Connect with us

Ongoing News

കൊലപാതക കേസില്‍ ഒളിംപ്യന്‍ സുശീല്‍ കുമാര്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി |കൊലപാതക കേസില ഒളിംപ്യന്‍ സുശീല്‍ കുമാര്‍ അറസ്റ്റില്‍. മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. പഞ്ചാബില്‍ വെച്ചാണ് ഡല്‍ഹി പോലീസ് സുശീല്‍ കുമാറിനെ പിടികൂടിയത്. ഇയാളുടെ സഹായി അജയ് കുമാറും അറസ്റ്റിലായിട്ടുണ്ട്.

സുശീല്‍കുമാറിന്റെ അറസ്റ്റിലേക്ക് നയിക്കുന്ന എന്തെങ്കിലും വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഡല്‍ഹി പോലീസ് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. സുശീല്‍ കുമാറിനെ പിടികൂടാനായി ഡല്‍ഹി പോരലീസ് പ്രത്യേക ടീം രൂപവത്കരിക്കുകയും ഹരിയാനയുടെയും പഞ്ചാബിന്റെയും ചില ഭാഗങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

സുശീല്‍ കുമാറിന് നേരത്തെ ഡല്‍ഹി കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. ഗൂഢാലോചന നടത്തിയതിന് പ്രഥമദൃഷ്ട്യാ സുശീലിനെതിരെ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളവാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.

302 (കൊലപാതകം), 308 (കുറ്റകരമായ നരഹത്യ), 365 (തട്ടിക്കൊണ്ടുപോകല്‍), 325 (ഗ്രീവിയസ് മുറിവേല്‍പ്പിക്കല്‍), 323 (സ്വമേധയാ മുറിവേല്‍പ്പിക്കല്‍), 341 (അന്യായമായ നിയന്ത്രണം), 506 (ക്രിമിനല്‍ ഭീഷണി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഡല്‍ഹി പോലീസ് കേസില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188 (പൊതുസേവകന്റെ ഉത്തരവ് പാലിക്കല്‍), 269 (രോഗത്തിന്റെ അണുബാധ പടര്‍ത്താന്‍ സാധ്യതയുള്ള അശ്രദ്ധമായ പ്രവൃത്തി), 120-ബി (ക്രിമിനല്‍ ഗൂഡാലോചന), 34 (പൊതു ഉദ്ദേശ്യം), ആയുധ നിയമപ്രകാരം വിവിധ വകുപ്പുകള്‍ എന്നിവയും ചുമത്തിയിരുന്നു.

മെയ് നാലിനാണ് കേസിനാസ്പദമായ സംഭവം. ഛത്രസാല്‍ സ്‌റ്റേഡിയത്തില്‍ വെച്ച് സുശീല്‍ കുമാറും സംഘവുമായുണ്ടായ സംഘര്‍ഷത്തിലാണ് ജൂനിയര്‍ ഗുസ്തി താരം സാഗര്‍ റാണ കൊല്ലപ്പെട്ടത്. റാണയുടെ രണ്ട് സുഹൃത്തുക്കള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest