Kerala
സാധാരണക്കാരെ സ്പര്‍ശിക്കുന്നതാകണം പുതിയ നൂറ്റാണ്ടിന്റെ രാഷ്ട്രീയം: രാഹുല്‍
തിരുവനന്തപുരം: സാധാരണക്കാരനെ സ്പര്‍ശിക്കുന്ന രാഷ്ട്രീയമാകണം നവനൂറ്റാണ്ടിന്റെ രാഷ്ട്രീയമെന്ന് എ ഐ സി സി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. സമൂഹത്തിലെ താഴേ തട്ടിലുള്ള സാമൂഹിക വിഭാഗങ്ങളുമായി നിരന്തര സമ്പര്‍ക്കത്തില്‍ എര്‍പ്പെടുകയും അവരുടെ പ്രശ്‌നങ്ങള്‍ എറ്റെടുക്കുകയും ചെയ്യുന്ന രാഷ്ട്രീയമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ രമേശ് ചെന്നിത്തലയുടെ കേരളയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍.
യുവാക്കളെ കൂടുതലായി രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ശ്രമങ്ങള്‍ വിജയകരമായിരുന്നു. അത് നല്ലൊരു രാഷ്ട്രീയ സംസ്‌കാരത്തിനാണ് കാരണമായത്. അത് തുടരണം. കൂടുതല്‍ യുവാക്കള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കേരളം വികസന രംഗത്ത് ഒന്നാമതെത്താന്‍ രണ്ട് കാര്യങ്ങളില്‍ കൂടി കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നതാണ് അതിലൊന്ന്. മറ്റൊന്ന്, മനുഷ്യ വിഭവശേഷിയുടെ ഉപയോഗമാണ്. മനുഷ്യ വിഭവശേഷിയെ പരമാവധി ഉപയോഗപ്പെടുത്താന്‍ അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ഉണ്ടാകണം. ഈ രണ്ടും സ്വായത്തമാക്കാന്‍ കേരളം കഠിനപ്രയത്‌നം ചെയ്യുന്നുണ്ടെന്നും അത് സന്തോഷകരമാണെന്നും രാഹുല്‍ പറഞ്ഞു.
കേരളത്തിന്റെ വികസനത്തില്‍ പ്രവാസി മലയാളികളുടെ പങ്കിനെയും രാഹുല്‍ പ്രശംസിച്ചു. വിദേശനാടുകളില്‍ പോകുമ്പോള്‍ അവിടത്തെ വികസനങ്ങള്‍ കാണുമ്പോള്‍ ഇതിനു പിന്നിലെല്ലാം മലയാളികളുടെ ഇടപെടലുണ്ടല്ലോ എന്ന് താന്‍ ചിന്തിക്കാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി പി എമ്മിനെ കണക്കിന് വിമര്‍ശിക്കാനും രാഹുല്‍ മറന്നില്ല. ലോകത്തെ എല്ലാ രാഷ്ട്രങ്ങളും ഉപേക്ഷിച്ച പ്രത്യയശാസ്ത്രം ഇപ്പോഴും ചുമന്ന് നടക്കുന്നത് എന്തിനെന്ന് ഇടതുപക്ഷം ആത്മപരിശോധന നടത്തണം. കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം ചൈന പോലും ഉപേക്ഷിച്ചുതുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഒരിക്കല്‍ ഞാന്‍ ഇവിടെ സന്ദര്‍ശിച്ചു. അപ്പോള്‍ ഒരു മേല്‍പ്പാലം പണി തീരാതെ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. പിന്നീട് എറെ കാലത്തിന് ശേഷം അവരുടെ ഭരണത്തില്‍ തന്നെ വീണ്ടും കേരളത്തിലെത്തിയപ്പോള്‍ ആ മേല്‍പ്പാലം അങ്ങിനെ തന്നെ കിടക്കുന്നത് കണ്ടു- എല്‍ ഡി എഫ് ഭരണത്തെ പരിഹസിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിച്ചു. കേന്ദ്ര മന്ത്രിമാരായ എ കെ ആന്റണി, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




