Connect with us

Editorial

കേരളം മരുന്നുകള്‍ തിരിച്ചയക്കുമ്പോള്‍

Published

|

Last Updated

വാങ്ങാന്‍ ആളില്ലാതെ മരുന്നുകള്‍ വന്‍തോതില്‍ തിരിച്ചയക്കേണ്ടി വരുന്നുവെന്നത് അല്‍പ്പം ആശ്ചര്യജനകമായ വാര്‍ത്തയാണ് കേരളത്തെ സംബന്ധിച്ചിടത്തോളം. മരുന്നു തീനികളെന്നാണല്ലോ കേരളീയര്‍ അറിയപ്പെടുന്നത്. രാജ്യത്തെ മരുന്ന് ഉത്പാദകരുടെ പ്രധാന വിപണിയാണ് കേരളം. 2017-18 വര്‍ഷത്തില്‍ എണ്ണായിരം കോടി രൂപയുടെ അലോപ്പതി മരുന്നുകളാണ് കേരളീയ സമൂഹം കഴിച്ചതെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് നിയോഗിച്ച ഡോ. ബി ഇഖ്ബാല്‍ ചെയര്‍മാനായ വിദഗ്ധ സമിതിയുടെ പഠനത്തില്‍ കണ്ടെത്തിയത്. ഹോമിയോ, ആയുര്‍വേദം, യൂനാനി, സിദ്ധ തുടങ്ങിയ ചികിത്സാ വിഭാഗങ്ങള്‍ക്കായി ചെലവിട്ട തുക ഇതിന്റെ പുറമെയാണ്. ഇവയെല്ലാം കൂടി ഉള്‍പ്പെടുത്തിയാല്‍ വാര്‍ഷിക മരുന്ന് ഉപഭോഗം 15,000 കോടി രൂപയുടേതാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ കൊവിഡ് വ്യാപനത്തോടെ സംസ്ഥാനത്തെ മരുന്നുഷാപ്പുകളിലും ആശുപത്രികളിലുമെല്ലാം അലോപ്പതി മരുന്നുകള്‍ വന്‍തോതില്‍ കെട്ടിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ആശുപത്രികളില്‍ രോഗികളുടെ സന്ദര്‍ശനത്തിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ കൊവിഡേതര രോഗങ്ങളും ഈ രോഗങ്ങള്‍ക്ക് ചികിത്സ തേടിയുള്ള ആശുപത്രി സന്ദര്‍ശനവും മരുന്നുപയോഗവും കേരളീയ സമൂഹത്തില്‍ ഗണ്യമായി കുറഞ്ഞു. മരുന്നുകളുടെ ഉപയോഗത്തിന് സമയപരിധിയുണ്ട്. 18 മാസമാണ് മിക്ക മരുന്നുകളുടെയും കാലാവധി. അവധി കഴിഞ്ഞ മരുന്നുകള്‍ വില്‍ക്കാന്‍ പാടില്ലെന്നും മരുന്നു കടക്കാര്‍ ഇവ പ്രത്യേകമായി അടയാളപ്പെടുത്തി വില്‍പ്പനക്കുള്ള മരുന്നുകളില്‍ നിന്ന് മാറ്റിവെക്കണമെന്നുമാണ് കേന്ദ്ര സര്‍ക്കാറിന്റെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940 അനുബന്ധ ചട്ടങ്ങളിലെ 65(17)ല്‍ നിഷ്‌കര്‍ഷിക്കുന്നത്. അവധി കഴിഞ്ഞ മരുന്നുകള്‍ മരുന്നു കടകളിലെ വില്‍പ്പനക്കുള്ള മരുന്നുകളുടെ കൂടെ സ്റ്റോക്ക് ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമുണ്ട്. ഇതേത്തുടര്‍ന്ന് കെട്ടിക്കിടക്കുന്ന വില്‍ക്കാന്‍ കഴിയാത്ത മരുന്നുകള്‍ കമ്പനികള്‍ക്ക് തന്നെ തിരിച്ചയച്ചു കൊണ്ടിരിക്കുകയാണ് സംസ്ഥാനത്തെ മരുന്ന് ഷാപ്പുകള്‍. കഴിഞ്ഞ വര്‍ഷം 20 കോടി രൂപയുടെ മരുന്നുകള്‍ തിരിച്ചയച്ചതായി ആള്‍ കേരള കെമിസ്റ്റ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വെളിപ്പെടുത്തി. ഈ വര്‍ഷം തിരിച്ചയക്കുന്ന മരുന്നുകളുടെ തോതും സംഖ്യയും ഇതിനേക്കാള്‍ കൂടാനാണ് സാധ്യത.

