Connect with us

Ongoing News

അരുംകൊല നടത്തിയ ഡോക്ടര്‍ ഇന്നും പിടികിട്ടാപ്പുള്ളി

Published

|

Last Updated

കോഴിക്കോട് | അരുംകൊല നിര്‍വഹിച്ച് രാജ്യത്തെ നിയമ വ്യവസ്ഥക്കു വഴങ്ങാതെ പിടികിട്ടാപ്പുള്ളിയായി ഒളിവില്‍ കഴിയുന്ന സുകുമാരക്കുറുപ്പിനെപ്പോലെ മറ്റൊരു മലയാളി സ്ത്രീ ജൂലൈ 11 ന് വീണ്ടും ഓര്‍മയില്‍ എത്തുന്നു. 1996 ജൂലൈ 11 നാണ് മനസ്സാക്ഷിയെ നടുക്കിയ ആ അരുംകൊലയുടെ വിവരം നാടറിഞ്ഞത്. ഡോക്ടര്‍ ഓമനയെന്ന നേത്രരോഗ വിദഗ്ധ, സുഹൃത്തായിരുന്ന പയ്യന്നൂര്‍ അന്നൂര്‍ സ്വദേശി മുരളീധരനെ കൊന്ന് മൃതശരീരം കഷണങ്ങളാക്കി സ്യൂട്ട്‌കേസില്‍ നിറച്ച് ഉപേക്ഷിക്കാന്‍ കൊണ്ടുപോകവെ പിടിയിലായി. പിന്നീട് ജാമ്യത്തിലിറങ്ങിയ അവര്‍ പിടികിട്ടാപ്പുള്ളിയായി എവിടെയോ കഴിയുന്നു.
ഇന്ന് ആ സംഭവത്തിന് 25 വര്‍ഷം തികയുകയാണ്.

ഇന്റര്‍പോള്‍ തിരയുന്ന പയ്യന്നൂര്‍ കരുവാച്ചേരിയിലെ ഡോ. ഓമന എവിടെയെന്ന് യാതൊരു സൂചനയുമില്ല.
മുരളീധരന്റെ മൃതശരീരം സര്‍ജറി ബ്ലേഡ് ഉപയോഗിച്ചു കഷണങ്ങളാക്കി മുറിച്ച് രണ്ട് സ്യൂട്ട്കേസുകളിലാക്കിയ ശേഷം ഉപേക്ഷിക്കാനായി കൊടൈക്കനാലിലേക്കും അവിടെ നിന്ന് കന്യാകുമാരിയിലേക്കും യാത്രചെയ്യവെ തമിഴ്നാട്ടിലെ ദിണ്ടികലില്‍ വെച്ചാണ് ഓമന പിടിയിലാവുന്നത്.

പയ്യന്നൂരിലെ പ്രശസ്തയായ നേത്രരോഗ വിദഗ്ധയായിരുന്നു ഡോ. ഓമന. പയ്യന്നൂര്‍ ചേടമ്പത്ത് ഗോപാലന്‍ നായരുടെയും പാര്‍വതിയമ്മയുടെയും മകള്‍. കൊല്ലം സ്വദേശിയായ ശിശുരോഗ വിദഗ്ധനായിരുന്നു ഭര്‍ത്താവ്. ഭര്‍ത്താവില്‍ നിന്ന് നേരത്തെ വിവാഹ മോചനം നേടിയിരുന്നു. 1996 ജൂലൈ 11ന് സുഹൃത്തും പയ്യന്നൂരിലെ കരാറുകാരനുമായ അന്നൂരിലെ കെ എം മുരളീധരനൊപ്പം ഊട്ടിയിലേക്ക് യാത്ര തിരിച്ചു. ആര്‍ക്കിടെക്ടും കോണ്‍ട്രാക്ടറുമായിരുന്ന 43 കാരനായ മുരളീധരന്‍ വിവാഹിതനായിരുന്നു. ഊട്ടി റെയില്‍വേ സ്റ്റേഷന്റെ വിശ്രമമുറിയില്‍ വച്ച് മുരളീധരന് വിഷവും രക്തം കട്ടപിടിക്കാനുള്ള മരുന്നും കുത്തിവച്ചു. അബോധാവസ്ഥയിലായ മുരളീധരന്റെ ശരീരം ചെറിയ കഷ്ണങ്ങളാക്കി വെട്ടിമുറിച്ചു. കുറേ കഷ്ണങ്ങള്‍ സ്യൂട്ട്‌കെയ്സില്‍ പായ്ക്ക് ചെയ്തു. ശേഷിച്ചത് ഒരു ബാഗിലാക്കി. ശേഷം മുറി കഴുകി വൃത്തിയാക്കി. ടാക്‌സി വിളിച്ച് സ്യൂട്ട്‌കെയ്‌സും ബാഗും ഡിക്കിയില്‍ കയറ്റി. ടാക്‌സി കാറില്‍ പലേടങ്ങളിലും ഉപേക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. അതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ട ഡ്രൈവര്‍ സംശയം പ്രകടിപ്പിച്ചതോടെ പിടിയിലായി.

