Kerala
എം എം ഹസനെ മാറ്റണം; ഹൈക്കമാന്‍ഡിന് കത്തുമായി എം പിമാരും എം എല്‍ എമാരും

ന്യൂഡല്‍ഹി | തദ്ദേശ തിരഞ്ഞെടുപ്പിലെ വലിയ തോല്‍വിക്ക് പിന്നാലെ യു ഡി എഫ് കണ്‍വീനര്‍ എം എം ഹസനെതിരെ കോണ്‍ഗ്രസില്‍ ശക്തമായ പടയൊരുക്കം. ഹസനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഏതാനും എം പിമാരും എം എല്‍ എമാരും ചില കോണ്‍ഗ്രസ് നേതാക്കളും ഹൈക്കമാന്‍ഡിന് പരാതി നല്‍കി. കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍, സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരെ സന്ദര്‍ശിച്ച് കത്ത് നല്‍കിയാണ് ഹസനെ മാറ്റാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പാര്‍ട്ടിയും യു ഡി എഫ് സംവിധാനവും രണ്ട് തട്ടിലാണെന്ന തരത്തിലാണ് ഹസന്‍ തിരഞ്ഞെടുപ്പ് സമയത്ത് പ്രസ്താവനകള്‍ നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. കെ പി സി സി നേതൃത്വത്തെ പലപ്പോഴും എം എം ഹസന്‍ എതിര്‍ത്തു. മാധ്യമങ്ങളെ കൂടെക്കൂട്ടി വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളെ കാണാന്‍ പോയത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ഹസന്‍ തുടര്‍ന്നാല്‍ യു ഡി എഫിന്റെ കെട്ടുറപ്പ് തകരും. നിയമസഭാ തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയാകും ഫലം.