Connect with us

National

സംവരണം എത്ര തലമുറകള്‍ കൂടി തുടരേണ്ടി വരുമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | തൊഴില്‍, വിദ്യാഭ്യാസ സംവരണം ഇനി എത്ര തലമുറകള്‍ കൂടി തുടരേണ്ടിവരുമെന്ന് സുപ്രീം കോടതി. മഹാരാഷ്ട്ര സര്‍ക്കാര്‍ കക്ഷിയായുള്ള മറാത്താ ക്വോട്ട കേസില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക ചോദ്യം. പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാര്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കി വരുന്ന അമ്പത് ശതമാനം സംവരണം നീക്കം ചെയ്താലുണ്ടാകാവുന്ന അസമത്വത്തെ കുറിച്ചുള്ള ആശങ്കയും ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് പ്രകടിപ്പിച്ചു.

മാറിയ സാമൂഹിക സാഹചര്യം കണക്കിലെടുത്ത് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വന്ന വിധിയും നിലവിലുള്ള സംവരണവും പുനഃപരിശോധിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി വാദിച്ചു. 1931 ലെ ജനസംഖ്യാകണക്കെടുപ്പ് അടിസ്ഥാനമാക്കി തയ്യാറാക്കിയ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും തുടര്‍ന്നു വന്ന വിധിയും നിലവിലെ സാമൂഹിക സാഹചര്യങ്ങള്‍ക്ക് യോജിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ മറാത്താ വിഭാഗക്കാര്‍ക്ക് സംവരണം അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ശരിവെച്ചുള്ള ബോംബെ ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള വിവിധ കേസുകളിലാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്. സ്വാതന്ത്ര്യലബ്ദിയ്ക്ക് ശേഷം രാജ്യം ബഹുദൂരം മുന്നോട്ടു പോയിട്ടുണ്ടെന്നും പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്നുള്ളത് വാസ്തവമാണെന്നും കോടതി നിരീക്ഷിച്ചു. നിലവിലെ അമ്പത് ശതമാനം സംവരണം തുടരുന്നില്ലെങ്കില്‍ സാമൂഹികസമത്വം എങ്ങനെ സാധ്യമാവും എന്ന് കോടതി ചോദിച്ചു. അക്കാര്യമാണ് നമ്മള്‍ കണക്കിലെടുക്കേണ്ടതെന്നും സംവരണം നിര്‍ത്തലാക്കുകയോ അതില്‍ കുറവ് വരുത്തുകയോ ചെയ്യുന്നത് സാമൂഹികാസമത്വത്തിലേക്ക് നയിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

എത്ര തലമുറകള്‍ കൂടി അത് തുടരേണ്ടി വരുമെന്ന് കൃത്യമായി പറയാന്‍ സാധിക്കുമോയെന്ന് ജസ്റ്റിസ് അശോക് ഭൂഷനെ കൂടാതെ ജസ്റ്റിസുമാരായ എല്‍ നാഗേശ്വരറാവു, എസ് അബ്ദുള്‍ നാസര്‍, ഹേമന്ത് ഗുപ്ത, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.

---- facebook comment plugin here -----

Latest