സംഭവം നടക്കുമ്പോള്‍ ഓമനയ്ക്ക് പ്രായം 43. തന്റെ കുടുംബം തകര്‍ത്ത, തനിക്ക് ശല്യമായി മാറിയ മുരളീധരനെ ഞാന്‍ കൊന്നുവെന്നാണ് അവര്‍ പോലീസിനോട് പറഞ്ഞത്. കേസില്‍ പിടിയിലായ ഡോ. ഓമന 2001 ജനുവരി 21ന് ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് മുങ്ങിയത്. പിന്നെ ഒരു വിവരവുമില്ല. മുരളീധരന് ഓമനയുമായുള്ള അടുപ്പവും പിന്നീടുള്ള അകല്‍ച്ചയുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്റര്‍പോള്‍ ഇപ്പോഴും പ്രതിയെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് ഓമന എം ബി ബി എസ് നേടിയത്. എം ബി ബി എസ് പഠനത്തിനിടെ ലഭിച്ച പരിശീലനം ഉപയോഗിച്ച് പ്രത്യേക സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചായിരുന്നു മുരളീധരന്റെ ശരീരം മുറിച്ചത്. കാറിന്റെ ഡിക്കിയിലെ സ്യൂട്ട്‌കെയ്സും ബാഗും കണ്ട് സംശയം തോന്നിയ ടാക്‌സി ഡ്രൈവര്‍ നാട്ടുകാരുടെ സഹായത്തോടെ ഓമനയെ തടഞ്ഞുവച്ച് തമിഴ്‌നാട് പോലീസിനെ ഏല്‍പിക്കുകയായിരുന്നു.

മലേഷ്യയിലായിരുന്ന ഡോ. ഓമന കൊലപാതകത്തിന് ഒരാഴ്ച മുന്‍പാണ് കേരളത്തിലെത്തിയത്. തിരുവനന്തപുരത്തുള്ള മുരളീധരനെ ഫോണില്‍ വിളിച്ചുവരുത്തി ഒരുമിച്ച് ഊട്ടിയിലേക്ക് പോവുകയായിരുന്നു. അവര്‍ ഇപ്പോഴും മലേഷ്യയില്‍ത്തന്നെ ഉണ്ടാവുമെന്ന് കരുതുന്നവരുമുണ്ട്. മലേഷ്യയിലെ ക്വാലാലംപൂരിലടക്കം നിരവധി സ്ഥലങ്ങളില്‍ ഓമന ഒളിവില്‍ കഴിഞ്ഞിരുന്നതായാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ചെല്‍സ്റ്റിന്‍ മേബല്‍, മുംതാസ്, ഹേമ, റോസ്‌മേരി, സുലേഖ, താജ്, ആമിന ബിന്‍, അബ്ദുല്ല സാറ എന്നിങ്ങനെ പല പേരുകളിലായിരുന്നു ഇവര്‍ തങ്ങിയിരുന്നത്.

മൂന്ന് വര്‍ഷം മുമ്പ് ഡോ. ഓമനയോടു സാമ്യമുള്ള സ്ത്രീയുടെ മൃതശരീരം മലേഷ്യയിലെ സുബാല്‍ ജായസെലേങ്കോലില്‍ കണ്ടെത്തി. കെട്ടിടത്തില്‍നിന്നു വീണുമരിച്ച നിലയിലായിരുന്നു. എന്നാല്‍, മരിച്ചത് തിരുവനന്തപുരം വലിയതുറ സ്വദേശിനിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

---- facebook comment plugin here -----

Latest