Connect with us

Articles

അടിത്തട്ടുണരണം, വേരിറങ്ങണം

Published

|

Last Updated

ഇന്നലെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ നൂറ്റിമുപ്പത്തിയാറാമത് സ്ഥാപക ദിനമായിരുന്നു. ലോകത്തില്‍ തന്നെ ഏറ്റവും പ്രായമുള്ള രാഷ്ട്രീയ പാര്‍ട്ടികളിലൊന്നാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ കഴിഞ്ഞ 135 വര്‍ഷങ്ങള്‍ ആധുനിക ഇന്ത്യയുടെ ചരിത്രം കൂടിയാണ്. 1857ല്‍ കമ്പനി ഭരണം മാറി ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ നല്ലൊരു ശതമാനം പ്രദേശങ്ങളുടെയും ഭരണച്ചക്രം പിടിച്ചതോടെ ദേശീയ സ്വാതന്ത്ര്യ സമരത്തിനും കാതലായ മാറ്റങ്ങള്‍ വന്നു.
ഇംഗ്ലീഷുകാര്‍ക്കെതിരില്‍ 1757ലെ പ്ലാസി യുദ്ധം മുതല്‍ നൂറ് വര്‍ഷത്തോളം നീണ്ട സായുധ ചെറുത്തുനില്‍പ്പുകള്‍ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ദയനീയമായ വീഴ്ചയോടെ അവസാനിച്ച മട്ടായിരുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നവാബുമാരും രാജാക്കന്മാരും സുല്‍ത്താന്മാരും നടത്തിയ എതിര്‍പ്പുകളെല്ലാം ചതിയിലൂടെയും അവിഹിത സഖ്യങ്ങളിലൂടെയും ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പിന്തുണയുള്ള ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പരാജയപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാല്‍ ഒന്നാം സ്വാതന്ത്ര്യ സമരം ഡല്‍ഹിയിലെ സുല്‍ത്താനും അവസാന മുഗള്‍ ചക്രവര്‍ത്തിയുമായിരുന്ന ബഹദൂര്‍ഷാ സഫറിനെ കേന്ദ്ര നേതൃത്വമായി കണ്ടുകൊണ്ടുള്ള ഒരു സമരമായിരുന്നു. കമ്പനിക്കെതിരില്‍ തദ്ദേശീയരായ രാജാക്കന്മാരുടെയും പ്രഭുക്കളുടെയും നവാബുമാരുടെയും സഖ്യം രൂപം കൊണ്ടിരുന്നു. കമ്പനിയുടെ പട്ടാള റെജിമെന്റിലുണ്ടായിരുന്ന ഇന്ത്യക്കാരും സമരത്തിനൊപ്പം ചേര്‍ന്നു. എന്നാല്‍ സമരം അടിച്ചമര്‍ത്തപ്പെട്ടു. വെറും ശിപായി ലഹളയെന്ന് തരംതാഴ്ത്തി തദ്ദേശീയരുടെ സ്വാതന്ത്ര്യ സമരത്തെ ഇംഗ്ലീഷുകാര്‍ ചവിട്ടിമെതിച്ചു. മുഗള്‍ ചക്രവര്‍ത്തി നാടുകടത്തപ്പെട്ടു. പക്ഷേ, ഭാഷയും നാടും നടപ്പുരീതികളും മതവും വ്യത്യസ്തമാകുമ്പോഴും തദ്ദേശീയ ജനങ്ങള്‍ക്ക് ഐക്യപ്പെടാന്‍ കഴിയുമെന്ന ഒരു സന്ദേശം ഇതിനകം സ്ഥാപിക്കപ്പെട്ടിരുന്നു. വിദ്യാസമ്പന്നരായ, ബ്രിട്ടീഷ് ഭരണ സംവിധാനത്തിലോ കച്ചവട ക്രമത്തിലോ ഏതെങ്കിലും തരത്തില്‍ ഭാഗമായുള്ള ഇന്ത്യക്കാര്‍ക്ക് വേണ്ടി ചില കൂട്ടായ്മകളും നേരത്തേ രൂപം

