തോട് പ്രതികരിച്ചിട്ടില്ല.