Connect with us

National

ലക്ഷദ്വീപ് വിഷയം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധി കത്തയച്ചു

Published

|

Last Updated

ന്യൂഡൽഹി | ലക്ഷദ്വീപിലെ സംഭവങ്ങളിൽ അടിയന്തര ഇടപെടൽ തേടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. ലക്ഷദ്വീപ് ഡെവലപ്പ് മെന്റ് അതോറിറ്റിയുടെ കരട് ചട്ടം ദ്വീപുകളുടെ പാരിസ്ഥിതിക പവിത്രതയെ ദുർബലപ്പെടുത്തുന്നുവെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച മുൻകരുതലുകൾ തകർക്കുന്നുവെന്നും കത്തിൽ അദ്ദേഹ‌ ചൂണ്ടിക്കാട്ടി. ദുരിതബാധിതരായ വ്യക്തികൾക്ക് ലഭ്യമായ നിയമസഹായങ്ങൾ പരിമിതപ്പെടുത്തുന്നതാണ് കരട് നിയമമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.

ജനങ്ങളുടെ ഭാവിക്ക് ഭീഷണിയാകുന്ന നിയമങ്ങൾ അഡ്മിനിസ്ട്രേറ്റർ അടിച്ചേൽപ്പിക്കുകയാണ്. ദ്വീപുകളുടെ പാരിസ്ഥിതിക പവിത്രതയെ ദുർബലപ്പെടുത്താനുള്ള അഡ്മിനിസ്ട്രേറ്ററുടെ ശ്രമം ലക്ഷദ്വീപ് ഡെവലപ്പ് മെന്റ് അതോറിറ്റി റെഗുലേഷന്റെ കരടിൽ വ്യക്തമാണ്. വികസനത്തിന്റെ മറവിൽ ഉപജീവനം, സുരക്ഷ, സുസ്ഥിര വികസനം എന്നിവ വാണിജ്യ നേട്ടങ്ങൾക്കായി ബലികഴിക്കപ്പെടുന്നു. കുറ്റകൃത്യങ്ങൾ നന്നേകുറഞ്ഞ കേന്ദ്രഭരണ പ്രദേശത്ത് ക്രമസമാധാനം നിലനിർത്തുന്നതിന്റെ മറവിൽ ക്രൂരമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതായും കത്തിൽ പറയുന്നു.

ലക്ഷദ്വീപിന്റെ സവിശേഷ പ്രകൃതി സൗന്ദര്യവും സംസ്കാരവും തലമുറകളായി ജനങ്ങളെ ആകർഷിച്ചിട്ടുണ്ടെന്ന് അടിവരയിട്ട രാഹുൽ, ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ പ്രഖ്യാപിച്ച ജനവിരുദ്ധ നയങ്ങൾ അവിടത്തെ ജനങ്ങളുടെ ഭാവിക്ക് ഭീഷണിയാണെന്ന് വ്യക്തമാക്കി.

ഗുണ്ടാ നിയമം നടപ്പാക്കാൽ, ലക്ഷദ്വീപ് അനിമൽസ് പ്രിസർവേഷൻ റെഗുലേഷൻ, മദ്യവിൽപ്പനയ്ക്കുള്ള നിയന്ത്രണങ്ങൾ പിൻവലിക്കൻ തുടങ്ങിയ അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ പ്രാദേശിക സമൂഹത്തിന്റെ സാംസ്കാരികവും മതപരവുമായ ഘടനയ്ക്ക് നേരെയുള്ള മനഃപൂർവ്വമുള്ള ആക്രമണമാണ്. രണ്ടിൽ കൂടുതൽ കുട്ടികളുള്ള അംഗങ്ങളെ അയോഗ്യരാക്കുന്ന കരട് പഞ്ചായത്ത് റെഗുലേഷന്റെ വ്യവസ്ഥ നഗ്നമായ ജനാധിപത്യ വിരുദ്ധമാണ്. ഈ വിഷയത്തിൽ ഇടപെടാനും മുകളിൽ സൂചിപ്പിച്ച ഉത്തരവുകൾ പിൻവലിക്കുന്നുവെന്ന് ഉറപ്പാക്കാനും നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ലക്ഷദ്വീപിലെ ജനങ്ങള് അവരുടെ ജീവിതരീതിയെ ബഹുമാനിക്കുകയും അവരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഒരു വികസന ദർശനമാണ് അർഹിക്കുന്നതെന്നും രാഹുൽ എഴുതി.

തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായോ പൊതുജനങ്ങളോമായോ ശരിയായി കൂടിയാലോചിക്കാതെ അഡ്മിനിസ്ട്രേറ്റർ ഏകപക്ഷീയമായാണ് പുതിയ നിർദേശങ്ങൾ കൊണ്ടുവരുന്നതെന്നും ലക്ഷദ്വീപിലെ ജനങ്ങള് ഈ ഏകപക്ഷീയമായ നടപടികള് ക്കെതിരെയാണ് പ്രതിഷേധിക്കുന്നതെന്നും രാഹുൽ കത്തിൽ പറയുന്നു.