യു പിയില്‍ 50 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു

Posted on: January 6, 2021 12:44 pm | Last updated: January 6, 2021 at 3:51 pm

ലഖ്‌നോ | ഉത്തര്‍പ്രദേശിലെ ബദൗര്‍ ജില്ലയില്‍ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന 50 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. അംഗണവാടി ജീവനക്കാരിക്കാണ് ദാരുണായി കൊല്ലപ്പെട്ടത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതര പരുക്കേറ്റതായും കാലുകളും വാരിയെല്ലും ഒടിഞ്ഞതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ ഉദ്ദരിച്ച് പോലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്തു. ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
പീഡനത്തെ തുടര്‍ന്ന് മരിച്ച യുവതിയുടെ മൃതദേഹം ക്ഷേത്രത്തിലെ പൂജാരിയും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് വീട്ടിലെത്തിച്ചത്. എന്തെങ്കിലും അങ്ങോട്ട് ചോദിക്കുന്നതിന് മുമ്പ് അവര്‍ മടങ്ങിപ്പോകുകയായിരുന്നെന്നും കുടുംബം പറഞ്ഞു.

എന്താണ് പറ്റിയതെന്ന് ചോദിച്ചപ്പോള്‍, യുവതി കിണറ്റില്‍ വീണതാണെന്നും നിലവിളി കേട്ട് സഹായത്തിനായി തങ്ങള്‍ എത്തിയതാണെന്നുമാണ് പറഞ്ഞത്. തങ്ങള്‍ക്കൊപ്പം രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നെന്നും യുവതിയുടെ ബന്ധുക്കളെ ബന്ധപ്പെടാന്‍ നമ്പര്‍ ഒന്നും ലഭിച്ചില്ലെന്നും അറിയിച്ചു. ക്ഷേത്ര പുരോഹിതനെതിരെ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നും യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു. സംഭവം നടന്ന ഉടന്‍ തന്നെ പരാതി നല്‍കിയെങ്കിലും കേസില്‍ എഫ് ഐ ആര്‍ ഇടാന്‍ പൊലീസ് തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചു.