Connect with us

Kerala

ആവേശച്ചൂടിന് പരിസമാപ്തി; നാളെ വിധിയെഴുത്ത്

Published

|

Last Updated

തിരുവനന്തപുരം | ഒരു മാസം നീണ്ട പ്രചാരണച്ചൂടിന് പരിസമാപ്തി കുറിച്ച് കേരളം നാളെ ബൂത്തിലേക്ക്. ഭരണത്തുടര്‍ച്ചയും ഭരണമാറ്റവും മാറ്റുരക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പില്‍ 2.74 കോടി ജനങ്ങള്‍ 957 സ്ഥാനാര്‍ഥികളുടെ വിധിയെഴുതും. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. അവസാന വട്ട വോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും.

പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ച് അമ്പത്തിയൊമ്പതിനായിരം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 140 കമ്പനി കേന്ദ്ര സേനയും കേരളത്തിലുണ്ട്. ഇത്രയധികം കേന്ദ്ര സേന കേരളത്തില്‍ ഇതാദ്യമാണ്. പോളിംഗ് ഏജന്റുമാര്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ പോലീസ് സംരക്ഷണം നല്‍കും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊട്ടിക്കലാശമില്ലാതെയാണ് ഇത്തവണ പ്രചാരണ പരിപാടികള്‍ സമാപിച്ചത്. എന്നാല്‍, കലാശക്കൊട്ടിന്റെ കുറവ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും റോഡ് ഷോകളിലൂടെ നികത്തുന്ന കാഴ്ചക്കാണ് അവസാന മണിക്കൂറുകള്‍ സാക്ഷിയായത്. മുഖ്യമന്ത്രി പിണറായി വിജയന്‍, രാഹുല്‍ ഗാന്ധി, രമേശ് ചെന്നിത്തല, നിര്‍മലാ സീതാരാമന്‍ തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ റോഡ് ഷോ നടത്തി.

പിണറായി വിജയന്‍ ധര്‍മടം മണ്ഡലത്തില്‍ റോഡ് ഷോ നടത്തി. അവസാന മണിക്കൂറില്‍ നേമത്തെത്തിയ രാഹുല്‍ ഗാന്ധി പൂജപ്പുരയില്‍ പൊതുയോഗത്തില്‍ സംസാരിച്ചു. കോഴിക്കോട്ടെ റോഡ് ഷോക്ക് ശേഷമാണ് രാഹുല്‍ നേമത്തെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നെടുങ്കണ്ടത്താണ് അവസാന ദിവസം റോഡ് ഷോയില്‍ പങ്കെടുത്തത്. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നെടുമങ്ങാട്ട് റോഡ് ഷോയില്‍ പങ്കെടുത്തു.

കൊല്ലത്ത് അഞ്ചല്‍ കരുകോണില്‍ എല്‍ ഡി എഫ്- യു ഡി എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പോലീസ് ലാത്തി വീശി. ഇടുക്കി ചെറുതോണിയില്‍ എല്‍ ഡി എഫ്- യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. എല്‍ ഡി എഫ് റാലിയിലേക്ക് കോണ്‍ഗ്രസ് പതാകയുമായി പ്രവര്‍ത്തകന്‍ എത്തിയെന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം. പോലീസ് ഇടപെട്ട് പ്രവര്‍ത്തകരെ മാറ്റിയെങ്കിലും പരസ്യപ്രചാരണം സമാപിച്ച ശേഷം ഇരുകൂട്ടരും വീണ്ടും ചെറുതോണി ടൗണില്‍ സംഘടിച്ചെത്തി ഏറ്റുമുട്ടുകയായിരുന്നു.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ബി ജെ പി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ബി ജെ പി പ്രവര്‍ത്തകര്‍ പ്രചാരണം നിര്‍ത്താത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest