Kerala
ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതി സ്‌റ്റേ

കൊച്ചി | ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ രണ്ട് വിവാദ ഉത്തരവുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ദ്വീപിലെ ഡയറി ഫാമുകള്‍ അടച്ചുപൂട്ടുകയും വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസാഹാരം ഒഴിാക്കുകയും ചെയ്തു കൊണ്ടുള്ള ഉത്തരവുകളാണ് സ്റ്റേ ചെയ്തത്. കേസ് അടുത്താഴ്ച പരിഗണിക്കും വരെയാണ് സ്റ്റേ. ദ്വീപ് സ്വദേശിയായ സ്വദേശി ആയ അജ്മല്‍ അഹമ്മദിന്റെ പൊതു താത്പര്യ ഹര്‍ജിയില്‍ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷന്‍ ആയ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഡയറി ഫാമുകള്‍ അടച്ചു പൂട്ടിയതിനെയും സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്ന് മാംസാഹാരം ഒഴിവാക്കിയതിനെയും കോടതി നിശിതമായി വിമര്‍ശിച്ചു. വര്‍ഷങ്ങളായി ഒരു പ്രദേശത്ത് തുടര്‍ന്നു വരുന്ന ഭക്ഷണ ശീലം ഒഴിവാക്കുന്നതിന്റെ യുക്തി എന്താണെന്നാണ് ചോദ്യമാണ് കോടതി ഉന്നയിച്ചത്. മാംസ ഉത്പന്നങ്ങള്‍ സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിനാലാണെന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്റെ മറുപടി. ലാഭത്തിലല്ലാത്തതു കൊണ്ടാണ് ഡയറി ഫാമുകള്‍ പൂട്ടാന്‍ നടപടി സ്വീകരിച്ചതെന്നും അഭിഭാഷകന്‍ പറഞ്ഞു.
1950 മുതല്‍ ദ്വീപില്‍ തുടരുന്ന മെനുവാണ് ഇതെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഒരു സംഘടനയെ കുട്ടികളുടെ ഭക്ഷണ വിതരണം ഏല്‍പ്പിക്കാനും പൂര്‍ണമായും വെജിറ്റേറിയന്‍ ഭക്ഷണമാക്കാനുമാണ് ഭരണകൂടത്തിന്റെ നീക്കമെന്നും സ്വകാര്യ കമ്പനിയുടെ പാലും പാലുത്പന്നങ്ങളും ദ്വീപില്‍ വിറ്റഴിക്കാനാണ് ഡയറി ഫാമുകള്‍ പൂട്ടുന്നതെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി.