Connect with us

National

പൗരത്വ സമരം: വിദ്യാർഥികളെ വിട്ടയച്ച ഹെെക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഈ ആവശ്യമുന്നയിച്ച് ഡല്‍ഹി പോലീസാണ് സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം, ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് മറ്റു കേസുകള്‍ക്ക് കീഴ് വഴക്കം ആക്കരുതെന്ന് കോടതി വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

നടാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തല്‍ഹ എന്നിവര്‍ക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ നാല് ആഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്. കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും.

ജാമ്യ അപേക്ഷ പരിഗണിക്കുന്നതിനിടെ യു എ പി എ നിയമത്തിന്റെ സാധുത പരിശോധിച്ച ഹൈക്കോടതി നടപടിയില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. രാജ്യമെമ്പാടുമുള്ള യുഎപിഎ കേസ്സുകളെ ഈ ഉത്തരവ് സ്വാധീനിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണ് അപ്പീലുകളില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ മറ്റ് കേസുകള്‍ക്ക് ഈ ഉത്തരവ് ബാധകമാക്കരുത് എന്ന് കോടതി നിര്‍ദേശം നല്‍കിയത്.

ഹൈക്കോതടി പരാമരശങ്ങള്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. പ്രതിഷേധിക്കാന്‍ ഉള്ള അവകാശം എന്നത് ബോംബ് സ്‌ഫോടനം നടത്താനും, കലാപം ഉണ്ടാക്കാനും ഉള്ള സ്വാതന്ത്ര്യം അല്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ അഭിപ്രായപ്പെട്ടത്.

---- facebook comment plugin here -----

Latest