Kerala
മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി എടുത്താല്‍ കുഞ്ഞാലിക്കുട്ടി രാഷ്ട്രീയം വിടേണ്ടി വരും: കെ ടി ജലീല്‍

മലപ്പുറം | മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി തുടര്‍ന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയം വിടേണ്ടി വരുമെന്ന് കെ ടി ജലീല്‍. ഇ ഡി വിഷയത്തില്‍ പാണക്കാട് കുടുംബാംഗങ്ങളുമായി കുഞ്ഞാലിക്കുട്ടി ഫോണില്‍ സംസാരിച്ചതിന്റെ ശബ്ദരേഖയുണ്ടെന്നും അറ്റകൈക്ക് അത് പുറത്ത് വിടേണ്ടിവരുമെന്നും ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. അങ്ങനെ വന്നാല്‍ അദ്ദേഹത്തിന് രാഷ്ട്രീയം അവസാനിപ്പിക്കേണ്ടി വരുമെന്നും ജലീല്‍ വ്യക്തമാക്കി. സത്യം വിളിച്ചു പറഞ്ഞ പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ക്കെതിരെ ചോറ്റുപട്ടാളത്തെ ഉപയോഗി്ച്ച് ലീഗ് യോഗത്തില്‍ നടപടിയെടുക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ ഭാവമെങ്കില്‍ അതിന് വലിയ വില കൊടുക്കേണ്ടി വരും.
ലീഗിനെ കമ്പനിയാക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. മുഈനലി തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് വസ്തുതയാണ്.
ഇ ഡിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാണക്കാട് കുടുംബത്തിലെ ചിലരുമായി കുഞ്ഞാലിക്കുട്ടി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അതിന്റെ ഒക്കെ ശബ്ദരേഖകള്‍ അറ്റകൈക്ക് പുറത്ത് വിടേണ്ടിവരും. അത് പുറത്ത് വന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയം അവസാനിപ്പിക്കേണ്ടി വരും. ആ നിലയിലേക്കാണ് കാര്യങ്ങള്‍ പോകുക. സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ അദ്ദേഹത്തിന് നന്ന്.
മുഈനലി തങ്ങള്‍ക്കെതിരെ വളരെ മോശമായി കേട്ടാലറക്കുന്ന പദപ്രയോഗമാണ് തെരുവ് ഗുണ്ട നടത്തിയത്. ഇങ്ങനെയൊക്കെ പാണക്കാട് കുടുംബത്തെ വരുതിയില്‍ നിര്‍ത്താമെന്ന് കുഞ്ഞാലിക്കുട്ടി വിചാരിക്കുന്നുവെങ്കില്‍ ആ വിചാരം തെറ്റാണ്. 2006ല്‍ സംഭവിച്ചതല്ല സംഭവിക്കുകയെന്നും ജലീല്‍ പറഞ്ഞു