കുട്ടികളുടെ മരുന്ന് വില്‍പ്പനയിലാണ് കൊവിഡ് കാലത്ത് വന്‍തോതില്‍ ഇടിവുണ്ടായത്. അസിത്രോമൈസിന്‍ ആന്റിബയോട്ടിക് വ്യാപകമായി ഉപയോഗമുള്ളതാണ് സാധാരണ ഗതിയില്‍. ന്യൂമോണിയ, ടോണ്‍സിലൈറ്റിസ്, ചര്‍മത്തിലെ അണുബാധ തുടങ്ങിയ രോഗങ്ങള്‍ക്ക് നിര്‍ദേശിക്കപ്പെടുന്ന ഈ ആന്റിബയോട്ടിക്കിന്റെ 100-200 മില്ലിഗ്രാം വീതം കുട്ടികള്‍ക്കാണ് നല്‍കുന്നത്. ഈ ചെറിയ അളവിലുള്ള മരുന്നിന്റെ വില്‍പ്പനയില്‍ ഗണ്യമായ ഇടിവുണ്ടായി. കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന ന്യൂമോണിയ, ആസ്ത്മ തുടങ്ങിയ രോഗങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്ത് വളരെ കുറവാണെന്നതാണ് കാരണം. കൊവിഡ് വ്യാപനത്തോടെ ശുചിത്വത്തില്‍ സമൂഹം കൂടുതല്‍ ശ്രദ്ധാലുക്കളായതിന്റെ ഫലമാണിത്. മുതിര്‍ന്നവര്‍ കുട്ടികളെ കാണുമ്പോള്‍ ചുംബനം നല്‍കലും മടിയിലിരുത്തി താലോലിക്കലും പതിവാണ്. കൈകളും മുഖവും വേണ്ടത്ര ശുദ്ധമല്ലാത്ത സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുട്ടികളില്‍ രോഗബാധക്കും രോഗപ്പകര്‍ച്ചക്കും ഇടയാക്കും. കൊവിഡ് കാലഘട്ടത്തില്‍ കൈകളും മുഖവും കഴുകി അതീവ ശുചിത്വത്തോടെയും മാസ്‌ക് ധരിച്ചുമൊക്കെയാണ് കുട്ടികളെ താലോലിക്കുന്നതും പരിപാലിക്കുന്നതും. കുട്ടികള്‍ വിദ്യാലയങ്ങളിലേക്കോ കളിസ്ഥലങ്ങളിലേക്കോ പോകാതെ പരമാവധി വീടുകളില്‍ ഒതുങ്ങിക്കഴിയുന്നത് പൊടിപടലങ്ങള്‍ ശ്വസിച്ചുണ്ടാകുന്ന രോഗങ്ങളിലും കുറവുണ്ടാക്കി.

ഉദര സംബന്ധമായ രോഗങ്ങള്‍ക്കുള്ളതാണ് ചെലവാകാതെ കെട്ടിക്കിടക്കുന്ന മറ്റൊരിനം മരുന്ന്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഹോട്ടല്‍ ഭക്ഷണങ്ങളെ ആശ്രയിക്കുന്ന അവസ്ഥ മാറി വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ശീലമാക്കിയതാണ് ഈവക മരുന്നുകളുടെ വില്‍പ്പനയിലെ ഇടിവിന് ഇടയാക്കിയതെന്നാണ് ആരോഗ്യ വിദഗ്ധരുടെ പക്ഷം. അമിത തോതില്‍ നിറങ്ങളും രാസവസ്തുക്കളും ചേര്‍ത്ത് തയ്യാറാക്കിയ വിഭവങ്ങളാണ് ഹോട്ടലുകളില്‍ മിക്കതും. അജിനമോട്ടോ പോലുള്ള മാരകമായ രാസവസ്തുക്കളാണ് ഫാസ്റ്റ്ഫുഡ് വിഭവങ്ങള്‍ക്ക് പ്രത്യേക രുചി നല്‍കുന്നത്. ദഹനക്കേട്, ഗ്യാസ്ട്രബിള്‍, വന്ധ്യത, ക്യാന്‍സര്‍ തുടങ്ങി പലവിധ ഉദര രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നത് ഇത്തരം രാസവസ്തുക്കളാണ്. മാത്രമല്ല, ഒട്ടും ആരോഗ്യകരമല്ലാത്ത സാഹചര്യത്തിലാണ് മിക്കവാറും ഹോട്ടലുകളിലും പാചകം നടക്കുന്നത്. മികച്ചവയെന്നു വിശ്വസിക്കപ്പെടുന്ന ചില ഹോട്ടലുകളുടെ പോലും അടുക്കള ഒരിക്കല്‍ പോയി കണ്ടാല്‍ പിന്നീട് അവിടെ നിന്ന് ഭക്ഷണം കഴിക്കാന്‍ മനസ്സ് വരില്ല. ഹോട്ടലുകളും ഫാസ്റ്റ്ഫുഡ് കേന്ദ്രങ്ങളും വന്‍തോതില്‍ അടഞ്ഞു കിടന്നത് ബസിനസ്സ് മേഖലയില്‍ വന്‍നഷ്ടം സൃഷ്ടിച്ചെങ്കിലും ആരോഗ്യ രംഗത്ത് സമൂഹത്തിന് ഗുണകരമാകുകയായിരുന്നു.

ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും നിത്യജീവിതത്തില്‍ വ്യക്തി ശുചിത്വത്തിലും ശ്രദ്ധകാണിച്ചാല്‍ രോഗചികിത്സക്കായി ചെലവിടുന്ന പണത്തില്‍ നിന്ന് ഗണ്യമായൊരു വിഹിതം ലാഭിക്കാന്‍ കഴിയുമെന്ന വസ്തുതയിലേക്കാണ് ലോക്ക്ഡൗണ്‍ കേരളത്തിലെ മരുന്ന് വില്‍പ്പനയില്‍ വന്‍തോതില്‍ ഇടിവുണ്ടാക്കിയെന്ന വാര്‍ത്ത വിരല്‍ചൂണ്ടുന്നത്. പല വീടുകളിലും ഹോട്ടലില്‍ നിന്ന് വാങ്ങുന്ന പാര്‍സല്‍ ഭക്ഷണം ചൂടാക്കി കഴിക്കാനുള്ള സംവിധാനം മാത്രമാണ് അടുക്കള. മലയാളിയുടെ ഭക്ഷണ സംസ്‌കാരത്തില്‍ വന്ന ഈ പുതിയ രീതി തിരുത്തപ്പെടണം. ഗുണനിലവാരമുള്ളതും ആരോഗ്യദായകവുമായ വസ്തുക്കള്‍ ഉപയോഗിച്ച് വീട്ടില്‍ പാകം ചെയ്ത ഭക്ഷണം ആഹരിക്കുന്ന പഴയ ഭക്ഷ്യ സംസ്‌കാരത്തിലേക്ക് കേരളീയസമൂഹം തിരിച്ചു പോകണം. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനിലൂടെ ശീലിച്ച ഇടക്കിടെയുള്ള ഫലപ്രദമായ കൈ കഴുകല്‍ ഉള്‍പ്പെടെ വ്യക്തിശുചിത്വ ശീലങ്ങള്‍ ഇനിയും തുടരണം. കൊവിഡ് വൈറസ് വ്യാപനത്തിന്റെ കണ്ണി പൊട്ടിക്കാന്‍ മാത്രമല്ല, ഇതര രോഗങ്ങള്‍ക്കുള്ള മരുന്നു തീറ്റ ഗണ്യമായി കുറക്കാനും ഇത് സഹായകമാണ്.

---- facebook comment plugin here -----

Latest