Connect with us

Oddnews

കടിച്ച പാമ്പിനെ കടിച്ചു കൊന്ന് കര്‍ഷകന്‍; ചത്ത പാമ്പിനെയും കൊണ്ട് ഭാര്യയുടെ അടുത്തെത്തി

Published

|

Last Updated

ഭുവനേശ്വര്‍ | കാലില്‍ കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു കൊന്ന കര്‍ഷന്റെ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഒഡീഷയിലെ ജജ്പൂര്‍ ജില്ലയിലെ ഉള്‍ഗ്രാമമായ ഗംഭരിപടിയയിലാണ് സംഭവം. 45കാരനായ കിഷോര്‍ ബദ്ര എന്ന കര്‍ഷകനാണ് സാഹസം കാണിച്ചത്. കഴിഞ്ഞ ദിവസം രാത്രി വയലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് കിഷോറിനെ പാമ്പുകടിച്ചത്. കൈയിലുണ്ടായിരുന്ന ടോര്‍ച്ച് അടിച്ചു നോക്കിയപ്പോള്‍ അണലിയാണെന്ന് മനസിലായി. കോപാകുലനായ കിഷോര്‍ പാമ്പിനെ പിടികൂടി കടിച്ചു കൊല്ലുകയായിരുന്നു. പിന്നീട് ചത്ത പാമ്പിനെയും കൊണ്ട് ഭാര്യയുടെ അടുത്തെത്തി കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

കിഷോര്‍ സുഹൃത്തുക്കള്‍ക്ക് പാമ്പിനെ പ്രദര്‍ശിപ്പിച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകാന്‍ പറഞ്ഞെങ്കിലും കിഷോര്‍ വിസമ്മതിച്ചു. എന്നാല്‍, നാട്ടുവൈദ്യന്റെ അടുത്ത് പോയി ചികിത്സ തേടിയതായി കിഷോര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇയാള്‍ക്കില്ലെന്നാണ് വിവരം.

സമാനമായ സംഭവം ദിവസങ്ങള്‍ക്കു മുമ്പ് ബീഹാറില്‍ നടന്നിരുന്നു. മദ്യ ലഹരിയിലായിരുന്ന 65 കാരന്‍ തന്നെ കടിച്ച പാമ്പിനെ തിരിച്ചു കടിക്കുകയും വായിലിട്ട് ചവച്ചരയ്ക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍, പാമ്പിന്റെ കടിയേറ്റ് ഇയാള്‍ മരിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിഷപ്പാമ്പാണ് കടിച്ചതെന്നതിനാല്‍ ആശുപത്രിയില്‍ പോകാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest