Connect with us

Ongoing News

നാട്ടിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരുക്ക്

Published

|

Last Updated

സംഭവം നടന്ന സ്ഥലത്ത് വച്ച് ജനപ്രതിനിധികളും നാട്ടുകാരുമായി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വിനോദ് ചര്‍ച്ച നടത്തുന്നു. ഇൻസെറ്റില്‍ പരുക്കേറ്റ റഫീഖ്

പത്തനംതിട്ട: നാട്ടിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരുക്കേറ്റു. യുവാവ് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. ചിറ്റാര്‍- നീലിപിലാവ് ആമകുന്ന് മുരുപ്പേല്‍ വീട്ടില്‍ എം പി രാജന്റെ മകന്‍ റഫീഖിനെ (27) റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറുമണിയോടെ വീട്ടുമുറ്റത്തിനു സമീപത്തു വച്ചാണ് സംഭവം.

വീടിനു മുന്‍വശത്തെ നീലിപിലാവ്- ആമകുന്ന് റോഡിലൂടെ എത്തിയ ഒറ്റയാന്റ മുന്‍പില്‍ അകപ്പെട്ട യുവാവിനെ ആന ആക്രമിച്ച് സമീപത്തെ വനത്തിലേക്ക് തള്ളിയിടുകയായിരുന്നു. ഇടതു കൈയ്ക്കും കാലിനും ഗുരുതര പരുക്കുപറ്റി. കട്ടച്ചിറ- നീലിപിലാവ് കുട്ടി വനത്തില്‍ നിന്നുമാണ് ആന ജനവാസ കേന്ദ്രത്തില്‍ എത്തിയത്. കുട്ടി വനത്തിനു സമീപത്തായി അമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.

സംഭവം അറിഞ്ഞ് വടശേരിക്കര റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വിനോദ്, ചിറ്റാര്‍ ഫോറസ്റ്റ് ഡപ്യൂട്ടി റെയ്ഞ്ചര്‍ കെ സുനില്‍, ഫോറസ്റ്റ് ജീവനക്കാര്‍, ചിറ്റാര്‍ സി ഐ. ബി രാജേന്ദ്രന്‍ പിള്ള, എസ് ഐ ബിജുകുമാര്‍ എന്നിവര്‍ പ്രദേശത്ത് എത്തി ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം നബീസത്ത് ബീവി, വാര്‍ഡ് മെമ്പര്‍ റീന ബിനു, നാട്ടുകാര്‍ എന്നിവരുമയി ചര്‍ച്ച നടത്തി.

വനമേഖലയില്‍ അടിയന്തരമായി കിടങ്ങ് സ്ഥാപിക്കുമെന്നും സൗരോര്‍ജ വേലിയും ഗ്രാമ പഞ്ചായത്തുമായി ചേര്‍ന്ന് തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിക്കാടു തെളിക്കലും ശനിയാഴ്ച വൈകുന്നേരം മുതല്‍ ഈ പ്രദേശത്ത് വനപാലകര്‍ പട്രോളിംഗ്  നടത്തുമെന്നും റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വിനോദ് നാട്ടുകാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഉറപ്പു നല്‍കി.