Connect with us

Editors Pick

'നീ ജീവനോടെയുണ്ടോ?' ഗാസയിലെ ജനങ്ങളുടെ നേരം പുലരുന്നത് പ്രിയപ്പെട്ടവരുടെ ഈ സന്ദേശം വായിച്ച്

Published

|

Last Updated

ഗാസ | ഇസ്‌റാഈലിന്റെ കണ്ണില്ലാത്ത ക്രൂരത തുടരുന്നതിനാല്‍ വിവരണാതീതമാണ് ഗാസയിലെ സാധാരണ ജനങ്ങളുടെ ജീവിതം. ഭീകര രാത്രിയാണ് ഓരോ മനുഷ്യക്കുഞ്ഞിനും ഗാസയില്‍. അടുത്ത മിസൈല്‍ തങ്ങളുടെ വീടിന്റെ മുകളിലാകുമെന്ന് ഭയന്നാണ് ഇവര്‍ കഴിയുന്നത്.

രാവിലെ ജീവനോടെയുണ്ടാകുമെന്ന് ഒരുറപ്പുമില്ലാതെ കുടുംബങ്ങള്‍ കിടക്കുന്നു. കിടക്കുമെങ്കിലും ഭയം കാരണം പിഞ്ചുകുഞ്ഞുങ്ങള്‍ വരെ ഉറങ്ങില്ല. അഥവാ പുലര്‍ച്ചെയെപ്പോഴോ ഒരുപോള കണ്ണടച്ചാല്‍ മിനുട്ടുകള്‍ മാത്രമേ ഉറക്കം നീളുകയുള്ളൂ. “നീ ജീവിച്ചിരിപ്പുണ്ടോ?” ഈ സന്ദേശം ഫോണില്‍ വായിച്ചാണ് ഒരു ദിവസം ആരംഭിക്കുന്നത്. അനിശ്ചിതത്വം നിറഞ്ഞ ദിനരാത്രങ്ങള്‍. ഇസ്‌റാഈല്‍ മിസൈലുകളുടെ അടുത്ത ലക്ഷ്യം തങ്ങളാണെന്ന് നിനച്ചാണ് ഓരോ രാത്രിയും കടന്നുപോകുന്നത്.

ഭീകരരാത്രികളെ കൈകാര്യം ചെയ്യാന്‍ രണ്ട് മാര്‍ഗങ്ങളാണ് ഗാസയിലെ സാധാരണക്കാര്‍ക്കുള്ളത്. കുടുംബത്തിലെ എല്ലാവരും ഒരുമിച്ച് ഒരു മുറിയില്‍ കഴിയുന്നു. ഇസ്‌റാഈല്‍ ബോംബുകള്‍ വര്‍ഷിച്ചാലോ മിസൈല്‍ പതിച്ചാലോ ഒരുമിച്ച് മരിക്കുക. മറ്റൊരുവഴി, ഓരോരുത്തരെയും ഓരോ മുറിയില്‍ പാര്‍പ്പിക്കുക. അതാകുമ്പോള്‍ ആരെങ്കിലുമൊക്കെ ജീവനോടെയുണ്ടാകും. ഈ രണ്ട് വഴികളല്ലാതെ മറ്റൊന്നും ഗാസയിലെ ജനങ്ങള്‍ക്കില്ല.

ഗാസയിലെ ഇമാന്‍ ബശര്‍ എന്ന വനിത ട്വിറ്ററില്‍ കുറിച്ച അനുഭവങ്ങളാണ് മുകളില്‍ വിവരിച്ചത്. യു എസ് കോണ്‍ഗ്രസ് അംഗം റാശിദ തിലൈബ് ഈ ട്വീറ്റുകള്‍ പ്രതിനിധി സഭയില്‍ ഉദ്ധരിച്ചതിനാല്‍ ലോകശ്രദ്ധ നേടിയിട്ടുണ്ട്. പിഞ്ചുകുഞ്ഞുങ്ങളുടെയടക്കം ദീനരോദനങ്ങള്‍ ലോകം കേള്‍ക്കണമെന്ന ലക്ഷ്യത്തോടെയാണ് അനുഭവങ്ങള്‍ പങ്കുവെക്കുന്നതെന്ന് ഇമാന്‍ പറയുന്നു.

ഇമാൻ ബശറിന്റെ കുറിപ്പ് യു എസ് കോൺഗ്രസ് അംഗം റാശിദ തിലൈബ് പങ്കുവെച്ചപ്പോൾ

കഴിഞ്ഞ ദിവസത്തെ രാത്രി ഭയാനകമായിരുന്നെന്ന് അവര്‍ പറഞ്ഞു. പുലര്‍ച്ചെ നാല് മണിക്കാണ് ഉറങ്ങിയത്. അതുവരെ കുഞ്ഞുങ്ങള്‍ ഉണര്‍ന്നിരിക്കുകയായിരുന്നു. അവരെ സമാധാനപ്പെടുത്താന്‍ ഭര്‍ത്താവും താനും ഏറെ സമയം കഷ്ടപ്പെട്ടു. ഈ സ്ഥിതി ദുസ്സഹമാണ്, അതിഭീകരവും. ഇതുപോലെ കുഞ്ഞുങ്ങള്‍ ജീവിക്കണമെന്ന് ഒട്ടും ഇഷ്ടപ്പെടുന്നില്ല. അവര്‍ സമാധാനത്തോടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു. അവരുടെ വിലാപങ്ങള്‍ ലോകം മുഴുക്കെ കേള്‍ക്കണം. അതുകൊണ്ടാണ് ട്വിറ്ററില്‍ കുറിപ്പിടുന്നത്.

വാക്കുകളുടെ കരുത്തില്‍ താന്‍ വിശ്വസിക്കുന്നു. ഇതെല്ലാം കുട്ടികള്‍ അതിജീവിക്കണമെന്ന് ആഗ്രഹിക്കുന്നു. ഈ സ്ഥിതി കാരണം നിങ്ങളുടെ സ്വപ്‌നങ്ങള്‍ പൂവണിയില്ലെന്ന് കുഞ്ഞുങ്ങളോട് പറയാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും ഇമാന്‍ ബശര്‍ അല്‍ ജസീറയോട് പറഞ്ഞു.