വൈറ്റില മേല്‍പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്ന സംഭവം: നാല് പേര്‍ അറസ്റ്റില്‍

Posted on: January 6, 2021 9:58 am | Last updated: January 6, 2021 at 9:58 am

കൊച്ചി | ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് കൊച്ചി വൈറ്റില മേല്‍പാലം തുറന്നുവിട്ട സംഭവത്തില്‍ നാല് വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇതില്‍ വി ഫോര്‍ കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാനും ഉള്‍പ്പെടും.

ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ആലപ്പുഴ ഭാഗത്തുനിന്നു വന്ന വാഹനങ്ങളെ ബാരിക്കേഡ് മാറ്റി പാലത്തിലൂടെ കടത്തിവിടുകയായിരുന്നു. എന്നാല്‍ മറുഭാഗത്തും ബാരിക്കേഡ് ഉണ്ടായിരുന്നതിനാല്‍ വാഹനങ്ങള്‍ക്ക് മറുഭാഗം കടക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വാഹനങ്ങള്‍ പാലത്തില്‍ നിന്ന് തിരിച്ചിറക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ അര്‍ധരാത്രി തന്നെ വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരുടെ വീട് വളഞ്ഞ പോലീസ് നേതാക്കള്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്കായി തിരിച്ചില്‍ നടക്കുന്നുണ്ട്.

ഈ മാസം ഒമ്പതിനാണ് പാലത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ഉദ്ഘാടനം ചെയ്യുക.