Connect with us

Kerala

പത്ത് വര്‍ഷം പൂര്‍ത്തിയായവരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം | പി എസ് സിക്ക് വിട്ടിട്ടില്ലാത്ത തസ്തികകളില്‍ പത്ത് വര്‍ഷം പൂര്‍ത്തിയായവരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം ചെയ്യുന്നവര്‍ ആവശ്യപ്പെടുന്ന തരത്തില്‍ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ല. പി എസ് സിക്ക് വിട്ട ഏതെങ്കിലും തസ്തികകളില്‍ സ്ഥിരപ്പെടുത്തല്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. മുമ്പ് നടത്തിയ സ്ഥിരപ്പെടുത്തതില്‍ പരിശോധ നടത്താന്‍ വിവിധ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി.

ടൂറിസം വകുപ്പിലടക്കം പത്ത് വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് നിയമനം നല്‍കാനും മന്ത്രി സഭാ യോഗം തീരുമാനം എടുത്തു. ടൂറിസം വകുപ്പില്‍ 90 താത്കാലിക ജീവനക്കാര്‍ക്കാണ് നിയമനം ലഭിക്കുക. ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ പുതിയ തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാനുഷിക പരിഗണന മാനിച്ചാണ് പത്ത് വര്‍ഷം പൂര്‍ത്തിയായവരെ സ്ഥിരപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന മന്ത്രിസഭാ യോഗം നിരാശാജനകമാണെന്ന് സെക്രട്ടേറിയറ്റ് പരിസരത്ത് സമരം ചെയ്യുന്നവര്‍ പറഞ്ഞു. സര്‍ക്കാര്‍ സമീപനത്തിനെതിരെ പ്രതിഷേധം ശക്തമാക്കും. നാളെ മുതല്‍ യാചനാ സമരം നടത്തും. തുടര്‍ന്ന് അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കുമെന്നും സമരം ചെയ്യുന്നവർ പറഞ്ഞു.

 

 

Latest