Kerala
ലഹരി വേട്ടക്കായി കേരളവും തമിഴ്‌നാടും കൈകോര്‍ക്കുന്നു

ഇടുക്കി | ഓണം ലക്ഷ്യമിട്ട് കേരളത്തിലേക്ക് കൂടുതല്‍ സ്പിരിറ്റ് എത്തിക്കാനുള്ള നീക്കം നടക്കുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുന്നു. തമിഴ്‌നാടുമായി ചേര്‍ന്നുള്ള പരിശോധനയാണ് കേരളം ലക്ഷ്യമിടുന്നത്. ഇടുക്കിയിലെ അതിര്‍ത്തികളിലുള്ള സമാന്തര പാതകളിലൂടെ സ്പിരിറ്റ് കടത്താന്‍ ഇടയുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി. ഇടുക്കിയിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളായ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാര്‍ എന്നിവിടങ്ങളിലൂടെ ഓണക്കാലത്തേക്ക് വന്‍ തോതില്‍ സ്പിരിറ്റും കഞ്ചാവും കേരളത്തിലേക്ക് കടത്താനിടയുണ്ടെന്നാണ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച വിവരം.
ഇതേത്തുടര്‍ന്നാണ് കേരള എക്‌സൈസ് വകുപ്പും തമിഴ്‌നാട് പോലീസിന്റെയും വനം വകുപ്പിന്റെയും സഹായത്തോടെ പരിശോധന നടത്താന്‍ വിവിധ വകുപ്പുകളുടെ യോഗത്തില്‍ തീരുമാനിച്ചത്. ചെക്ക്‌പോസ്റ്റിലെ സ്ഥിരം പരിശോധനകള്‍ക്ക് പുറമെ വനാതിര്‍ത്തി, സമാന്തര പാതകള്‍ എന്നിവിടങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കും.
ഇരു സംസ്ഥാനത്തെയും പിടികിട്ടാപുള്ളികളുടെ വിവരങ്ങള്‍ കൈമാറുന്നതിന് പുറമെ ഇവരെ പിടികൂടാന്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് തെരച്ചില്‍ നടത്തും. കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ കഞ്ചാവെത്തുന്നത് തടയാന്‍ വേണ്ട നടപടികള്‍ ശക്തമാക്കുമെന്ന് തമിഴ്‌നാട് പോലീസും അറിയിച്ചു.
കേരളത്തിലേക്ക് പച്ചക്കറി ഉള്‍പ്പെടെ സാധനങ്ങള്‍ കൊണ്ടു വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ യോഗം വിളിച്ച് ലഹരിക്കടത്ത് സംബന്ധിച്ച് നിയമ ബോധവത്ക്കരണം നല്‍കാനും തമിഴ്‌നാട് പോലീസ് തീരുമാനിച്ചിട്ടുണ്ട്.