Connect with us

Kerala

ബൈപ്പാസിലെ പ്രവൃത്തി വൈകല്‍: കരാറുകാരോട് പൊട്ടിത്തെറിച്ച് മന്ത്രി

Published

|

Last Updated

കോഴിക്കോട് |  രാമനാട്ടുകര- വെങ്ങളം ബൈപ്പാസ് റോഡ് വീതികൂട്ടുന്ന നടപടി വൈകിപ്പിക്കുന്ന കരാറുകാരുടെ നടപടിയില്‍ രൂക്ഷമായി പ്രതികരിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പ്രവൃത്തി സംബന്ധിച്ച വിവരം രണ്ട് മണിക്കൂറിനകം കലക്ടര്‍ക്ക് നല്‍കണം. ഇല്ലെങ്കില്‍ കരാര്‍ റദ്ദാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. രാമനാട്ടുകര- വെങ്ങളം ബൈപ്പാസ് റോഡ് സംബന്ധിച്ച് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മന്ത്രിയുടെ പ്രതികരണം. നിലവിലെ റോഡിലെ കുഴിയടക്കാന്‍ 28 തവണ വകുപ്പ് കത്തയച്ചു. നടപടികളുണ്ടായില്ല. ഈ സാഹചര്യത്തില്‍ കുഴിയെ തുടര്‍ന്ന് റോഡിലുണ്ടായ അപകടങ്ങളില്‍ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

കരാറുമായി ബന്ധപ്പെട്ട പ്രശ്‌നം കാരണം കുണ്ടും കുഴിയും അടക്കുന്ന പ്രവര്‍ത്തനം നടത്താതിരിക്കുന്നത് ഒരു തരത്തിലും വച്ചു പൊറുപ്പിക്കില്ലെന്ന് ഉന്നതതല യോഗം തീരുമാനിച്ചു. അടിയന്തരമായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുറിച്ചു മാറ്റേണ്ട മരങ്ങള്‍ അടിയന്തരമായി മുറിക്കാനും നിര്‍ദേശം നല്‍കി. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കാന്‍ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരെ അടക്കം പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് യോഗം ചേരും.

മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍ കോവില്‍, മേയര്‍ ബീന ഫിലിപ്പ്, എം പിമാരായ എം കെ രാഘവന്‍, എം വി േ്രശയാംസ് കുമാര്‍ പങ്കെടുത്തു. 2018 ഏപ്രിലില്‍ കരാര്‍ ഉറപ്പിച്ച പദ്ധതിയാണ് കോഴിക്കോട് ബൈപാസ് ആറുവരിപാത. എന്നാല്‍ കരാര്‍ കമ്പനിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം നിര്‍മാണ പ്രവൃത്തികള്‍ നടന്നിട്ടില്ല. മാത്രമല്ല നിലവിലെ റോഡില്‍ നിറയെ കുഴികള്‍ നിറഞ്ഞ അവസ്ഥയിലാണ്.