കൊണ്ടുവരുന്നുണ്ടായിരുന്നു. തദ്ദേശീയര്‍ക്കിടയിലെ വരേണ്യ വിഭാഗം അങ്ങനെ പല തരത്തിലുള്ള കൂട്ടായ്മകള്‍ രൂപവത്കരിച്ചും സംഘം ചേര്‍ന്നും ശക്തിപ്പെട്ടുവന്നിരുന്നു. ബംഗാളായിരുന്നു പല കൂട്ടായ്മകളുടെയും കേന്ദ്രം.
ഇതേസമയം, ബംഗാളിലും ബോംബെയിലും മദ്രാസിലുമൊക്കെ പത്ര പ്രസിദ്ധീകരണങ്ങളും റേഡിയോ സംവിധാനങ്ങളും റെയില്‍ മാര്‍ഗങ്ങളും സിനിമയും വികസിച്ചു തുടങ്ങി. ഈ മാറ്റങ്ങളുടെ കൂട്ടത്തില്‍ ശ്രദ്ധേയമായ ഒരു സംഘടനാ രൂപവത്കരണം ബോംബെയിലെ ഒരു കോളജില്‍ വെച്ച് 1885 ഡിസംബര്‍ 28ന് നടന്നു. അലന്‍ ഒക്ടാവിയന്‍ ഹ്യൂം എന്ന റിട്ടയേര്‍ഡ് സിവില്‍ സെര്‍വെന്റിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ വിവിധ പ്രവിശ്യകളില്‍ നിന്നുള്ള 72 പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്ന സംഘടന രൂപവത്കരിക്കപ്പെട്ടു. അന്നത്തെ ഇന്ത്യയിലെ സാമാന്യ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നവരായിരുന്നില്ല ആ സംഘം. മറിച്ച്, അഭ്യസ്തവിദ്യരായ കൂടുതല്‍ ഇന്ത്യക്കാരെ ബ്രിട്ടീഷ് ഇന്ത്യാ സിവില്‍ സര്‍വീസിലേക്ക് നിയോഗിക്കണം, നികുതി കുറക്കണം, ഭൂവുടമകളുടെ ആശങ്കകള്‍ പരിഹരിക്കണം എന്നൊക്കെ ബ്രിട്ടീഷ് സര്‍ക്കാറിനെ അറിയിക്കാന്‍ വേണ്ടി ഒരു വരേണ്യ സമിതി. കൂട്ടത്തില്‍ കര്‍ഷകരുടെ ആവശ്യങ്ങളും പ്രവിശ്യകളിലെ പട്ടിണി മരണങ്ങളും സിവില്‍ സര്‍വീസിലെ വംശീയ വിവേചനങ്ങളും കോണ്‍ഗ്രസ് അവതരിപ്പിച്ചു. ബാനര്‍ജിയും നവറോജിയും ത്വയ്യിബ്ജിയും കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തെയും വ്യവഹാരങ്ങളെയും ക്രമേണ വിപുലപ്പെടുത്തുന്നുണ്ടായിരുന്നു. എങ്കിലും, 1905ലെ ബംഗാള്‍ വിഭജനം വരെ കോണ്‍ഗ്രസ് പൊതു ജനങ്ങളുടെ ഒരു സജീവ ഇടമായിരുന്നില്ല. എന്നാല്‍ ബംഗാള്‍ വിഭജനം കോണ്‍ഗ്രസിന്റെ ഭാവം മാറ്റിമറിച്ചു. സുരേന്ദ്രനാഥ് ബാനര്‍ജിയുടെ നേതൃത്വത്തില്‍ അത് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു. ബംഗാള്‍ പ്രവിശ്യയില്‍ കോണ്‍ഗ്രസ് ഹിന്ദു- മുസ്‌ലിം ഐക്യ റാലികള്‍ നടത്തി. “വന്ദേമാതരം” തെരുവുകളില്‍ ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യമായി മാറി.
ദേശീയ സ്വാതന്ത്ര്യ സമരം ഊര്‍ജിതപ്പെടുമ്പോള്‍ തന്നെ കോണ്‍ഗ്രസ് പിളര്‍ന്നു. വൈദേശികാധിപത്യത്തിനെതിരില്‍ പ്രസ്ഥാനത്തിന്റെ നിലപാട് കടുപ്പിക്കണമെന്ന് പറഞ്ഞവരും അല്ലാത്തവരും തമ്മിലുണ്ടായ ഭിന്നത ഏകദേശം പത്ത് വര്‍ഷത്തോളം നീണ്ടു. ഗോഖലെ, ജിന്ന തുടങ്ങിയ നേതാക്കളായിരുന്നു മൃദു സമീപനത്തിന്റെ വക്താക്കള്‍. ഹിന്ദു- മുസ്‌ലിം ഐക്യം, നിയമ പോരാട്ടങ്ങള്‍ തുടങ്ങിയവയായിരുന്നു ഇവരുടെ മാര്‍ഗം. എന്നാല്‍ തീവ്ര ചിന്താഗതിക്കാര്‍ മതകീയ ആഘോഷങ്ങളിലൂടെയും മറ്റും ദേശീയതാവാദം ശക്തിപ്പെടുത്താന്‍ ശ്രമിച്ചു. തിലകനും ചന്ദ്രപാലും ബോംബെയിലെ ഗണേശ പൂജയിലൂടെ ദേശീയ സമരത്തിലേക്ക് ആളെ സംഘടിപ്പിക്കാന്‍ വഴികള്‍ തേടി. കോണ്‍ഗ്രസിനെ പില്‍ക്കാലത്ത് ഗ്രസിച്ച ഹൈന്ദവ ദേശീയതയുടെ വേരുകള്‍ ഇവിടെയാകണം.
എന്നാല്‍, ഗാന്ധിയുടെ വരവോടെ കോണ്‍ഗ്രസ് ഒരു ജനകീയ പ്രസ്ഥാനമായി വളര്‍ന്നു. സുരേന്ദ്രനാഥ് ബാനര്‍ജിയുടെ സ്വദേശി പ്രസ്ഥാനം മഹാത്മാ ഗാന്ധിയുടെ സത്യഗ്രഹ സമരങ്ങളോടൊപ്പം ചേര്‍ന്നു വളര്‍ന്നു. പാര്‍ട്ടിയുടെ രീതികള്‍ സര്‍വോദയ മുന്നേറ്റമായി മാറി. നെഹ്റു കുടുംബം കോണ്‍ഗ്രസിന്റെ ഏറ്റവും നിര്‍ണായക നേതൃത്വമായി മാറി. മോത്തിലാല്‍ നെഹ്റു എന്ന സമ്പന്നനായ ദേശീയവാദി തന്റെ സമ്പാദ്യങ്ങളെല്ലാം പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് വകമാറ്റി. ജവഹര്‍ലാലും ആ വഴിക്ക് വളര്‍ന്നു. നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് മുന്നേറ്റവും നിയമലംഘന സമരങ്ങളും ക്വിറ്റ് ഇന്ത്യാ മുന്നേറ്റവും ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പിടിച്ചുകുലുക്കി. കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ ഇന്ത്യയുടെ പരിഛേദം പോലെ സര്‍വ വിഭാഗങ്ങളെയും ഒരുമിച്ചു നിര്‍ത്തി. എന്നാല്‍ ഹിന്ദു മഹാസഭയോടും മുസ്‌ലിം ലീഗിനോടും കോണ്‍ഗ്രസ് അകന്നു നിന്നു. ഇടക്ക് ലീഗും കോണ്‍ഗ്രസും ഒരേ വേദിയില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്ന സാഹചര്യം വരെയുണ്ടായിരുന്നെങ്കിലും 1930കളുടെ ഒടുവില്‍ കോണ്‍ഗ്രസും ലീഗും രണ്ട് ധ്രുവങ്ങളിലായി. 1920കളില്‍ ഹിന്ദു മഹാസഭയുടെ നേതാക്കളില്‍ ചിലര്‍ ഉയര്‍ത്തിയ മതാടിസ്ഥാനത്തിലുള്ള വിഭജനം 1940ല്‍ ലീഗും ഉയര്‍ത്തി. ഇതോടെ പൂര്‍ണ സ്വരാജ് എന്ന ദേശീയ പ്രസ്ഥാനത്തിന്റെ ആവശ്യം ത്രിശങ്കുവിലായി. വൈദേശികാധിപത്യം തീര്‍ന്നാലും മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം കീറിമുറിക്കപ്പെടുന്ന ദുരവസ്ഥയോര്‍ത്ത് കോണ്‍ഗ്രസിന്റെ പല നേതാക്കളും ആശങ്കാകുലരായിരുന്നു. മൗലാനാ ആസാദും മഹാത്മാ ഗാന്ധിയും വിഭജനം ഒഴിവാക്കാന്‍ കഴിവതും ശ്രമിച്ചു. പക്ഷേ, വിഭജനം സംഭവിച്ചു. ഇസ്‌ലാം മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്കു വേണ്ടി പാക്കിസ്ഥാന്‍ ഉണ്ടായപ്പോള്‍ ഇന്ത്യ മതാടിസ്ഥാനത്തില്‍ നിലകൊള്ളില്ലെന്ന് തീരുമാനിച്ചു. വിഭജനത്തിന്റെ വിഷയത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും ഇന്ത്യ മതനിരപേക്ഷമാകും എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടായില്ല.

