Connect with us

National

ആംബുലന്‍സ് ഇല്ല; പിതാവിന്റെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് കാറിന് മുകളില്‍ കെട്ടിവെച്ച്

Published

|

Last Updated

ആഗ്ര | ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് പിതാവിന്റെ മൃതദേഹം കാറിന്റെ മേല്‍ക്കൂരയില്‍ കെട്ടി ശ്മശാനത്തിലെത്തിച്ച മകന്‍ നൊമ്പരമായി. ആഗ്രയില്‍ നിന്നാണ് കരളലിയിക്കുന്ന കാഴ്ച. കൊവിഡില്‍ വീര്‍പ്പ്മുട്ടുന്ന ആഗ്രയില്‍ ആംബുലന്‍സുകള്‍ കിട്ടാതായതോടെയാണ് പിതാവിന്റെ മൃതദേഹം കാറിന് മുകളില്‍ കെട്ടിവെച്ച് കൊണ്ടുപോകേണ്ട ദുരവസ്ഥ മകനുണ്ടായത്. മോക്ഷാദാമിലെ ശ്മശാനത്തില്‍ എത്തിച്ച മൃതദേഹം അന്ത്യകര്‍മങ്ങള്‍ നടത്തി സംസ്‌കരിച്ചു.

കോവിഡ് 19 കേസുകള്‍ കുതിച്ചുയര്‍ന്നതോടെ ആഗ്രയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ദിവസേന 600ലധികം കേസുകളാണ് ആഗ്ര നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒന്‍പത് ദിവസത്തിനുള്ളില്‍ കോവിഡ് 19 മൂലം നഗരത്തില്‍ മരണത്തിന് കീഴടങ്ങിയത് ഒന്‍പത് പേര്‍.

ആംബുലന്‍സുകളുടെ കുറവ് കാരണം, കോവിഡ് 19 ഇരകളുടെ മൃതദേഹങ്ങള്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ മണിക്കൂറോളം ആളുകള്‍ക്ക് കാത്തിരിക്കേണ്ടി വരികയാണ്. ആഗ്രയിലെ സ്വകാര്യ ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. അടുത്തുള്ള ജില്ലകളായ മെയിന്‍പുരി, ഫിറോസാബാദ്, മഥുര എന്നിവിടങ്ങളില്‍ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൂടി ആഗ്രയിലേക്കാണ് കൊണ്ടുവരുന്നതും.

ആഗ്രയില്‍ കേസുകളുടെയും മരണങ്ങളുടെയും എണ്ണം നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ യോഗേഷ് മല്‍ഹോത്ര മാധ്യമങ്ങളോട് പറഞ്ഞു. ഈ മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ ബിജെപി പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് സമാജ്‌വാദി പാര്‍ട്ടി (എസ്പി) ജില്ലാ പ്രസിഡന്റ് രാംഗോപാല്‍ ബാഗേല്‍ കുറ്റപ്പെടുത്തി.

---- facebook comment plugin here -----

Latest