Connect with us

Ongoing News

അനുഭവങ്ങളുടെ കരുത്തിൽ പി രാജീവ്

Published

|

Last Updated

കൊച്ചി | മികച്ച പാർലിമെന്റേറിയനായി രാജ്യസഭയിൽ തിളങ്ങിയ അനുഭവ സമ്പത്തുമായാണ് പി രാജീവെന്ന 52 കാരൻ മന്ത്രിപദത്തിലെത്തുന്നത്. വിദ്യാർഥി, യുവജന പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്കുയർന്നുവന്ന രാജീവ് യു ഡി എഫ് കോട്ടയായ കളമശ്ശേരിയിൽ നിന്നാണ് ഇക്കുറി ചരിത്ര വിജയം നേടി മന്ത്രിസഭയിലെത്തുന്നത്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ രംഗത്തെത്തിയ രാജീവ് എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ഡി വൈ എഫ്‌ ഐ ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു. വിദ്യാർഥി നേതാവായിരിക്കെ പോലീസിന്റെ ക്രൂര മർദനത്തിനിരയായി. സി ഐ ടി ജില്ലാ ജോയിന്റ്സെക്രട്ടറിയുമായി പ്രവർത്തിച്ചു.
2015 മുതൽ 2018 വരെ സി പി എം എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്നു. 2009 ൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016 വരെയുള്ള രാജ്യസഭാ കാലഘട്ടത്തിൽ മികച്ച രാജ്യസഭാ സമാജികനെന്ന പേര് രാജീവ് നേടിയെടുത്തു.

എം പി ഫണ്ട് ഉപയോഗിച്ച് ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ആവിഷ്‌കരിച്ച പദ്ധതികൾ രാജീവിന്റെ പ്രധാന നേട്ടങ്ങളാണ്.

രാജ്യസഭയിലെ മിന്നുംതാരം

ഐ ടി ആക്ടിലെ വിവാദമായ 66(എ) വകുപ്പിനെതിരെ രാജ്യസഭയിൽ അവതരിപ്പിച്ച പ്രമേയം ദേശീയ ശ്രദ്ധ നേടി. 2013ൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയെ രാജ്യത്തെ പ്രതിനിധീകരിച്ച് അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, സ്പീക്കർ എന്നിവർക്കൊപ്പം ലോകരാഷ്ട്രങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘങ്ങളിലും അംഗമായിരുന്നു. രാജ്യസഭയിലെ ചെയർമാൻ പാനൽ അംഗവും അഷ്വറൻസ് കമ്മിറ്റി ചെയർമാനുമായിരുന്നു. പാർലിമെന്റിന് നൽകിയ സംഭാവന പരിഗണിച്ച് സൻസദ് രത്‌ന പുരസ്‌കാരം നൽകിയാണ് പി രാജീവിന് രാജ്യസഭ യാത്രയയപ്പ് നൽകിയത്.
സി പി എം പാർലിമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡർ, രാജ്യസഭയിൽ ചീഫ് വിപ്പ് എന്നീ സ്ഥാനങ്ങളും വഹിച്ചു.

രാജ്യസഭാ കാലഘട്ടത്തിന് ശേഷം സംസ്ഥാനത്തെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായ രാജീവ് 2018 വരെ പാർട്ടിയുടെ ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് നിന്ന് മത്സരിച്ചെങ്കിലും ഹൈബി ഈഡനെതിരെ പരാജയമറിഞ്ഞു.
അഞ്ച് പുസ്തകങ്ങളുടെ കർത്താവായ രാജീവ് നിലവിൽ ദേശാഭിമാനി മുഖ്യപത്രാധിപർ കൂടിയാണ്.
മികച്ച പൊതുപ്രവർത്തകനുള്ള പി കെ വി പുരസ്‌കാരം, പി പി ഷണ്മുഖദാസ് അവാർഡ്, മികച്ച മുഖപ്രസംഗത്തിനുള്ള പന്തളം കേരളവർമ പുരസ്‌കാരം എന്നിവ ലഭിച്ചു. തൃശൂർ ജില്ലയിലെ മേലഡൂരാണ് സ്വദേശം. ദീർഘകാലമായി കളമശ്ശേരിയിൽ സ്ഥിരതാമസം. റവന്യൂ ഇൻസ്‌പെക്ടറായിരുന്ന പി വാസുദേവന്റെയും രാധയുടെയും മകനാണ്. ഭാര്യ: വാണി കേസരി ( പ്രൊഫസർ, കുസാറ്റ് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്). മക്കൾ: ഹൃദ്യ, ഹരിത

Latest