Connect with us

Ongoing News

പ്രകടന പത്രികയിലും ചിരിവൈദ്യർ

Published

|

Last Updated

കോഴിക്കോട്| കോഴിക്കോടിനെ കുടുകുടെ ചിരിപ്പിച്ച രാമദാസ് വൈദ്യർ എന്ന ചിരി വൈദ്യർ നർമത്തിൽ ചാലിച്ച് ചെയ്ത ഒരു കാര്യം പ്രകടന പത്രികയിൽ ഇടം നേടി. ഇടതു മുന്നണി പ്രകടന പത്രികയിലെ വീട്ടമ്മമാർക്ക് പെൻഷൻ എന്ന ആശയം, വർഷങ്ങൾക്ക് മുമ്പ് ഭാര്യക്ക് പെൻഷൻ നൽകിക്കൊണ്ടാണ് ചിരിവൈദ്യർ നടപ്പാക്കിയത്. തെങ്ങുകയറ്റ കോളജ് ഉദ്ഘാടനത്തിന് ജില്ലാ കലക്ടറെ തെങ്ങിൽ കയറ്റിയതുപോലുള്ള ഒരു നർമമെന്നേ അന്ന് ആളുകൾ ധരിച്ചുള്ളൂവെങ്കിലും കാലം അത് ഏറ്റെടുത്തിരിക്കുന്നു.

രാഷ്ട്രീയക്കാരുടെ വിഴുപ്പലക്കൽ കേട്ട് സഹിക്കുന്ന മുതലക്കുളത്തെ അലക്കുകല്ലുകളെ ആദരിച്ച അതേ നർമം ചാലിച്ചാണ് “കുറെക്കാലമായില്ലേ നീ എന്നെ സേവിക്കുന്നു. ഇനി മുതൽ ഞാൻ നിനക്ക് പെൻഷൻ തരും” എന്നു പറഞ്ഞ് ഭാര്യ നിർമലക്ക് അദ്ദേഹം മാസാമാസം ഒരു തുക മണിയോർഡറാക്കിയത്. വീട്ടമ്മമാരുടെ കാണാപ്പണികളെക്കുറിച്ച് ഗൗരവമായ ചർച്ചകൾ ഉയർന്നുകൊണ്ടിരിക്കുന്ന കാലത്താണ് വീട്ടമ്മമാർക്ക് പെൻഷൻ എന്ന ആശയം കേരളത്തിൽ ഇടത് പ്രകടന പത്രികയിൽ ഇടം നേടുന്നത്.

വിവിധ തൊഴിൽ ചെയ്യുന്നവർക്കും തൊഴിലില്ലാത്തവർക്കും സർക്കാർ പെൻഷനും ക്ഷേമ നിധിയും നിലവിവിലുണ്ട്. എന്നാൽ ജീവിതത്തിൽ പലപ്പോഴും ഒറ്റപ്പെട്ടു പോകുന്നത് വീട്ടമ്മമാരാണ്. വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കപ്പെടുന്നതിലേറെയും അവരാണ്. വാർധക്യകാല പെൻഷൻ, തൊഴിലില്ലാ വേതനം പോലുള്ള ക്ഷേമ പദ്ധതികൾ അവർക്ക് സർക്കാർ നടപ്പാക്കണമെന്ന ആവശ്യം അടുത്ത കാലത്ത് ഏറെ ഉയർന്നുവന്നതാണ്. കേരള വനിതാ കമ്മീഷൻ ആക്ട് 16 പ്രകാരവും നാഷനൽ വനിതാ കമ്മീഷൻ ആക്ട് വകുപ്പ് 10 പ്രകാരവും വീട്ടമ്മമാർക്ക് പ്രത്യേക ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ട്. എന്നാൽ വീട്ടമ്മമാർക്ക് പെൻഷൻ എന്ന വിഷയത്തിൽ ഫയൽ ചെയ്ത പൊതുതാത്പര്യ ഹരജി ഹൈക്കോടതി നേരത്തേ തള്ളിയതാണ്. ഇത്തരം കാര്യങ്ങൾ സർക്കാറിന്റെ നയ തീരുമാനങ്ങളാണെന്നും അതിനാൽ കോടതിക്ക് ഇടപെടാൻ പരിമിതി ഉണ്ടെന്നുമായിരുന്നു കോടതി നിഗമനം.

ഈ ആവശ്യമുന്നയിച്ച് സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പിനെ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ട് എന്നും കേസിന്റെ വാദത്തിനിടെ ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ 2012ൽ കേരളാ നിമയസഭയിൽ ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിന്, എല്ലാ വീട്ടമ്മമാർക്കും അവരുടെ ജോലിഭാരം പരിഗണിച്ച് പ്രത്യേകമായി പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നത് പ്രായോഗികമല്ലാത്തതിനാൽ ഇക്കാര്യം തത്കാലം പരിഗണനയിലില്ലെന്നായിരുന്നു സാമൂഹിക ക്ഷേമ മന്ത്രിയുടെ മറുപടി. ആ ചോദ്യത്തിനുള്ള മറുപടിയുടെ തിരുത്താണ് ഇപ്പോൾ ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയിൽ ഇടം പിടിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാറിന്റെ അടൽ പെൻഷൻ യോജന 2015 മുതൽ രാജ്യത്ത് നിലവിലുണ്ടെങ്കിലും അത് കേരളത്തിൽ വേണ്ടത്ര ജനപ്രിയമായില്ല.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്