സ്വാതന്ത്ര്യം ഇരുട്ട് നിറഞ്ഞ പകലിരവുകളാണ് സമ്മാനിച്ചത്. അതിര്‍ത്തികളില്‍ കലാപം കൊടികൊണ്ടു. ലോകം കണ്ട ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹമുണ്ടായി. ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക് ആകുന്നതിനും മുന്നേ മഹാത്മാ ഗാന്ധിയെ ഹിന്ദുത്വ ഭീകരര്‍ വധിച്ചു. പട്ടിണിക്കോലമായ ഒരിന്ത്യയെ നെഹ്റു പഞ്ചവത്സര പദ്ധതികളിലൂടെയും ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളിലൂടെയും സ്വതന്ത്ര ചിന്തകളിലൂടെയും കൈപിടിച്ചു കയറ്റി. ഒരു ഭാഗത്ത് അബുല്‍ കലാം ആസാദും മറ്റൊരു വശത്ത് സര്‍ദാര്‍ വല്ലഭ്്ഭായ് പട്ടേലും നെഹ്റുവിന് കരുത്തായി. രണ്ടാം ലോക മഹായുദ്ധാനന്തരം ഉണ്ടായ ലോക രാഷ്ട്രീയ ഭൂപടത്തില്‍ ചേരിചേരാ നയം രൂപവത്കരിച്ച് ഒരു പുതിയ രാഷ്ട്രീയ ദിശ കാണിക്കാനും ഇന്ത്യക്ക് സാധിച്ചു. തുടര്‍ന്ന് ലാല്‍ ബഹദൂര്‍ ശാസ്ത്രിയും ഇന്ദിരാ ഗാന്ധിയും ഇന്ത്യയുടെ ഭാഗധേയത്വം നിര്‍ണയിച്ചു. ഭക്ഷ്യ സുരക്ഷാ മേഖലയില്‍ വലിയ കുതിപ്പുണ്ടായി. ബേങ്കുകളുടെ ദേശസാത്കരണം നടന്നു. നവരത്‌ന കമ്പനികള്‍ വേരുറപ്പിച്ചു.
പക്ഷേ, കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായി. മൊറാര്‍ജി ദേശായിയും ഇന്ദിരാ ഗാന്ധിയും തെറ്റി. സംഘടനാ കോണ്‍ഗ്രസും ഇന്ദിരാ കോണ്‍ഗ്രസും. പക്ഷേ, യുദ്ധം ജയിച്ചും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും ഇന്ദിരാ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പൗരുഷ സമവാക്യങ്ങളെ തള്ളിയിട്ടു. അടിയന്തരാവസ്ഥക്കാലം കോണ്‍ഗ്രസിന് തേച്ചാലും മായ്ച്ചാലും പോകാത്ത കളങ്കം കൊടുത്തു. ഇന്ദിര തോറ്റ് വീട്ടിലിരുന്നു. ആദ്യത്തെ കോണ്‍ഗ്രസിതര സര്‍ക്കാറിനെ മൊറാര്‍ജി നയിച്ചു. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ദിരാ ഗാന്ധി മടങ്ങി വന്നു. ഇന്ത്യയെന്നാല്‍ ഇന്ദിരയാണെന്ന് വീണ്ടും കോണ്‍ഗ്രസുകാര്‍ പറഞ്ഞു നടന്നു. തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും അധികാരം പോയിട്ടും വീണ്ടും ശക്തമായി പാര്‍ട്ടിയെ മടക്കിക്കൊണ്ടുവരാന്‍ ഇന്ദിരാ ഗാന്ധിക്ക് കഴിഞ്ഞതെങ്ങനെയെന്ന് ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പഠിക്കുന്നത് പാര്‍ട്ടിക്ക് ഇപ്പോഴുള്ള ദുരവസ്ഥയില്‍ ഉപകാരം ചെയ്യും.

ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതോടെ രാജീവിന്റെ ഊഴമായി. ഇന്ദിരാ വധത്തെ തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപം ഇന്ത്യയുടെ ചരിത്രത്തില്‍ ഇരുള്‍ മൂടിയ ഒരധ്യായമായി മാറി. പക്ഷേ, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നാനൂറിലധികം സീറ്റ് കിട്ടി. അതായിരുന്നു വളര്‍ച്ചയുടെ ഉന്നതി. പിന്നീട് പാര്‍ട്ടിയുടെ തകര്‍ച്ച തുടങ്ങിയെന്ന് വേണമെങ്കില്‍ പറയാം. അതിനിടക്ക് ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ രാജീവ് ഗാന്ധി പുരോഗമനാത്മക പരിഷ്‌കാരങ്ങള്‍ നടത്തി. പക്ഷേ, ബോഫേഴ്‌സ് അഴിമതി കളങ്കമിറക്കി. ശരീഅത്ത് വിവാദത്തില്‍ സംഘ്പരിവാരവും ഇടതുപക്ഷവും ഒരു ഭാഗത്ത് നിലയുറപ്പിച്ചപ്പോഴും കോണ്‍ഗ്രസ് മുസ്‌ലിം വികാരം ഉള്‍ക്കൊണ്ടു. തുടര്‍ന്നുവന്ന വി പി സിംഗ് മന്ത്രിസഭയും മണ്ഡല്‍ കമ്മീഷനും രാമജന്മ ഭൂമി വിവാദങ്ങളും കോണ്‍ഗ്രസിനെ കുഴക്കി. ശരീഅത്ത് വിവാദ കാലത്തെ കോണ്‍ഗ്രസ് നയം മുസ്‌ലിം പ്രീണനമാണെന്ന വാദം വിജയിപ്പിച്ചെടുക്കുന്നതില്‍ ഹിന്ദുത്വ കക്ഷികള്‍ വിജയിച്ചു. ഇതോടെ ഗാന്ധിയെ വിട്ട് തിലകനെ ചുമക്കേണ്ട സ്ഥിതിയായി രാജീവിന്. അരുണ്‍ നെഹ്‌റുവിന്റെ ഉപദേശങ്ങളും രാജീവിനെ കൂടുതല്‍ കുഴപ്പത്തിലേക്ക് നയിച്ചു. പാര്‍ട്ടിയും പെട്ടു. കൂടെ ഏറ്റവും സങ്കീര്‍ണവും അപകടകരവുമായ ഒരു രാഷ്ട്രീയ സാഹചര്യത്തിലേക്ക് ഇന്ത്യ വഴുതി വീണു. രാജീവ് ഗാന്ധിയെ തമിഴ് പുലികള്‍ വധിച്ചതോടെ കോണ്‍ഗ്രസില്‍ നേതൃത്വത്തിനും ക്ഷാമമുണ്ടായി. ബാബരി മസ്ജിദിന്റെ തകര്‍ച്ചയും തുടര്‍ന്നുള്ള കലാപങ്ങളും കോണ്‍ഗ്രസില്‍ നിന്ന് മുസ്‌ലിംകള്‍ അകന്നു തുടങ്ങാന്‍ കാരണമായി.
പിന്നീട് കൗശലക്കാരനും മികച്ച സംഘാടകനുമായ വാജ്്പെയിയുടെ നേതൃത്വത്തില്‍ ബി ജെ പി അധികാരം പിടിച്ചു. 2004 വരെയുള്ള എന്‍ ഡി എ ഭരണത്തോടെ കോണ്‍ഗ്രസ് മുന്നണി രാഷ്ട്രീയത്തിലേക്ക് താത്പര്യപൂര്‍വം മുന്നിട്ടിറങ്ങി. നയിക്കാന്‍ നിശ്ചയദാര്‍ഢ്യവും സംഘാടന മികവും നെഹ്റു കുടുംബത്തിന്റെ വിലാസവുമുള്ള സോണിയാ ഗാന്ധി ഉണ്ടായി. പ്രതിപക്ഷ കക്ഷികള്‍ യു പി എ മുന്നണിയില്‍ അണിനിരന്നു. ഗംഭീര വിജയവും കരസ്ഥമാക്കി. സോണിയ പ്രധാനമന്ത്രി പദം നിരസിച്ചു. ഡോ. മന്‍മോഹന്‍ സിംഗ് എന്ന മിടുക്കനായ സാമ്പത്തിക വിദഗ്ധനെ ഭരിക്കാനയച്ചു. ഇന്ത്യാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്ഷേമ പദ്ധതികള്‍ അവതരിപ്പിക്കപ്പെട്ട പത്ത് വര്‍ഷം. തൊഴിലുറപ്പു പദ്ധതിയും വിദ്യാഭ്യാസ അവകാശ നിയമവും വിവരാവകാശ നിയമവും തുടങ്ങി ഇപ്പോള്‍ മോദി സര്‍ക്കാര്‍ പേര് മാറ്റിയതും അല്ലാത്തതുമായ അനേകം പദ്ധതികള്‍. പക്ഷേ, മുഴച്ചു നിന്നത് അഴിമതിയാരോപണങ്ങള്‍ മാത്രമായിരുന്നു. 2012ന് ശേഷം ദേശീയ രാഷ്ട്രീയം അസാധാരണമാം വിധം ഉലഞ്ഞുകൊണ്ടിരുന്നു. സിവില്‍ സമൂഹങ്ങളുടെ പേരില്‍ ബി ജെ പി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അഴിച്ചുവിട്ടു. വലിയ ഉദ്യോഗസ്ഥരും ഉപദേഷ്ടാക്കളും വരെ വിലക്ക് വാങ്ങപ്പെട്ടു. മാധ്യമങ്ങള്‍ ബി ജെ പിക്ക് വേണ്ടി പ്രചാരണ ദൗത്യമേറ്റെടുത്തു. വാര്‍ത്തകളിലും മറ്റും ദൃശ്യതയും ഇടവും ജനാധിപത്യ വിരുദ്ധമായി ബി ജെ പിക്ക് നീക്കിവെക്കപ്പെട്ടു. ഇതൊന്നും തടയാനോ പ്രതിരോധിക്കാനോ കഴിയാത്ത വിധം കോണ്‍ഗ്രസ് ദുര്‍ബലമായിപ്പോയിരുന്നു. പക്ഷേ, 2014ലെ തിരഞ്ഞെടുപ്പ് പരാജയത്തോടെയാണ് കോണ്‍ഗ്രസ് അതാദ്യം മനസ്സിലാക്കിയത്.

എന്നിട്ടും പരിഹാരക്രിയകള്‍ ചെയ്യാന്‍ വൈകി. ആ സമയം കൊണ്ട് പാര്‍ട്ടിയുടെ അടിത്തട്ടില്‍ അനിശ്ചിതത്വങ്ങളുണ്ടായി. ജനാധിപത്യവും മതനിരപേക്ഷതയും തീവ്ര ഹിന്ദുത്വ പ്രചാരണങ്ങള്‍ക്ക് മുന്നില്‍ നിറം മങ്ങി. ബി ജെ പിക്ക് ബദലാകാനായി കോണ്‍ഗ്രസിന്റെ തിടുക്കം. അവിടെയാണ് പാര്‍ട്ടിക്ക് ശരിക്കും ചുവട് പിഴച്ചത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വ്യവഹാരങ്ങള്‍ ബി ജെ പിക്ക് പകരമാകുക എന്നതിന് ഒപ്പിച്ചായി. അല്ലാതെ, ഇന്ത്യയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ഒരു രാഷ്ട്രീയ വ്യവഹാരം കോണ്‍ഗ്രസ് എടുത്തുയര്‍ത്താന്‍ വൈകിപ്പോയി. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുക്കാന്‍ മൃദുഹിന്ദുത്വത്തിനാകുമെന്ന് കോണ്‍ഗ്രസ് തെറ്റിദ്ധരിച്ചു. ഓരോ തവണയും പരാജയപ്പെട്ടു. ഒടുവില്‍ ഭാരതത്തിന്റെ മഹത്തായ മൂല്യങ്ങളിലേക്ക് മടങ്ങിയപ്പോഴാകട്ടെ ജനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ വിശ്വാസം കുറഞ്ഞുവന്നു.

എന്നാല്‍ അപ്പോഴൊക്കെയും രാഹുല്‍ ഗാന്ധി എന്ന സത്യസന്ധനായ നേതാവില്‍ ജനങ്ങള്‍ പ്രതീക്ഷ വെച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്ര സത്യസന്ധത എന്തിനാണെന്ന് ആളുകള്‍ സ്‌നേഹത്തോടെ പരിഭവം പറയുന്നു. പക്ഷേ, രാഹുല്‍ ഗാന്ധിയെ ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടിയിലെ തന്നെ താപ്പാനകള്‍ക്ക് പലപ്പോഴും കഴിയാതെ പോയി. 2019ലും അവര്‍ അയാളെ തോല്‍പ്പിച്ചു. അധികാരത്തോടുള്ള ആര്‍ത്തിക്കിടയിലും പാര്‍ട്ടിയുടെ അടിത്തട്ടിനെ പറ്റി ഈ നേതാക്കളാരും ചിന്തിച്ചില്ല. വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം കൊണ്ട് കാര്യമില്ലെന്ന് രാഹുല്‍ കഴിഞ്ഞ ദിവസവും പാര്‍ട്ടിയെ ഓര്‍മിപ്പിച്ചു. കൊട്ടാരം പണ്ഡിതന്മാരെയല്ല, തെരുവുകളിലിറങ്ങുന്ന നേതാക്കളെയാണ് ആവശ്യമെന്നാണ് രാഹുല്‍ അവരോട് പറയുന്നതിന്റെ പൊരുള്‍. മുസ്‌ലിംകളിലും ഹിന്ദുക്കളിലും ദളിത്, ആദിവാസി പിന്നാക്ക വിഭാഗങ്ങളിലും മറ്റു മത സാമൂഹിക വിഭാഗങ്ങളിലും കോണ്‍ഗ്രസ് വീണ്ടും വിശ്വാസമുറപ്പിക്കണം.

ഇപ്പോള്‍ വേണ്ടത് അടിയന്തരമായ നേതൃമാറ്റം തന്നെയാണ്. അടുത്ത മാസം നടക്കേണ്ടിയിരുന്ന സംഘടനാ തിരഞ്ഞെടുപ്പ് ഇനിയും നീളുമെന്നാണ് അറിയുന്നത്. അതായത് പാര്‍ട്ടിക്ക് 136 വര്‍ഷത്തിന്റെ പക്വത ഉണ്ടായെന്ന് വരാം, എന്നാല്‍ അതുപോലെ അത്രയും വയസ്സായതിന്റെ മടിയും കൂടെയുണ്ട്. സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റ് വരണമെന്ന് ഈയടുത്തായി പാര്‍ട്ടിയില്‍ ഉയര്‍ന്നുകേട്ട വിമത ശബ്ദങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സമവായത്തിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്തി കാര്യങ്ങള്‍ എളുപ്പത്തിലാക്കാനാണ് അപ്പോഴും മറ്റൊരു ശ്രമം. മാറ്റം പേരിന് മാത്രം മതിയാകില്ല. മാറ്റമുണ്ടായെന്ന് അടിമുടി അനുഭവവേദ്യമാകണം. അങ്ങനെയൊരു മാറ്റം കൊണ്ടുവന്നാലേ അടിത്തട്ടില്‍ പാര്‍ട്ടിക്ക് ഇനിയും വേരോടിക്കാനുള്ള ഊര്‍ജം തരപ്പെടൂ. ജനാധിപത്യ മതനിരപേക്ഷ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ പുരോഗമനപരമായ ഉയര്‍ന്ന ചിന്തയുള്ള രാഹുല്‍ ഗാന്ധി തന്നെയായിരിക്കും പാര്‍ട്ടി തലപ്പത്തേക്ക് ഉചിതം. അപ്പോഴും പ്രവര്‍ത്തന ശൈലിയില്‍ ഉടച്ചുവാര്‍ക്കല്‍ അനിവാര്യമാണ്. രാഹുല്‍ വരുമ്പോള്‍ പാര്‍ട്ടിക്കും അദ്ദേഹത്തിനും സ്ഥിരതയുണ്ടാകുമെന്ന് ഉറപ്പിക്കാൻ ഉതകുന്ന മാറ്റങ്ങളാണ് വേണ്ടത്. അങ്ങനെയൊരു ദൗത്യം കൂടി ഇടക്കാല അധ്യക്ഷ എന്ന നിലക്ക് പാര്‍ട്ടിയുടെ എക്കാലത്തെയും മികച്ച നേതൃത്വങ്ങളില്‍ ഒന്നായ സോണിയാ ഗാന്ധിക്ക് ഉണ്ട്.

എന്‍ എസ് അബ്ദുല്‍ഹമീദ്‌

Latest