Connect with us

Gulf

കുവൈത്തിലെ ഇരട്ടക്കൊല: വ്യാപക പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശം

Published

|

Last Updated

കുവൈത്ത് സിറ്റി | കഴിഞ്ഞ ദിവസം കുവൈത്തില്‍ 19-കാരനായ സിറിയന്‍ യുവാവ് പട്ടാപ്പകല്‍ നടത്തിയ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് രാജ്യത്ത് വ്യാപക പ്രതിഷേധ്ം. പ്രതിഷേധവുമായി പാര്‍ലമെന്റ് അംഗങ്ങളും രംഗത്തെത്തിയത് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. പോലീസുകാരന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി ഹംദാന്‍ അല്‍ ആസ്മി എം.പി രംഗത്ത് വന്നു.

സുരക്ഷാ രംഗത്തെ അരാജകത്വവും ലഹരി മരുന്ന് ഉപയോഗത്തിന്റെ വ്യാപ്തിയുമാണ് കൊലപാതകങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും ആഭ്യന്തര മന്ത്രാലയത്തിനാണ് ഇക്കാര്യത്തില്‍ ഉത്തരവാദിത്വമെന്നും പാര്‍ലിമെന്റ് അംഗം മുസാഅദ് അല്‍ അര്‍ദി കുറ്റപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ കെടുകാര്യസ്ഥതയാണ് കൊലപാതകങ്ങള്‍ക്ക് കാരണമെന്ന് ശുഐബ് അല്‍ മുവൈസരി പറഞ്ഞു. ആഭ്യന്തര മന്ത്രാലയം നിലവിലുള്ള പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്തണമെന്നതാണ് പോലീസുകാരന്റെ കൊലപാതകം തെളിയിക്കുന്നതെന്ന് അഹ്മദ് അല്‍ ഹമദും കുറ്റപ്പെടുത്തി.

സ്വന്തം മാതാവിനെ കൊലപ്പെടുത്തി രക്ഷപ്പെട്ട യുവാവ് ട്രാഫിക് നിയന്ത്രിക്കുകയായിരുന്ന പോലീസുകാരനെയും സിറ്റിയില്‍ എല്ലാവരും നോക്കി നില്‍ക്കെ പട്ടാപ്പകല്‍ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ സിറിയന്‍ വംശജനായ അക്രമി പോലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയാണുണ്ടായത്.

തിങ്കളാഴ്ച പകല്‍ നടന്ന സംഭവത്തില്‍ അല്‍ ഖുസൂറില്‍ വെച്ചാണ് യുവാവ് സ്വദേശി വനിതയായ മാതാവിനെ പട്ടാപ്പകല്‍ കൊലക്കത്തിക്കിരയാക്കിയത്. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും മാതാവിന്റെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. തുടര്‍ന്ന് മഹ്ബൂലയില്‍ ട്രാഫിക് ചുമതലയിലുണ്ടാചിരുന്ന പോലീസുകാരന്‍ അബ്ദുല്‍ അസീസ് അല്‍ റഷീദിനെയും അക്രമി കുത്തി വീഴ്ത്തിയ ശേഷം പോലീസുകാരന്റെ തോക്കും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.

ഒടുവില്‍ രണ്ട് കൊലപാതകങ്ങളിലെയും പ്രതി ഒരാളാണെന്ന് ലഭ്യമായ വിവരങ്ങളില്‍ നിന്ന് മനസ്സിലാക്കിയ പോലീസ് വ്യാപകമായ പരിശോധന നടത്തുകയും വഫ്രയില്‍ കൃഷി സ്ഥലത്ത് കണ്ടെത്തിയ അക്രമിയോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വഴങ്ങാത്തതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേല്‍ക്കുകയും ആശുപത്രിയിലെത്തിക്കും മുമ്പെ മരണം സംഭവിക്കുകയും ചെയ്തിരുന്നു.

കൃത്യനിര്‍വഹത്തിനിടെ കൊല്ലപ്പെട്ട പോലീസുകാരന്‍ അബ്ദുല്‍ അസീസ് അല്‍ റഷീദിയുടെ വിയോഗത്തില്‍ കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അനുശോചിച്ചു.

അന്‍വര്‍ സി ചിറക്കമ്പം