Connect with us

Covid19

കൊവിഡും ഹൃദയാഘാതവും വില്ലന്‍; കുവൈത്തില്‍ പ്രവാസികളുടെ മരണ നിരക്ക് ഉയരുന്നു

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ കൊവിഡ് മരണങ്ങള്‍ കൂടുന്നതിനനുസരിച്ച് ഇന്ത്യക്കാരുടെയും മരണം വര്‍ധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞാഴ്ച നാല് മലയാളികളുടെ മരണമാണ് കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മൂന്നും കൊവിഡ് പോസ്റ്റീവ് ആയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാജ്യത്ത് കൊവിഡ് മരണ സംഖ്യ 1,500 കവിഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വരെയുള്ള കണക്കുകള്‍ പ്രകാരം കൊവിഡ് കാരണം 1,516 പേരാണ് രാജ്യത്ത് മഹാമാരിക്ക് കീഴടങ്ങിയത്.

ഫെബ്രുവരി 14നാണ് കുവൈത്തില്‍ കൊവിഡ് മരണം ആയിരം കവിഞ്ഞത്. മരണ സംഖ്യ ആദ്യത്തെ ആയിരമാകാന്‍ ഒരു വര്‍ഷമാണെടുത്തതെങ്കില്‍ പിന്നീടുള്ള 500 ആകാന്‍ രണ്ടര മാസം പോലും വേണ്ടിവന്നില്ല എന്നതാണ് വസ്തുത. കൂടാതെ സമീപ ആഴ്ചകളില്‍ മരണ നിരക്ക് കൂടുതലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച ഒമ്പതും വ്യാഴാഴ്ച 11 ഉം ബുധനാഴ്ച 12 ഉം പേരുമാണ് അത്യന്തം ഭയാനകമായ കൊവിഡിന്റെ പിടിയിലമര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.

കൊവിഡ് പ്രതിസന്ധി ആരംഭിച്ചതില്‍ പിന്നെ മൊത്തത്തില്‍ മരണ സംഖ്യയില്‍ ഗണ്യമായി വര്‍ധനയുണ്ടായിട്ടുണ്ട്. 2019നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 40 ശതമാനമാണ് വര്‍ധനയുണ്ടായത്. കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ സ്വദേശികളും വിദേശികളുമുള്‍പ്പെടെ 11,302 പേരാണ് മരിച്ചത്. ഇതില്‍ 5,380 പേര്‍ വിദേശികളാണ്. ഇവരില്‍ 1,279 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ത്തന്നെ 334 പേര്‍ കൊവിഡ് ബാധിച്ചാണ് മരിച്ചത്.

2019ല്‍ 707 ഇന്ത്യക്കാരാണ് കുവൈത്തില്‍ മരിച്ചിരുന്നതെങ്കില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 572 പേരാണ് 2020ല്‍ കൂടുതലായി മരണപ്പെട്ടത്. ഇവരില്‍ കൊവിഡ് കൂടാതെ കൂടുതല്‍ മരണ കാരണമായത് ഹൃദയാഘാതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് സൃഷ്ടിച്ച ഭീതിയും അരക്ഷിതാവസ്ഥയും ഹൃദയാഘാതം വര്‍ധിക്കാന്‍ കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest