Connect with us

Kerala

നടന്നത് തട്ടിപ്പായിരുന്നുവെന്ന് അറിയുന്നത് ഇപ്പോള്‍; എന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ താനും ശിക്ഷിക്കപ്പെടണം: അബ്ദുല്ലക്കുട്ടി

Published

|

Last Updated

കണ്ണൂര്‍ | അഴിമതിക്കേസുമായി ബന്ധപ്പെട്ട് തന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയതില്‍ പ്രതികരണവുമായി ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടി. യു ഡി എഫ് ഭരണകാലത്ത് കണ്ണൂര്‍ കോട്ടയില്‍ നടത്തിയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുമായി ബന്ധപ്പെട്ട അഴിമതി കേസ് അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.

യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കണ്ണൂര്‍ കോട്ടയെ ടൂറിസം രംഗത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനാണ് താന്‍ ഈ പദ്ധതി ശിപാര്‍ശ ചെയ്തതെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തി. പിന്നീട് ടൂറിസം മന്ത്രി എ പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അതിന്റെ മറ്റ് നടപടികള്‍ നടന്നു. എന്നാല്‍ ഇതൊരു വലിയ തട്ടിപ്പായിരുന്നുവെന്ന് താന്‍ ഇപ്പോഴാണ് അറിയുന്നത്. ഇതില്‍ പ്രാഥമിക അന്വേഷണത്തിനായാണ് വിജിലന്‍സ് സംഘം എത്തിയത്. അവരുടെ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായി മറുപടി നല്‍കിയിട്ടുണ്ടെന്നും അബ്ദുല്ലക്കുട്ടി വ്യക്തമാക്കി.

കേസില്‍ വിശദമായ അന്വേഷണം നടക്കണമെന്നാണ് എന്റെ നിലപാട്. എന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ താനും ശിക്ഷിക്കപ്പെടണം. എന്നാല്‍ പദ്ധതിക്ക് വേണ്ട ശിപാര്‍ശ നല്‍കിയതല്ലാതെ മറ്റൊരു കാര്യത്തിലും താന്‍ ഇടപെട്ടിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷം സ്ഥലം എം എല്‍ എ എന്തുകൊണ്ടാണ് ഈ വിഷയം പരിശോധിക്കാതിരുന്നതെന്നും അബ്ദുല്ലക്കുട്ടി ചോദിച്ചു.

കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംവിധാനത്തിനായി ഒരു കോടി രൂപ ചെലവാക്കി മൈസൂര്‍ ആസ്ഥാനമായ കമ്പനിയെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് ക്രമക്കേടുണ്ടായത്. ഒരാഴ്ച കോട്ടയില്‍ മാതൃകാ ഷോ നടത്തിയ കമ്പനി തിരികെ പോയി. പത്ത് ലക്ഷം രൂപ പോലും ചെലവാക്കിയിരുന്നില്ലെന്നാണ് വിവരം. പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ണൂര്‍ ഡി ടി പി സിയില്‍ നിന്നും വിജിലന്‍സ് ശേഖരിച്ചിരുന്നു.

2016 ല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ധൃതി പിടിച്ച് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംവിധാനം കണ്ണൂര്‍ കോട്ടയില്‍ ഒരുക്കിയത്. ഇത് സ്ഥിരം സംവിധാനമാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, ഒരാഴ്ച മാത്രമാണ് ഇവിടെ ഷോ നടത്തിയത്. അതിന് ശേഷം ചുമതലയുണ്ടായിരുന്ന കമ്പനി സ്ഥലംവിട്ടു. ലൈറ്റ് ആന്‍ഡ് സൗണ്ട് സംവിധാനം ഒരുക്കിയതില്‍ വന്‍ക്രമക്കേട് നടന്നുവെന്നാണ് വിജിലന്‍സിന് കിട്ടിയ പരാതി.

Latest